എന്നിവർക്കും ലബ്ധമായിട്ടില്ലാത്ത ഭൂവിജയിസ്ഥാനത്തിനുള്ള മുദ്രാഹാരങ്ങൾ, കല്പാന്തത്തോളം അണിവാൻ അകാശത്തിൽനിന്നിഴിയുന്നതായി അദ്ദേഹത്തിന്റെ വക്ത്രമുരളിയാൽ നിർമ്മിതങ്ങളാകുന്ന ധൂമദർപ്പണങ്ങളിൽ പ്രതിബിംബിച്ചുകണ്ടു. വിജയാഹ്ലാദത്തോടെ മനോരാജ്യതന്ദ്രിയിൽ ആമഗ്നനായി ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ജീവോഷ്മാവിന്റെ ദായകനായുള്ള ഏകസൂര്യനും മേഘപടലങ്ങളാൽ തിരോഹിതനായി. അനന്തമായ ആകാശവീഥിയിൽ സുൽത്താൻ കണ്ടിട്ടില്ലാത്ത ഒരു തിമിരവ്യാപൃതിയും സംഭവിച്ചു. സ്വർഗ്ഗസിംഹാസനസ്ഥനായ സർവ്വശക്തൻ അവിടത്തെ ദൂതകോടികളെ നിയോഗിച്ചു, പ്രപഞ്ചവിശാലമായ ഒരു ഛത്രത്തെക്കൊണ്ട് തന്നെയും സേനാനിരകളെയും ഗ്രീഷ്മകാലകഷ്ടതകളിൽനിന്നു രക്ഷിക്കുന്നു എന്നു സങ്കല്പിച്ച് ആ മഹൽകൃപയ്ക്ക് അദേഹം ആശിസ്സുകൾ നൽകി. എന്നാൽ, ചില അഗ്നിശലാകകൾ വായുവീചികളെ ഭേദിക്കുകയും കാർമേഘങ്ങൾ പരിഭവസ്വരങ്ങളെ മുരളുകയും ചെയ്തപ്പോൾ, സ്വരാജ്യത്തിലെന്നപോലെ രണ്ടുനാലു ദിവസത്തെ വൃഷ്ടി ഉണ്ടാകുമെന്ന് ആ ജ്യോതിശ്ശാസ്ത്രി പര്യവേഷണം ചെയ്തു.
പക്ഷേ, സംഭവിച്ചത് ആ സാങ്കേതികാഭിപ്രായം അനുസരിച്ചല്ലായിരുന്നു. ജലഝരികകൾ സുൽത്താന്റെ വാസസങ്കേതങ്ങളിലെ താഴ്‌വരകളെ വിശാലസരസ്സുകളാക്കി. വിദ്യുന്നിപാതങ്ങൾ അദ്ദേഹം കാൺകെതന്നെ വൃക്ഷങ്ങളെ തകർത്തു, കരിച്ചു, ഭസ്മമാക്കി. ഭീഷണനായ മരുത്‌ഭഗവാന്റെ ചണ്ഡപ്രഹരങ്ങൾ കൂടാരങ്ങളിലെ യവനികകളെയും ചന്ദ്രക്കലാസ്തൂപികളെയും ശകലിതങ്ങളാക്കി. കൊടിക്കൂറകൾ പറന്നുതിരിഞ്ഞു പരിസരസരസ്സുകളിലെ ഗംഗാദേവികളുടെ വക്ഷസ്സുകളെ ആച്ഛാദനംചെയ്തു. നഗരാഭേരികൾ അനുനാസികസ്വനങ്ങളെമാത്രം മേളിച്ചു. ടിപ്പുവിന്റെ മാനസകോശത്തിലെ കൗശലസമ്പത്തുകൾ, വർഷനീരസഹിതം ഭൂഗർഭത്തിലോട്ട് അവഗാഹനംചെയ്തു. ആക്രമണാവശ്യത്തിനു സംഭരിക്കപ്പെട്ടിരുന്ന വെടിമരുന്നു കരിഞ്ചേറായി. തോക്കുകളും പീരങ്കികളും ആഡംബരോപകരണങ്ങളായി സംഭാരശാലകളിൽ ഒതുങ്ങി. സാദികൾ സ്വഗൃഹസുഖങ്ങളെ സ്മരിച്ചു നിരുന്മേഷരായി. ശൈവവൈഷ്ണവജ്വരങ്ങൾ 'തീറ്റിഭട്ടേരി'കളായി സേനാപാളയങ്ങളിൽ നടമാടി. സുൽത്താന്റെ കളത്രസമിതി അഭയാർത്ഥികളായി പെരുകുന്ന ചെറുജീവികളെ വേട്ടയാടി.
നദിയും പോഷകനദികളും തോടുകളും കരകൾ കവിഞ്ഞ് ഒഴുകിയും മേഘങ്ങൾ അനുസ്യുതം വർഷിച്ചും കൂടാരവാസവും സ്നാനാദ്യനുഷ്ഠാനങ്ങളും സേനാനിയന്ത്രകസഞ്ചാരങ്ങളും അസുഖമയങ്ങളാക്കപ്പെട്ടപ്പോൾ, സുൽത്താൻ തന്റെ ഉദ്യമമൗഢ്യത്തെക്കുറിച്ചു ഗൂഢമായി സ്വയം ഹസിച്ചുതുടങ്ങി. ഇന്നുനാളെ നിലകൊള്ളുമെന്നു മോഹിച്ച് അനുഷ്ഠിക്കപ്പെട്ട പ്രാർത്ഥനകളും നേർച്ചകളും ഫലപ്പെടാതെ, വർഷത്തിന്റെ മുഷ്കരത ദിനംപ്രതി പ്രവൃദ്ധമായി. ഇതു കണ്ടു സുൽത്താൻ പല്ലും