ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിലെത്തി. അടുത്ത ദിവസംമുതൽ നാം കണ്ടിട്ടുള്ള മഹാദേവപ്രാകാരത്തിലെ രാജസങ്കേതം ഒരു രാജകീയാതുരശാലയായി. നഗരാഘോഷങ്ങൾ, കാഹളമേളിപ്പുകൾ തുടങ്ങിയുള്ള ഉപദ്രവകരചലനങ്ങളും മർദ്ദനങ്ങളും എന്നല്ല ശബ്ദോച്ചാരണങ്ങളും പ്രതിബന്ധിക്കപ്പെട്ടു. സിംഹത്തിന്റെ ശരീരഘടനയാലും പരിപൂർണ്ണാരോഗ്യശക്തിയാലും അനുഗ്രഹിക്കപ്പെട്ടുള്ള സുൽത്താന്റെ മുറിവ് ചികിത്സാപ്രയോഗങ്ങൾക്കു ശീഘ്രതരം വശപ്പെട്ടു. വൈദ്യകല്പിതമായ സ്വസ്ഥശയനത്തിൽനിന്ന് അദ്ദേഹം എഴുന്നേറ്റു മന്ത്രസഭയെ പ്രകാശിപ്പിച്ചുതുടങ്ങി. നെടുങ്കോട്ടമർദ്ദനത്തിനുള്ള സേനാപ്രസ്ഥാനവും ഇതിനിടയിലുള്ള ദോഷസംരംഭങ്ങൾക്കിടയിൽ കഴിഞ്ഞു. അജിതസിംഹപ്രഭൃതികൾ ആ പ്രാകാരത്തിലെ ഓരോ ഖണ്ഡത്തിന്റെ നിരോധനത്തിനു നിയുക്തന്മാരായി പീരങ്കികൾ, അശ്വങ്ങൾ, ഒട്ടകങ്ങൾ എന്നീ ഖണ്ഡങ്ങളിലെ ഭൂരിഭാഗവും തിരുവിതാംകൂറിന്റെ ഉത്തരപരിധിയിലെ ഗൃഹങ്ങളിലും ശാഡ്വലങ്ങളിലും അഷ്ടിഗ്രാസാശനം തുടങ്ങി. പ്രധാന സേനാസങ്കേതമായുള്ള മഹാദേവാരാമം അമരാവതീപരിസരമായ നന്ദനത്തിനു തുല്യം ഒരു പ്രശാന്തവാടിയായിത്തീർന്നു.

ഒരു അസ്തമയസന്ധ്യാകാലത്ത് സാവിത്രി മഹാദേവക്ഷേത്രത്തിന്റെ പ്രാകാരത്തിനു ബഹിസ്തടത്തിൽ പ്രദക്ഷിണംവയ്പാൻ പുറപ്പെട്ടു. ആ ഉന്നതഭൂമിയിലെ മൃദുവാതവും പ്രകൃതിയുടെ മഹദ്വിഭവവും അവളുടെ ഹൃദയത്തെ ഭഗവന്മഹിമയെക്കുറിച്ചുള്ള ഉത്കൃഷ്ടചിന്തകളിൽ ലയിപ്പിച്ചു. ഈ ധ്യാനത്തോടെ സഞ്ചരിക്കുന്നതിനിടയിൽ ഒരു ഭാസ്വൽകരം സ്വഹസ്തഗ്രഹനത്തെ വാഞ്‌ഛിച്ച് മാർഗ്ഗനിരോധനത്തിന് ഉദ്യുക്തമാകുന്നതു കണ്ടു. കനകപ്രകാശത്തെ പ്രസരിപ്പിച്ച ഒരു യുവകളേബരം ജാനുക്കളിന്മേൽ നമസ്കരിച്ച് ഇതരഹസ്തത്തെ നെഞ്ചോടുചേർത്തുകൊണ്ടു നർത്തകധാടിയോടെ പ്രണയവൈവശ്യത്തെ അഭിനയിച്ചു. കീചകൻ സൈരന്ധ്രിയോടെന്നപോലെ തന്റെ അഭിലാഷസിദ്ധിയെയും പ്രാർത്ഥിച്ചു. സൗന്ദര്യവൈശിഷ്ട്യത്താൽ ഹതവിവേകനായിത്തീർന്നിട്ടുള്ള ഫ്ട്ടിഹൈദരുടെ ഗോഷ്ടി കണ്ട് സാവിത്രി, ഹരിണചേഷ്ടയോടല്ല, ഹരികിശോരികയുടെ സമുജ്ജ്വലരൗദ്രതയോടെ നിലകൊണ്ടു. "അച്ഛന്റെ പ്രതിജ്ഞയെ രക്ഷിക്കാത്ത പുത്രൻ ആരാൽ ശപിക്കപ്പെടുമെന്ന് രാജകുമാരൻ അറിയുന്നോ?" എന്നുള്ള ചോദ്യത്തിനു "ഭവതിയുടെ ഭാര്യാസ്ഥാനസ്വീകാരത്താൽ അനുഗൃഹീതനാവാനത്രേ ഈ വിനീതൻ പ്രാർത്ഥിക്കുന്നത്" എന്നു രാജകുമാരൻ മറുപടി പറഞ്ഞു.

സാവിത്രി: "അച്ഛന്റെ തിരുമുമ്പിൽ ഇക്ഷണം ഈ അക്രമത്തെ ഞാൻ ധരിപ്പിക്കും."

ഫ്ട്ടിഹൈദർ: "കന്യകാദാനാർത്ഥിയായി ഞാൻ അച്ഛന്റെ പാദങ്ങളിൽ നമിക്കും. മൈസൂർരാജ്യത്തിനു ഭാവിയിൽ ഒരു പട്ടമഹിഷി വേണ്ടെന്ന് അച്ഛൻ വിധിക്കുന്നു എങ്കിൽ ഞാൻ ഫക്കീർ ആയിക്കൊള്ളാം."

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/387&oldid=168246" എന്ന താളിൽനിന്ന് ശേഖരിച്ചത്