ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രുന്നു. തന്റെ ഭാണ്ഡക്കെട്ടുകൾ ഇറക്കി ദണ്ഡത്തിന്മേൽ തൂമ്പായുറപ്പിച്ചുകൊണ്ടു, സേതുവിന്റെ ബഹിർഭാഗത്ത് ഒരു കൂപനിർമ്മാണത്തിനു വട്ടം കൂട്ടി. ഖഡ്ഗമുനയാൽ സ്വാംഗുലത്തെ ഛേദിച്ച് അതിൽനിന്നു പ്രസ്രവിച്ച രക്തകണങ്ങളെക്കൊണ്ടു വാരുണീസമാരാധനം ചെയ്തിട്ട് അദ്ദേഹം തന്റെ ഇരുമ്പുമുസലത്തെ ചിറയിൽ ഊന്നി ക്ഷണനേരം ധ്യാനത്തോടും മന്ത്രജപത്തോടും നിന്നു.

അനന്തരം കൂപനിർമ്മാണകർമ്മത്തിന് അദ്ദേഹം ഗാഢോത്സാഹത്തോടെ ഉദ്യുക്തനായി കീഴ്പോട്ടു പത്തായിരം അടിയോളം താണുള്ള ചരിവിന്റെ മൂർദ്ധാവോടടുത്തായിരുന്നതിനാൽ, ആ കർമ്മം അപ്രയാസസാദ്ധ്യമായിരുന്നു. എങ്കിലും രണ്ടുമൂന്നു ദിവസം കഴിഞ്ഞിട്ടേ ജലം അല്പാല്പം വാർന്നുതുടങ്ങിയുള്ളു. പിന്നെയും ഒന്നുരണ്ടു ദിവസത്തെ ഭഗീരഥയത്നംകൊണ്ട് ഏകദേശം രണ്ടടി വീതിയിൽ കൂപം മുതൽ സരസ്സോടു സംഘടിക്കുന്നതായ ഒരു ശിലാബിംബംവരേക്കുള്ള ഒരു കുല്യാനിർമ്മാണം സാധിച്ചു. മുകളിലത്തെ മണ്ണുനീങ്ങി ശിലാപ്രതിബന്ധമുണെന്നു കാണുകയും അതിന്റെ പരിമിതി എത്രത്തോളം ഉണ്ടെന്നറിവാൻ കഴിവില്ലാതാവുകയും ചെയ്തപ്പോൾ, കാര്യക്കരുടെ വീരഹൃദയം ഒന്നു മൃദുപല്ലവതുല്യം ചലിച്ചു; തന്റെ കൈക്കലുള്ള താളിയോലഗ്രന്ഥത്തെ ഒന്നുകൂടി പരിശോധിച്ചു. വിദ്വന്നേത്രങ്ങൾക്കു ദൃശ്യമായ ഭഗവന്മതം സംഭവ്യമത്രേ എന്നു നിശ്ചയിച്ച് അന്നത്തെ നിദ്രയും ഒരു വൃക്ഷശിരസ്സിൽ സാധിച്ചു.

അടുത്ത സൂര്യോദയത്തിൽ ആ ലോഹശരീരൻ തടാകജലത്താൽ മുഖഹസ്തപാദങ്ങളെ പ്രക്ഷാളനം ചെയ്തു. ഉടുത്തിരുന്നതായ വസ്ത്രത്തെ ചല്ലടം ആക്കി ധരിച്ച്, താൻ കൊണ്ടുപോന്നിരുന്ന കരിമ്പടത്തെ കീറി പാശമാക്കി അരയിൽ ദൃഢബന്ധനം ചെയ്തുകൊണ്ടൻ ലോഹമുസലവും ഏന്തി, കുല്യാഗർത്തത്തിലോട്ടു ചാടി. ഉദയഭാസ്കരൻ സരസ്സിന്റെ മറുകരയിലുള്ള ഗിരിയുടെ മൂർദ്ധാവിൽ പ്രകാശിച്ചപ്പോൾ കാര്യക്കാർ ഏകദേശം രണ്ടു നാഴികയോളം ബദ്ധാഞ്ജലിയായി, ബദ്ധപഞ്ചേന്ദ്രിയനായി, ധ്യാനനിഷ്ഠനായി നിലകൊണ്ടു. അരക്കച്ചയിൽ തിരുകിയിരുന്ന തന്റെ ജാതകത്തിലെ അവസാനഭാഗത്തെ നോക്കിയിട്ടു ഭാസ്കരബിംബത്തെ കണ്ണഞ്ചാതെ വീക്ഷിച്ച് "അല്ലയോ ഭഗവൻ, ശ്രീസൂര്യാദിസർവഗ്രഹേഭ്യോ നമഃ" എന്നു തുടങ്ങി ഒരു പ്രബുദ്ധൻ എഴുതീട്ടുള്ള ഗ്രന്ഥത്തെ ഇവൻ മിഥ്യാകഥനമാക്കുന്നില്ല. എനിക്കായിട്ടു ഞാൻ പ്രാർത്ഥിക്കുന്നില്ല. പാവനാത്മാവായിട്ടുള്ള ശ്രീരാമവർമ്മമഹാരാജാവ് സുഖശരീരനായി, പ്രവൃദ്ധൈശ്വര്യവാനായി, അനശ്വരവിശ്രുതിമാനായി വർത്തിക്കട്ടെ! യഥാധർമ്മം നിർവഹിതമാകുന്ന പ്രാപഞ്ചികത്വവും മോക്ഷദായകംതന്നെ എന്ന് ഇവനെ അനുശാസിച്ച ഗുരുനാഥനായ മന്ത്രിശ്രേഷ്ഠൻ വിജയിക്കട്ടെ! ഹാ! ഹേ, കാലമായ മഹാകാളീ! സാദ്ധ്യമെങ്കിൽ അദ്ദേഹത്തെ ദുരന്താപമാനങ്ങളിൽനിന്നു രക്ഷിക്കുക. പക്ഷേ, ഹാ! ജളഗർവത്തിന്റെ ദുർന്നയവിജയം അനിവാര്യം. നിഷ്കളബ്രഹ്മം

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/398&oldid=168258" എന്ന താളിൽനിന്ന് ശേഖരിച്ചത്