ആവശ്യമെന്നു തോന്നി, അദ്ദേഹം ഉച്ചരിച്ചുപോയി: "ത്രിവിക്രമാ, കേട്ടോ സാവിത്രീ, തെറ്റിദ്ധരിക്കരുത്. ഞാൻ ജന്മനാതന്നെ നിരുന്മേഷപ്രകൃതമാണ്. എങ്കിലും ഒന്നു അനുഭവംകൊണ്ടറിഞ്ഞിട്ടുണ്ട്. അതീവസന്തോഷത്തെ സാമാന്യേന ഒരു അല്പസന്താപമെങ്കിലും പിന്തുടരുന്നു. അതു ഭഗവൽഗതി. എങ്കിലും നാം സൂക്ഷിക്കേണ്ടതൊന്നുണ്ട്. ശൈശവത്തിൽ വിഹാരം, കൗമാരത്തിലും യൗവനത്തിലും അഭ്യാസം, ബുദ്ധിസംസ്കരണം; അതു കടന്ന് അല്ലെങ്കിൽ, ഇങ്ങനത്തെ കെട്ടിൽ അകപ്പെട്ടു തീർന്നാൽ ഒരു നില - മനസ്സിലായോ? - ഘനം, ഗൗരവം, കാര്യസ്ഥത - അതു വിടരുത്. ഇതെല്ലാം ഊർജ്ജ്വസ്വലതയോടെ പരിപാലിക്കണം. നിങ്ങളുടെ വമ്പിച്ച കുലം, സമ്പത്ത്, പ്രതാപം ഇവയെ ലോകം എന്നും കണക്കാക്കൂല്ല. വില പൗരുഷം ഒന്നിനാണ്. അതിന്റെ ദൃഢത എന്ത് അമൂല്യസമ്പത്തെന്നോ! ശുദ്ധചര്യ എന്നും മറ്റുമുണ്ടല്ലോ, അതെല്ലാം പൗരുഷബോധത്തെ സ്വയം പിന്തുടരും. ഇതെല്ലാം കണ്ടു പഠിപ്പാൻ ഗുരുനാഥൻ പൊന്നുതിരുമേനിതന്നെ. അവിടത്തെ തിരുവടികളെ തുടർന്നാൽ എല്ലാത്തിലും എവിടെയും എന്നും ക്ഷേമം - വിജയം."
താൾ:Ramarajabahadoor.djvu/436
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്