ഇങ്ങനെ തന്റെ പുറപ്പാടിന്റെ കഥ അഴകൻപിള്ള വർണ്ണിച്ചപ്പോൾ വൃദ്ധന്റെ ഹൃദയസരസ്സ് ഇളകിക്കലങ്ങി. കണ്ഠീരവരായരോട് എതിർക്കുന്നതിന് ഒരു ചാണൂരനോ മുഷ്ടികനോ ഒന്നുകൂടി ജനിക്കേണ്ടതുണ്ടെന്ന് വൃദ്ധൻ കേട്ടിട്ടുണ്ട്. ദ്വന്ദ്വയുദ്ധക്രമങ്ങളിൽ അപരിചിതനായുള്ള ഈ രാജ്യാഭിമാനി പരമാർത്ഥസ്ഥിതികളറിയാതെ ആ മല്ലനോടു നേർത്താൽ പപ്പടംപോലെ അരക്ഷണംകൊണ്ടു തകർന്നുപോകയും നരഹത്യാപാപം തന്റെമേൽ ചുമലുകയും ചെയ്യുമെന്നു ഗ്രഹിച്ചിരുന്ന വൃദ്ധൻ അഴകൻപിള്ളയോട് ഇങ്ങനെ ഗുണദോഷവാദം തുടങ്ങി: "നീ രായരെ കണ്ടിട്ടില്ലെന്നു തോന്നുന്നു. ഇവിടത്തെ കുറുപ്പന്മാരും ആശാന്മാരും അയാളെ പേടിച്ച് ഒതുങ്ങിയിരിക്കുന്നു. അയാൾ വലിയ അഭ്യാസി. മുക്കരണം മറിയുന്നതു കണ്ടാൽ ഇന്ദ്രജാലമെന്നു തോന്നും."
അഴകൻപിള്ള: (അക്ഷമനായി) "അതെല്ലാം അങ്ങുകൊണ്ടു കെട്ടിവെച്ചേക്കാൻ ചൊല്ലണം. അഴകുവിന്റെ ഒരു അമുക്കിന് അവന്റെ തവപ്പനും ഉത്തരം ചൊല്ലമട്ടാര്. പൊന്നുതമ്പുരാനെങ്ങ്?"
വൃദ്ധൻ: "നീ അബദ്ധത്തിൽ ചെന്നുചാടേണ്ട. വയസ്സ് എത്രയായി?"
അഴകൻപിള്ള: "അഴകുവിനെ പെറ്റപ്പം അല്ലിയോ കൊള്ളവെള്ളം അമ്മാച്ചൻ അന്ന് ഇഞ്ഞെങ്ങും ഇല്ലായിരുന്നോ? ഇതാ പാക്കണം. രായനെ ഒന്നു കാമ്പിച്ചുതന്നാലും മതി."
വൃദ്ധൻ: "നിന്റെ ആഗ്രഹം സാധിപ്പാനെളുപ്പമല്ല. രായർ നിന്റെ കുന്നത്തൂർ അങ്ങത്തെ സൂക്ഷിപ്പിലാണ്?"
അഴകൻപിള്ള: "ഇതെന്തര് മുടക്കിടാവമ്മാച്ചൻ? തുണുതുണയെന്നിരുന്നാല് എള്ളോളം ഉശിരൊക്കെ വേണ്ടയോ? ധുവാൻഷി അങ്ങുന്നു രായനേ പെട്ടവത്തിലൊ വച്ചു പൂട്ടിരിക്കണ്?"
വൃദ്ധൻ: "നീ അവിടെ പോയി അനുവാദം വാങ്ങി എന്തെങ്കിലും ചെയ്ക."
അഴകൻപിള്ള: "ചുമ്മാ ഇരിക്കണം അമ്മാച്ചാ! രായൻ വെളിയിൽ എറങ്ങുമ്പോൾ ഒന്ന് ഉച്ചിനോക്കി വച്ചുകൊടുത്താൽ അവന്റെ ചെമ്മത്തും പിന്നെ മീളമാട്ടാര്."
വൃദ്ധൻ: "അബദ്ധം! അതു ചതിവാകും. നിന്റെ തമ്പുരാനു രസിക്കയുമില്ല."
അഴകൻപിള്ള: "വൗത്ത എന്ന് അമ്പണം പറയണതൊക്കെ അങ്ങു വച്ചേക്കണം. തൊട്ടതിനെല്ലാം തടിമൊറണ്ടു പറയണ ഇങ്ങേരിപ്പോ നന്മതിന്മ ചൊല്ലിത്തരണ്ടാ, പൊന്നുതമ്പുരാന്റെ പള്ളിയറ ഒന്നു കാമ്പിച്ചു തന്നാ പിന്നെ പാത്തോളണം."
വൃദ്ധൻ: "അതൊന്നും എളുപ്പമല്ല. അങ്ങോട്ടു നോക്ക്, എത്ര വേൽക്കാർ തടുപ്പാൻ നില്ക്കുന്നു?"
അഴകൻപിള്ള: "ഈ കുന്നാമ്മ ഒന്നും അഴകുന്റടുത്തു ചേലല്ല. തന്തക്കു പൊറന്ന മോനാണ് അഴകൻ. ഇങ്ങീന്നു പോണമെങ്കി രായനെ തീട്ടീച്ച്. അതുവരെ ഇത്തറയിൽ പതികെടപ്പൻ. പോടാന്ന് ചൊല്ലാൻ വരണവൻ വായ്ക്കരിക്കു മച്ചമ്പിയുംകൊണ്ടു പോരട്ട്."