ദിവാൻജി: (അഭിനന്ദനഹർഷത്തോടെ) "അടിയൻ! ഒടുവിലത്തെ പിശറുകൾക്കിടയിൽ ആയിരുന്നു."
മഹാരാജാവ്: "അപ്പോൾ ആ വലിയ വെള്ളപ്പൊക്കംവന്നത്-? ടിപ്പുവിന്റെ ആഗ്നേയാസ്ത്രത്തിനു വാരുണാസ്ത്രം എന്നും ആ സുൽത്താനെ ശ്രീപത്മനാഭൻ ഓടിക്കുമെന്നും അവൻ മുരങ്ങാറുണ്ടായിരുന്നു. ഒരു ഗിരിതടാകവർണ്ണനയും ചെറുപ്പത്തിലെങ്ങാണ്ടോ ഇവിടെ വന്നിരുന്ന ഒരു ഗോസായി പറഞ്ഞു ഞാനും കേട്ടിട്ടുണ്ട്. എന്തിലും ചെന്നു ചാടുന്ന ഭൈരാഗിയുമാണ്."
ദിവാൻജി: (ദീർഘശ്വാസത്തോടും സംഭവനിരീക്ഷണത്തിനു തന്നെ ആത്മശക്തനാക്കാൻ പടത്തലവനായ മഹൽഗുരു ഇല്ല്ലല്ലോ എന്നുള്ള ദുഃഖസ്മൃതിയോടും) "കല്പിച്ച് എന്തായാലും തിരുവുള്ളം കലങ്ങിക്കരുത്. അടിയങ്ങടെ വിധി പലവിധങ്ങളിൽ ഇങ്ങനെ കഴിയും. ഒരു പുരുഷരത്നം രാജ്യത്തിനു പക്ഷേ, നഷ്ടമായെന്നാണ് അടിയനു തോന്നുന്നത്. അല്ല്ലെങ്കിൽ, എവിടെ എത്തിയെങ്കിലും അടിയനെ കണ്ടു, പടവെട്ടാൻ ഭസ്മപ്പൊതിയുംകൊണ്ടു പുറപ്പെടുമായിരുന്നു."
മഹാരാജാവ്: "ആ കണ്ഠീരവനെ ചീന്തിയതു ഞാൻ കണ്ടു. രണ്ടും ചില്ലറ മനുഷ്യരല്ല. അതിലും ഇവൻ അന്നുമുതൽ ഒരു വിശേഷമൂർത്തി എന്ന് ഇവിടെ തോന്നിപ്പോയി. ഇവിടെ എല്ലാരെയും ഇട്ടു ശിങ്കിലിപാടിക്കുകയായിരുന്നു. എന്നാലോ മഹാദയാലു, ന്യായസ്ഥൻ, നിർദ്ദാക്ഷിണ്യവാൻ, ആന്തരാൽ സുസ്ഥിരഭക്തൻ. വിചാരിക്കെ വിചാരിക്കെ, അവന്റെ ഗുണങ്ങൾ എണ്ണമില്ലാതെ കണ്ടുവരുന്നു. എന്തെങ്കിലും ഭഗവാൻ ജഗന്മൂർത്തി അവനെ രക്ഷിക്കട്ടെ!"
ഇങ്ങനെ തുടങ്ങിയ സംവാദം മൈസൂരിനെ ഇംഗ്ലീഷ് കമ്പനിയാർ ആക്രമിപ്പാൻ നിശ്ചയിച്ചിരിക്കുന്നതിനാൽ ദിവാൻജി ഒരു സേനാശാഖസഹിതം ശ്രീരംഗപട്ടണത്തിലേക്കു പുറപ്പെടേണ്ട സംഗതിയിലോട്ടും മറ്റും പ്രവേശിച്ചു.
ഇതിനിടയിൽ പെരിഞ്ചക്കോട്ടുകാവിലെ ലക്ഷ്മിഅമ്മ കുലഭ്രഷ്ടതകൊണ്ടുള്ള നിസ്സഹായതയെ കഷ്ടതരമായി അനുഭവിക്കുന്നു. പാപികളോടുള്ള സംഘടനഫലം ആ സാധ്വിയെ അതിരൂക്ഷമായി വലപ്പിക്കുന്നു. ആ ഗുപ്തഗേഹത്തിന്റെ ആശ്രമസ്വഭാവം മാറി, ഒരു കുംഭീപാകമെന്നപോലെ അവരെ നിരന്തമായുള്ള വേദനകളാൽ വ്യാകുലപ്പെടുത്തുന്നു. കല്ലറയ്ക്കൽപിള്ളയെ ആരാഞ്ഞു തിരിയുന്ന മല്ലൻപിള്ള പ്രമുഖന്മാരുടെ സഹായം ഇടയ്ക്കിടെ മാത്രം കിട്ടുന്നു. ഭർത്താവിന്റെ 'നവാബ'ത്വത്താൽ പരജനവീക്ഷണത്തെ പ്രതിബന്ധിച്ചു മൂടുപടധാരിണിയായി ഗോപനം ചെയ്യപ്പെട്ടിരുന്ന ആ വിദേശിനിക്കു സമീപജനങ്ങളുടെ സഹായവും ലബ്ധമാകുന്നില്ല. ലോകം തിമിരനിബിഡവും ജീവിതം അസിധാരാതരണവും അനുഭവം തിക്തരസഭൂയിഷ്ഠവും എന്നുള്ള വികല്പങ്ങൾ ആ സാധ്വീഹൃദയത്തിന്റെ ഘടനാസൗരൂപ്യത്തെ വികൃതമാക്കുന്നു. ഗൃഹത്തെ ആച്ഛാദനംചെയ്യുന്ന വൃക്ഷങ്ങളിലെ ലതകൾ സൂര്യകിരങ്ങ