യുടെ ഉദരകൂപത്തെ ആ കൂപജലംകൊണ്ടു നിറച്ചു. ജലതലത്തിന്റെ മുഖത്തു കുമിളകൾ ദ്രുതതരം പൊങ്ങി പാണ്ടയുടെ കൈകൾ ത്രിവിക്രമകണ്ഠത്തെ വിട്ടിട്ടു വിടുർന്നു. ആ ശരീരം കമഴ്ന്നു. ത്രിവിക്രമൻ ശ്വാസബലംകൊണ്ടുള്ള ആയത്താൽ ജലമുഖത്തിൽ പ്രത്യക്ഷനായി. ഭടജനങ്ങൾ സന്തോഷത്താൽ ആർപ്പുകൾ വിളിച്ചുകൊണ്ട് തോക്കുകൾ എടുത്തു നീട്ടി, സന്നദ്ധരായി നിന്നു. "വെച്ചു താങ്ങിക്കൊടുത്തു പിള്ള; ങ്ഹ! ഹങ്ങനെ കൊള്ളട്ടേ വർമ്മക്കുത്ത്" എന്ന് അഴകൻപിള്ള സന്തോഷാട്ടഹാസം ചെയ്തുകൊണ്ട് കരയ്ക്കുകയറുവാൻ സഹായമായി, യുവാവിനു തന്റെ ശൂലത്തെ നീട്ടിക്കൊടുത്തു. ഒരു മഹാകമഠം എന്നപോലുള്ള ഒരു മുതുക് മേല്പോട്ടു കണ്ടുതുടങ്ങിയപ്പോൾ, ഒരു അണിവെടി തീർന്ന് സരസ്സിനെ രക്തമയമാക്കി. "ചതിച്ചോ!" എന്ന് ത്രിവിക്രമൻ വിളികൂട്ടുന്നതിനിടയിൽ ആ ഭീമകായം വീണ്ടും ജലത്തിലോട്ടു താണു. രക്തപ്രസരമായുള്ള കൂപജലത്തിൽ കുമിളകൾ പൊങ്ങിത്തുടങ്ങി. "അഴകൻപിള്ള ചാടൂ" എന്നുണ്ടായ ത്രിവിക്രമന്റെ ആജ്ഞ അനുസരിച്ച് ആ ദീർഘപാദൻ മുങ്ങി, അല്പം കഴിഞ്ഞ് ഒരു ബൃഹൽകായത്തെയും കൊണ്ടു പൊങ്ങി.
പാണ്ട എന്നു വിശ്വസിക്കപ്പെട്ടിരുന്ന സത്വത്തെ കണ്ടപ്പോൾ, ഭടജനം ഒരു മഹാസാഹസം പ്രവർത്തിച്ച അപരാധികളെന്നപോലെ നിലകൊണ്ടു. ജടാഭാരവും കൃത്രിമമീശയും ശരീരത്തിലെ കരിപ്പൊടിയും ജലത്തിലെ ആമജ്ജനത്തിൽ നീങ്ങിയിരുന്നു. അവസാനശ്വാസങ്ങളോടെ വയർപെരുകി കരയിലാക്കി ശയിക്കപ്പെട്ട ആ ഭയങ്കരാകാരം, പഞ്ചമവർഗ്ഗ്യനായ പാണ്ടയുടേതല്ല, തന്റെ തുംബീരതയാൽ ആർജ്ജിതമായുള്ള ഒരു ഗൃഹൈശ്വര്യത്തിന്റെ സംസ്ഥാപകനും രാജ്യത്തിലെ സചിവപ്രധാനന്റെ സമീപബന്ധുവും ടിപ്പുസുൽത്താനെപ്പോലും ഗാത്രപരിമിതിയും ബലിഷ്ഠതയുംകൊണ്ട് അത്ഭുതപരവശനാക്കിയ ലോകസംരംഭകനും ആയ പെരിഞ്ചക്കോട്ടു കുഞ്ചമായിറ്റിപ്പിള്ളയുടേതായിരുന്നു. തന്റെ യജമാനനായ മാതുലന്റെ ബുദ്ധിവൈഭവം അഭൗമമെന്നു ചിന്തിച്ച് ത്രിവിക്രമൻ അത്ഭുതപരതന്ത്രനായി. മാങ്കാവിൽവച്ചു മുറിവേറ്റു എങ്കിലും മരണവിളികൾ പുറപ്പെടുവിച്ചത് മരിച്ചുകിടക്കുന്ന ആളിന്റെ കൗശലോപായമായിരുന്നു എന്നു ദിവാൻജി ആ വൃത്താന്തഗ്രഹണം മുതൽ ഊഹിച്ചിരുന്നു. പാണ്ടയും പെരിഞ്ചക്കോടനും ഒന്നുതന്നെ എന്നു തീർച്ചയാക്കിയിരുന്നതായി പല സൂചനകളും അദ്ദേഹത്തിൽനിന്നു വെളിപ്പെട്ടുവരുന്നതിനെയും നമ്മുടെ യുവസേനാനി ആ ഘട്ടത്തിൽ സ്മരിച്ചു. അവസാനശ്വാസത്തിൽ കിടക്കുന്ന പെരിഞ്ചക്കോടനെ കണ്ടപ്പോൾ, ആർത്തനായ അഴകൻപിള്ള ആ ധീരനെ അഭിമാനിച്ചു "ഹയ്യപ്പാ! ഇരിക്കേയും ചാവേയും കെടുംചതിവല്യോ ചെയ്തൂട്ടര്!" എന്നു മാറത്തടിച്ചു ഖേദിച്ചു. താൻ മർമ്മക്ഷതം ഏല്പിച്ചു എങ്കിലും തന്നെ വിട്ടു വെള്ളത്തിൽ പൊങ്ങുമ്പോൾ കരയ്ക്കടുപ്പിച്ചു മറുതട്ടുകൊണ്ടു സുബോധവാനാക്കാമെന്നു വിചാരിചിച്ചു, ഗുരുധ്യാനത്തോടെ പ്രയോഗിച്ച താഡനം ശത്രുവിനെ മരണത്തിൽ പതിപ്പിക്കുന്നതു കണ്ട് ത്രിവിക്രമകുമാരൻ വ്യസനിച്ചു.