ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അദ്ധ്യായം മുപ്പത്തിഅഞ്ച്

"അനവധി മമ പുനരപരാധം
അതിനിതു സമുചിതമിതി വാദം"


മൂന്നാം ദിവസത്തിലെ സൂര്യൻ അഭൂതപൂർവ്വമായുള്ള ജലാർപ്പണം കൊണ്ടു നിസ്സീമദ്യുതിമാനായി ആകാശത്തിൽ തിളങ്ങി തന്റെ കരകോടികളുടെ ആചമനകൗശലം അനുവർത്തിച്ച് പ്രവാഹജലത്തെ സ്വമണ്ഡലത്തിലോട്ട് ആദാനം ചെയ്തു വറ്റിക്കുന്ന ശീഘ്രതയാൽ ചണ്ഡകിരണപ്രയോഗം വിസ്മൃതമായിട്ടില്ലെന്നു തെളിയിക്കുന്നു. നാവികവിദഗ്ദ്ധന്മാരെ ഭയപ്പെടുത്തിയ പ്രവാഹവിജൃംഭണം ഹേമന്തകാലഗാംഗേയതയിലോട്ട് അമർന്നിരിക്കുന്നു. ടിപ്പുവിന്റെ നെടും‌പുരകൾ, വഞ്ചിസചിവന്റെ കാര്യാലയം, വിശ്രമസ്ഥാനം, 'വൈദ്യരത്ന'ങ്ങളുടെ ആലോചനാമണ്ഡപം, രണ്ടു കോമളകളേബരങ്ങളുടെ ആതുരശാല, സചിവാഥിതികളുടെ വാസവാടം എന്നിങ്ങനെ വിഭാഗിക്കപ്പെട്ടിരിക്കുന്നു. രാക്ഷസനിഷ്കാസനാനന്തരം ദണ്ഡകവാസികളായ ഋഷികുലം എന്നപോലെ, ടിപ്പുവിന്റെ മടക്കം കണ്ട് ആ പ്രദേശവാസികൾ സ്വൈരസഞ്ചാരം തുടങ്ങിയപ്പോൾ അവരിൽ ചിലർ ത്രിവിക്രമകുമാരനെയും സവിത്രിയെയും മരണത്തോടടുത്തുള്ള അപായസ്ഥിതിയിൽ കണ്ടു. ദയാശീലന്മാരും ഉദാരമതികളുമായ ഗ്രാമീണജനങ്ങൾ ആ സൗകുമാര്യസ്തോമങ്ങളെ നെടുമ്പുരയിലോട്ടു മാറ്റി. അല്പശുശ്രൂഷകൾകൊണ്ടു സുബോധവാനായ ത്രിവിക്രമനിൽനിന്നു വർത്തമാനങ്ങൾ അറിഞ്ഞപ്പോൾ അവരുടെ സ്വജനസ്നേഹം ഊർജ്ജസ്വലമായി ഗാഢകൃപയോടുള്ള ശുശ്രൂഷകളും ആരംഭിച്ചു. വൃത്താന്തങ്ങൾ മതിമാനായ ദിവാൻജിയെ ധരിപ്പിപ്പാൻ ചെറുവഞ്ചികളുടെ ഉടമസ്ഥന്മാർ അവയെ ഇറക്കുകയും ചെയ്തു. രണ്ടാം ദിവസം രാത്രിയിൽ ദിവാൻജിയും അദ്ദേഹത്തിന്റെ പാളയഭാഗങ്ങളിൽ മാന്യാതിഥികളായി പാർപ്പിക്കപ്പെട്ടിരുന്ന ഉണ്ണിത്താനും മാധവമേനോനും പല ഉദ്യോഗകാര്യസ്ഥന്മാരും ചികിത്സാവിദഗ്ദ്ധന്മാരും ഭടജനസഹിതം ടിപ്പുവിന്റെ അവസാനസങ്കേതത്തിൽ എത്തി.

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/412&oldid=168275" എന്ന താളിൽനിന്ന് ശേഖരിച്ചത്