ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിൽനിന്നുണ്ടാകേണ്ട ചോദ്യത്തിനോ അന്വേഷണത്തിനോ കാത്തുനിൽക്കാതെയും ഉപചാരപ്രകടനമൊന്നും കൂടാതെയും അദ്ദേഹം സോൽപ്രാസസ്വരത്തിൽ സ്വഗതമായി ഇങ്ങനെ ഒരു വിമർശനം തുടങ്ങി: "ശത്രു മറഞ്ഞു - ഭാഗ്യംതന്നെ. മേൽക്കുമേൽ യശസ്സ് കവികളും കീർത്തിക്കും." (ദിവാൻജിയുടെ നേർക്കു തിരിഞ്ഞ്) "ഈ തടവുപുള്ളി എന്തുത്തരവ് അനുസരിക്കണമെന്ന് ഉത്തരവാകണം. തൂക്കാനാണു വിധിയെങ്കിൽ അതു നടക്കട്ടെ. കണ്ടവന്റെ പൂട്ടുകെട്ടിൽ കിടന്നു കഷ്ടപ്പെടാൻ ഞാൻ എന്തു പിഴച്ചു? തിരുമനസ്സറിഞ്ഞുതന്നെയോ ഈ അവമാനം ചുമപ്പിപ്പ്?"

ഈ വാക്കുകൾ ദിവാൻജിയുടെ മനസ്സിനെ ഉത്തേജനംചെയ്തു വ്യഥിപ്പിക്കുകയാൽ അദ്ദേഹം മഹാരാജാവിന്റെ ലേഖനം എടുത്ത് ഉണ്ണിത്താന്റെ കൈയിൽ കൊടുത്തു. തൃക്കയ്യാൽ ലിഖിതമെന്ന് ഒരു നോക്കിൽത്തന്നെ കണ്ട ഉണ്ണിത്താൻ, അതിനെ കണ്ണുകളിൽ ചേർത്തിട്ട് ആമുഖാന്തം വായിച്ചുകൊണ്ട് ഇങ്ങനെ ചോദ്യം തുടങ്ങി: "പടയ്ക്കിടയിൽ ചാടാതെ എന്നെ സൂക്ഷിച്ചുകൊള്ളാൻ ബന്ധനമല്ലാതെ വേറൊരു മാർഗ്ഗവുമില്ലായിരുന്നോ?"

ദിവാൻജി: "നാം തമ്മിലുള്ള സ്വരച്ചേർച്ചയ്ക്കിടയിൽ മറ്റു വഴി എന്തുണ്ടായിരുന്നു എന്നു പറഞ്ഞേക്കണം!"

ഉണ്ണിത്താൻ: "അതേതെ! കാരണമുണ്ടാക്കുന്നതും അതിനെ അടിസ്ഥാനമാക്കി വാദിക്കുന്നതും എല്ലാം അവിടത്തെ സ്ഥാനവലിപ്പസ്ഥിതിയിൽ നയവും നീതിയുമാകും. തിരുവെഴുത്തിൽ അവിടത്തെ വാക്കെല്ലാം വിശ്വസിക്കണമെന്നുകൂടി ചാർത്തീട്ടുണ്ട്. ഉദ്യോഗകാര്യത്തിൽ ആവാം. മറ്റുള്ളതിൽ സങ്കടമുണ്ടെന്ന് അറിയിച്ചേക്കണം. അങ്ങോട്ടു മടങ്ങാൻ ആഗ്രഹമില്ല. മാനംമര്യാദയുള്ള ആളുകൾക്ക് അവിടുത്തെ നീട്ട് ഊർജ്ജിതത്തിൽ ഇരിക്കുന്ന കാലത്തോളം 'ഇരിശ്ശരണം' കിട്ടൂല്ല. അതുകൊണ്ട് ശ്രീകാശിയോ ഹരിദ്വാരമോ ഏതു കാടെങ്കിലും തേടിക്കൊള്ളാം."

ദിവാൻജി: "ഇഷ്ടംപോലെ ചെയ്യാൻ ബന്ധന ഉത്തരവ് അഴിയണം. ഈ കുട്ടിയെ ഒന്നു നോക്കിക്കളയണം. ദയാലുവാണല്ലോ - ധർമ്മജ്ഞനും."

ഉണ്ണിത്താൻ: "എന്തിനു നോക്കുന്നു യജമാനനേ? അവളെ ഞാൻ ഒരാൾക്കു കൊടുപ്പാൻ നിശ്ചയിച്ചു. ആ തിരുമേനി കൊണ്ടുപോയിരുന്നെങ്കിൽ ഈ അനർത്ഥമൊന്നും വരൂല്ലായിരുന്നു. 'താൻതാൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ' ആരനുഭവിക്കുമെന്നുള്ളതു ഞാൻ പറയണമോ? കൊട്ടാരക്കരക്കാര്യക്കാർ മുഖാന്തിരം ഇവിടുന്നു പ്രയോഗിച്ച നയം അവമാനം വരുത്തി സ്വന്തം ഉള്ളം വേവിക്കയും ചെയ്യുന്നു. ദൈവനീതിക്കു ദാക്ഷിണ്യമില്ല."

ദിവാൻജി ഒരു ഹരിക്കാരനെ വരുത്തി മാധവമേനോനെ വിളിച്ചുകൊണ്ടുവരുവാൻ ആജ്ഞാപിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/414&oldid=168277" എന്ന താളിൽനിന്ന് ശേഖരിച്ചത്