ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അദ്ധ്യായം മുപ്പത്തിമൂന്ന്

"നിവൃത്തനായാശു പുറപ്പെടുവാനായ്
സുവൃത്തവാൻ കല്പിച്ചിതു മുഹൂർത്തവും"


ഭുജപ്രതാപവാനായ ടിപ്പുവിന്റെ ജാനുക്ഷതം, പ്രതിഷ്ഠാശാസ്ത്രം അനുസരിച്ചുള്ള 'സാന്നിദ്ധ്യലോപത്വം' അദ്ദേഹത്തിനു സംഭവിപ്പിച്ചില്ല. പ്രത്യുത, ആ ശക്തിയുടെ നാരസിംഹത്വത്തെ പ്രതികാരാനുവർത്തനത്തിനു തീക്ഷ്ണതരമാക്കി. അഴിക്കോട്ടയിലെ വിജയസംഭവം തിരുവിതാംകൂറിലെ നാനാഖണ്ഡവാസികളെക്കൊണ്ടും മഹാരാജാവിന്റെ ഷഷ്ടിപൂർത്തിമഹത്തെ അതിശയിച്ചുള്ള ഉത്സവാഡംബരങ്ങൾകൊണ്ടാടിപ്പിച്ചു. ക്ഷേത്രങ്ങളും രാജ്യകാര്യാലയങ്ങളും സമരത്തോടു ശ്രോത്രബന്ധം മാത്രമുള്ള ഭാഗ്യവാന്മാരെയും ദീർഘബാഹുക്കളായ നിർല്ലജ്ജന്മാരെയും അന്നവസ്ത്രധനദാനംകൊണ്ടു പരിതുഷ്ടരാക്കി. വായുഭഗവാൻതന്നെ സംഗീതത്തിന്റെ നാദവാഹിയായി പ്രവർത്തിക്കുന്നതുപോലെ ജനതാശിരസ്സുകൾ 'അഹഹ'ഭാവത്തെ സപ്രസന്നം കൈക്കൊണ്ടു.

മാസം രണ്ടു കഴിഞ്ഞു. സന്തോഷങ്ങൾ ആകാശവിസ്തൃതിയിൽ അന്തർദ്ധാനം ചെയ്തു. പംഗുപാദനായ സുൽത്താൻതന്നെ തൃക്കയ്യാൽ മൺവെട്ടി ചാർത്തി, അയ്യപ്പൻമാർത്താണ്ഡപ്പിള്ളദളവയാൽ നിർമ്മിക്കപ്പെട്ട നെടുങ്കോട്ടയുടെ ധ്വംസനം ആരംഭിച്ചു. രാജ്യജീവിതത്തിലും വിധികല്പിതമായുള്ള നിമ്നോന്നതഭേദങ്ങൾ ഉണ്ടെന്നറിഞ്ഞ തിരുവിതാംകൂർഭരണക്കാരും ഭരണീയജനങ്ങളും ആലംബകേന്ദ്രം ഗിരിതടങ്ങൾതന്നെ എന്നു ചിന്തിച്ചുതുടങ്ങി. മാസം ഒന്നുരണ്ടു കഴിഞ്ഞപ്പോൾ, കോട്ട തകർന്ന് ടിപ്പുവിന്റെ വ്യാഘ്രനിര ആലങ്ങാട്, പറവൂർ എന്നീ സ്ഥലങ്ങളിൽ വ്യാപരിച്ചു. അവിടങ്ങളിലെ ക്ഷേത്രങ്ങളും ഗൃഹങ്ങളും ഗോശാലകളും ടിപ്പുവിന്റെ കോപാഗ്നിക്കും സൈന്യത്തിന്റെ ഉദരാഗ്നിക്കും അക്ഷൗഹിണീനിചയങ്ങളിലെ ചൗര്യവിദഗ്ദ്ധന്മാരുടെ ധനാഗ്രഹാഗ്നിക്കും ഭക്ഷ്യങ്ങളായി. കൊട്ടാരംമുതൽ പുലമാടംവരെയുള്ള വസതികളിൽ ഭയതിമിരം വ്യാപരിച്ചു. രാജ്യം സ്തബ്ധശബ്ദമായി; സഹോദരസഹോദരിമാർ, ഭാഗിനേയ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/390&oldid=168250" എന്ന താളിൽനിന്ന് ശേഖരിച്ചത്