ത്തിലെ യുവമദക്കാർ തമ്മിൽ വിഹാരമത്സരത്തിൽ ഇടഞ്ഞ്, ഒരു ചെറുകൊമ്പൻ ജലഗർഭത്തിൽ പതിച്ചു താണുപോകുമ്പോൾ സംഘത്തിൽനിന്നുണ്ടാകുന്ന ഭയങ്കരക്രന്ദങ്ങളും കണ്ട് ആ വനതലത്തിലും ഗൃഹപ്രാരബ്ധങ്ങൾ അനുവർത്തിതമാകുന്നു എന്നു കാര്യക്കാർ പുഞ്ചിരികൊള്ളുന്നു. ഇങ്ങനെയുള്ള ദുസ്സംഭവംകൂടാതെ പല ഗജകൂടുംബങ്ങളും പ്രാന്തങ്ങളിലെ പല ഭാഗങ്ങളിലും കാണ്മാനുണ്ട്. വ്യാഘ്രങ്ങളുടെ ചർമ്മകനകതയും ചെമ്പുലികരിമ്പുലികളുടെ ആകാരഭീഷണതകളും സരസ്തീരാടവിയിലെ പല ഭാഗങ്ങളിലും വർണ്ണവിപര്യയങ്ങളാൽ സ്ഫുടദർശിതങ്ങളാകുന്നു. മലഞ്ചരിവുകളിലെ തൃണാസ്തരിതപ്രദേശങ്ങളിൽ മാൻകൂട്ടങ്ങൾ കളിയാടുന്നതും ആ ഭൂഭൂഷാപ്രദർശനത്തെ രമണീയതരമാക്കുന്നു. ചെമ്പരുത്തിപ്രഭയെ പ്രദ്യോതിപ്പിക്കുന്ന മകുടങ്ങളോടുകൂടിയ പെരുമ്പാമ്പുകൾ മൃതതരുശിഷ്ടങ്ങളെ വലയംചെയ്ത് ആഹാരഗ്രസനാർത്ഥം അഫണശിരസ്സുകളെ നീട്ടി ചലിപ്പിക്കുന്ന ഭീഷണതയും, ലോകസഹജമായുള്ള സുഖാസുഖസമ്മിശ്രതയെ ആ വിജനസങ്കേതത്തിലും ദൃശ്യമാക്കുന്നു. കിഷ്കിന്ധാവാസികളുടെ ആകാരപരിമിതിയെ വഹിക്കുന്ന മുഖവാനരന്മാർ, മനുഷ്യപ്രവേശത്തെ സന്ദർശിച്ചു പല്ലുകൾ കിറിച്ചും പലതും ചിലച്ചും അപഹാസചേഷ്ടയായി ശിരസ്സുകളെ വെട്ടിത്തിരിച്ചും മരക്കൊമ്പുകൾ കുലുക്കി ഒരു തരുവിൽനിന്നു മറ്റൊന്നിലേക്ക് എന്നിങ്ങനെ അനുക്രമം ചാടി ദൂരത്തു വാങ്ങിക്കളയുന്നു. സരസ്സിൽ വീണു വായുവേഗത്താൽ നാനാഭാഗത്തോട്ടും സഞ്ചരിക്കുന്ന വിവിധ വർണ്ണകുസുമങ്ങൾക്കിടയിൽ, ജലസർപ്പങ്ങളുടെ ശിരസ്സുകളും ശൂലമുനകൾ എന്നപോലെ ജലഭേദനം ചെയ്തു ചാണ്ടിപ്പോകുന്നതും പ്രകൃതിവൈരുദ്ധ്യങ്ങളുടെ സഹവർത്തനത്തെ ദൃഷ്ടാന്തീകരിക്കുന്നു.
ഈ ഗിരിവനസംയോഗത്തിലുള്ള പ്രകൃതിവിലാസശ്രേണി കണ്ടു കാര്യക്കാർ വിസ്മയഭരിതനായി. ധൃതവല്ക്കലനായി, നിസ്സംഗനായി, വിമുക്തപ്രാരബ്ധനായി അവിടത്തെ പ്രശാന്താനന്ദനത്തിൽ സന്ന്യാസാശ്രമത്തെ അവലംബിക്കുകയോ എന്ന് അദ്ദേഹം ചിന്തിച്ചു. എന്നാൽ താൻ കൊണ്ടുപോന്നിട്ടുള്ള ഒരു താളിയോലച്ചെറുഗ്രന്ഥത്തെയും ആ ദുർഘടയാത്രയ്ക്കു തന്നെ പ്രേരിപ്പിച്ച ഉദ്ദേശ്യത്തെയും പ്രത്യേകിച്ചു സ്മരിച്ചപ്പോൾ ലോകവ്യാപാരകനായി മുക്തി സമ്പാദിപ്പാൻതന്നെ അദ്ദേഹം തീർച്ചയാക്കി. സരസ്സിന്റെ പശ്ചിമതടംവഴിയേ പ്രദക്ഷിണമാരംഭിച്ച് ഒരു സുഖകേന്ദ്രത്തിൽ എത്തി ചില ഔഷധതരുക്കൾ കണ്ട് അതിന്റെ പത്രഫലങ്ങളെ സംഭരിച്ചർ അശനകർമ്മം നിർവ്വഹിച്ചു. പിന്നെയും ഒട്ടുദൂരം ചെന്നപ്പോൾ, ഗുരുപാദരാൽ വർണ്ണിതമായുള്ള ഗിരിവക്ത്രം ദൃശ്യമായി. ആ സരസ്തടത്തെ വലയംചെയ്യുന്ന ഗിരിനിരകൾ ഭിന്നിച്ചുള്ള ഒരു മലയിടുക്കും അവിടെനിന്നു കീഴ്പോട്ടേക്ക് ഒരു വൻചരിവും കണ്ടു തന്റെ വനതലപ്രയാണം സഫലമാകുമെന്നു കാര്യക്കാർ സന്തോഷിച്ചു. ആ ഭാഗം സരഃപ്രാന്തം അവിശാലമായുള്ള ഒരു സേതുവാൽ രക്ഷിക്കപ്പെട്ടി