ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മല്ലയുദ്ധം നടക്കുന്നതിനിടയിൽ, ദിവാൻജിയുടെ തോളോടുചേർന്നുതന്നെ ഒരു വൃദ്ധബ്രാഹ്മണൻ വടിയാൽ താളങ്ങൾ ഊന്നി 'അന്നദാനപ്രഭു'വിനെ സ്തുതിച്ചുള്ള ഗാനങ്ങൾ ചമച്ചും, 'അന്തശെണ്ഡാളപ്രഭു'വായ 'കണ്ഠീരവരായനുടെ' നേർക്ക് ഇടയ്ക്കിടെ വടി ഓങ്ങി ശാപങ്ങൾ പ്രക്ഷേപിച്ചും നിന്നിരുന്നു. രായരുടെ പരാജയം കണ്ട് "കല്യാണമാശുഭവിക്കും തവ ചൊല്ലേറും വീരമഹാത്മൻ" എന്ന് 'അളകാപിള്ള'യെ സംബോധനചെയ്തു പാടി, ചെറിയൊരു ആട്ടവും ആടി, അടുത്തു നിന്നിരുന്ന ത്രിവിക്രമകുമാരന്റെ ശിരസ്സിനെ വിളക്കാക്കി ആ ഗായകൻ കലാശക്കൈ സമാപിപ്പിച്ചു. ആ ഹർഷപ്രകടനത്തിൽ സ്വയമേ പൊട്ടിച്ചിരിച്ചുപോകയാൽ ചർവിതമായ താംബൂലത്തിന്റെ ചില ശകലങ്ങളെക്കൊണ്ട് ദിവാൻജിയുടെ ശരീരത്തെത്തന്നെ പരിപൂരിതമാക്കുകയും ചെയ്തു. ദിവാൻജി രാജസന്നിധിയിലേക്കു പുറപ്പെട്ടപ്പോൾ ആ അക്ഷീണകണ്ഠനായ ജാംബവാൻ മുഖം തിരിച്ചു നമ്മുടെ സാവിത്രീകാമുകനെ പരിഹസിച്ചുതുടങ്ങി: "അടേ ഉണ്ണിക്കൃഷ്ണാ! നീ രണ്ടു കൈയിലേയും വെണ്ണ കിടച്ചാൽ ശാപ്പിടുവായ്! കണ്ടില്യോ നല്ല ആൺപുള്ളകൾ വന്നപ്പോൾ രായദുശ്ശാസനനെ ഇടിച്ചുപിഴിഞ്ഞു പായസം ആക്കി വിട്ടൂട്ടത്. 'തഞ്ചാതെ ബഹു പഞ്ചാനന കുലസഞ്ചാരിണി സഹസാ'ന്നെടുത്ത് 'ക്ഷുരപ്രഹരപ്രകര' 'പ്രയാതി' ആക്കി വിടേണ്ടയോ?"

ത്രിവിക്രമകുമാരൻ: (രഹസ്യമായി) "മിണ്ടാതിരിക്കണം മാമാ! ഇവിടെ സർവാണിയും മറ്റുമില്ല. മഠത്തിണ്ണയിൽ ചെന്നിരുന്ന് ഗ്രാമം ഭരിക്കണം"

ബ്രാഹ്മണൻ: (വാത്സല്യത്തോടെ) "അന്ത ശർവാണി ഉനക്കിനി, കുന്തഃ കുന്തൗഃ കുന്താഃ താൻ ഫോ! കോവിൽക്കാളയാട്ടം 'കീരവാണി ഭൈരവാണി സാരവഫേരവാണി' ആടറുതു നീതാനേ അപ്പാ! അഴാതും പുള്ളായ്. ഉനക്ക് അന്ത സാവിത്രിക്കൊഴന്തയേ കിടയ്ക്കണമെന്നാൽ, ഇന്ത കിഴട്ടുമാമനെ പിടിച്ചുക്കോ, സേവിച്ചുക്കോ. പരിഹസിച്ചാക്കാൽ, പാർ എല്ലാം ലാടശങ്കിലി ആക്കിടുവൻ. 'ചേദിപന് ദാനം ചെയ്‌വൻ." ഈ ഗാനത്തെ കഫപ്രസരത്താലുണ്ടായ ചുമ നിരോധിച്ചു.

തിരുമുമ്പിൽനിന്നും വളരെ ദുരത്തല്ലാത്ത സ്ഥലത്തുനിന്ന് ഇങ്ങനെ ഗാനം ചെയ്‌വാൻ മുതിർന്നത് അകത്തെ പ്രവൃത്തിവിചാരിപ്പുകാരനായ വിശ്വോപകാരി മാമാ വെങ്കിടദ്വിജൻ ആയിരുന്നു. പൂർവ്വഗ്രന്ഥം നോക്കി വയസ്സ് എത്ര ആയിട്ടുണ്ടെന്ന് വായനക്കാർ അറിഞ്ഞുകൊള്ളേണ്ടതായ ഈ മഹാവൃദ്ധനെ, സ്വന്തഗൃഹത്തിലെ അന്തർഗൃഹവിചാരിപ്പു നിർവ്വഹിച്ച് ഉദ്യോഗവേതനം മുഴുവൻ വാങ്ങിക്കൊൾവാൻ മഹാരാജാവ് അനുവദിച്ചിരുന്നു എങ്കിലും, അന്നമനട എന്ന സ്ഥലത്ത് എഴുന്നള്ളിയിരുന്നപ്പോൾ അവിടെപ്പോലുംകൂടി എത്തി, ദിവസം മുപ്പത് ആവൃത്തിയെങ്കിലും ഇടറിക്കൂടീട്ടുള്ള കണ്ഠത്തിന്റെ വിദ്യാധരപ്രയോഗങ്ങൾകൊണ്ടോ ഉപദേശങ്ങൾ, ശുപാർശകൾ, ലോകവാർത്താകഥനങ്ങൾ എന്നീ കൗശലങ്ങൾ മാർഗ്ഗേണയോ മഹാരാജാവിനെ അസഹ്യപ്പെടുത്തണമെന്നുള്ള സാര

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/51&oldid=168310" എന്ന താളിൽനിന്ന് ശേഖരിച്ചത്