കേൾപ്പിക്കാം. ചിലമ്പിനേത്ത് എഴുന്നള്ളിയിരുന്നില്ലേ ഹരിപഞ്ചാനനസ്വാമികൾ?"
ഉണ്ണിത്താൻ: "ഹെ! ഇതെന്തു പ്രബന്ധമാണ് കെട്ടിച്ചമയ്ക്കുന്നത്! അദ്ദേഹം പോയി എത്ര കൊല്ലം കഴിഞ്ഞിട്ടാണ് ഇവളുടെ ജനനം!"
ദിവാൻജി: "മുഴുവൻ കേൾക്കുന്നതിനു മുമ്പു കാട്ടിൽ കയറുന്നത് എന്തു താർക്കികത്വം? ആ യോഗീന്ദ്രനെ അങ്ങു മുഖത്തോടു മുഖം കണ്ടിട്ടുണ്ടല്ലോ?"
ഉണ്ണിത്താൻ: "ഉണ്ട്; അതുകൊണ്ടെന്ത്? ബ്രഹ്മാവിന്റെ മകളെങ്കിൽ അങ്ങനെ ഇരിക്കട്ടെ. അവനോന് ഏൽക്കാൻ മനസ്സിലാഞ്ഞാൽ മറ്റുള്ളവരെ ഹിംസിക്കുന്നതെന്തിന്?"
ദിവാൻജി: "മുഴുഭ്രാന്തനാകാതെ ഇങ്ങോട്ടു നീങ്ങി കേൾക്കണം. കുട്ടിയുടെ മുഖം ഇതാ ബോധക്ഷയത്തിൽ കിടക്കുകയല്ലേ? നോക്കുക."
ഉണ്ണിത്താൻ ദിവാൻജിയുടെ അപേക്ഷ അനുസരിപ്പാൻ കൃപാശീലനായി. അദ്ദേഹത്തിൽനിന്നു കിട്ടിയ മുന്നറിവോടുകൂടി ആ രോഗിണിയുടെ മുഖത്ത് അല്പനേരം സ്ഥിരവീക്ഷണനായി നിന്നപ്പോൾ തിരുവനന്തപുരത്തെ ബന്ധനകാലത്ത് അർദ്ധനിദ്രയിൽ തൻ കണ്ട മുഖവും മരുത്വാൻമലയിലെ ശിലാഗ്രത്തിൽ ഒരു നിശാകാലത്തു പ്രത്യക്ഷനായ യോഗീശ്വരന്റെ മുഖവും തന്റെ നേത്രങ്ങൾക്കു മുമ്പിൽ ആവിർഭവിച്ചു വീരയതീന്ദ്രഭാവത്തോടെ അപ്പോഴും തിളങ്ങുന്നതായി ദൈവഗത്യാ ആ ശുദ്ധമനസ്കൻ സന്ദർശിച്ചു. ലലാടം, നാസിക, നേത്രങ്ങൾ, ഭ്രൂക്കൾ, ഗണ്ഡം, കപോലം, ശിരസ്സ് ഇവയുടെ രൂപീകരണവും കേശത്തിന്റെ നീലിമയും വർണ്ണവിശേഷവും - ഇവയെല്ലാം നോക്കുമ്പോൾ ആ കപടസിദ്ധനും രോഗിണിയും തമ്മിൽ ഉണ്ടെന്നു കണ്ട അത്ഭുതകരമായ സാമ്യം ഉണ്ണിത്താനെ വിഷണ്ണനാക്കി. അല്പനേരം കലുഷഹൃദയനായി നിന്നിട്ട് ദിവാൻജിയുടെ നേർക്കു തിരിഞ്ഞു, "ആ ദ്രോഹി അപ്പോൾ തിരുവനന്തപുരത്തുതന്നെ താമസിച്ചിരുന്നു, ഇല്ലേ?" എന്നു സേനാനായകക്രൗര്യത്തോടും യോഗിവധത്തിനു സന്നദ്ധനെന്ന വീര്യത്തോടും ചോദിച്ചു.
ദിവാൻജി: "കഷ്ടം, കഷ്ടം! എന്നല്ലാതെ എന്തു പറയുന്നു? തിരുവനന്തപുരത്തു പാർത്തതും അങ്ങേക്കണ്ടതും, രണ്ടു പേരാണ്. അവർ ഉഗ്രശാന്തന്മാർ എന്ന കഴക്കൂട്ടത്തുപിള്ളമാരായിരുന്നു. ആ പരമാർത്ഥം പുറത്തുവിട്ട് അങ്ങേ സ്ഥിതിയെ കുഴപ്പത്തിലാക്കേണ്ട എന്നു കല്‌പന ഉണ്ടായതിനാൽ ഇതുവരെ രഹസ്യത്തിൽ വച്ചിരുന്നു. ഇതു വിശ്വസിക്കണമെന്നാണ് തിരുവെഴുത്തിലെ കല്‌പന."
ഉണ്ണിത്താൻ: "(പരിഭ്രമത്തോടെ) "എന്ത്! എന്തോന്ന്? ഉഗ്രശാന്തന്മാർ വലിയകുഞ്ഞമ്മേടെ മക്കളല്ലേ?"
ദിവാൻജി: "എന്തോന്നെന്നോ? അമ്മയും ജ്യേഷ്ഠയോഗിയും തമ്മിൽ കണ്ടപ്പോൾ നടന്നതെല്ലാം ഓർക്കുക. തിരുമേനി - ആ മഹാപുണ്യവാന്റെ കൃപ എത്രത്തോളമെന്ന് ഉണ്ണിത്താൻ അറിയാത്തത് ആശ്ചര്യം! നിങ്ങടെ ഭാര്യയുടെ അമ്മ സാവിത്രിക്കുഞ്ഞമ്മ. അവരുടെ