ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യായ വ്രതത്തെ നിഷ്കർഷമായി അനുഷ്ഠിച്ചുപോന്ന വൃദ്ധൻ അന്നത്തെ യുദ്ധരംഗത്തിലും മാഢവ്യസ്ഥാനത്തെ നിറവേറ്റുന്നതിനായി ഹാജരായിരുന്നു.

രാജനിയമങ്ങൾക്കും രാജ്യത്തിലെ ആചാരങ്ങൾക്കും രക്ഷാസ്തംഭം ആണെന്നു നടിക്കുന്ന ഈ ലോകബന്ധു സ്ഫടികക്കണ്ണുകളെ തിളങ്ങിച്ചും മൂർദ്ധാവിലെ കഷണ്ടിക്കു പുറകിലുള്ള മൂന്നു മാർജ്ജാരരോമക്കുടമയെ വിറപ്പിച്ചും രാജസമ്മാനമായുള്ള വേത്രത്തെ നിലത്തൂന്നി മോണകളെ പുറത്തുകാട്ടിച്ചിരിച്ചും പ്രയോഗിച്ച അനന്തരഗാനങ്ങളെയും മറ്റും കേട്ടു രസിപ്പാൻ ഇതരവിഷയങ്ങളാൽ ആകൃഷ്ടനായിരുന്ന ത്രിവിക്രമകുമാരന്റെ ചിത്തത്തിന് ആസക്തി തോന്നിയില്ല. എന്നാൽ, മാമന്റെ സഹായം തന്റെ ദൗത്യംവഹിക്കുന്നതിനും ഉണ്ണിത്താനെ വിഷമിപ്പിക്കുന്നതിനും ഉപയോഗപ്പെടുമെന്നു വിചാരിച്ചു. നമ്മുടെ യുവാവ് ആ വൃദ്ധനെ മുഷിപ്പിക്കുവാൻ ഒരുങ്ങിയില്ല. മാമന്റെ സംഭാഷണത്തിന് ആ യുവാവ് ദത്തകർണ്ണനെന്നു നടിച്ച് ചിരിച്ചും ചാഞ്ചാടിയും വൃദ്ധനെ സന്തുഷ്ടനാക്കി എങ്കിലും അയാൾ തന്റെ നേത്രങ്ങളെ പരിതഃസ്ഥിതികൾക്കു സമാഹിതങ്ങളാക്കി പ്രവർത്തിപ്പിച്ചുകൊണ്ടിരുന്നു.

രാമവർമ്മമഹാരാജാവ് സ്വമന്ത്രിയുടെ ദർശനസഹായത്താൽ കണ്ഠീരവരായരുടെ പരമാർത്ഥങ്ങളെ ഗ്രഹിച്ചിരുന്നു. ആ മല്ലനും സംഘവും മഹാരാജാവിന്റെ അതിഥികളായി വരിക്കപ്പെട്ട കാലംമുതൽ സൂക്ഷ്മത്തിൽ ഒരുവക ബന്ധനത്തിൽ ആയിരുന്നു. ആ സംഘത്തെ പരിചരിപ്പാൻ നിയുക്തന്മാരായ പാചകൻമുതൽ വിറകുകീറിവരെയുള്ള പരിഷകൾ ദിവാൻജിയാൽ തിരഞ്ഞെടുക്കപ്പെട്ട യുദ്ധവിദഗ്ദ്ധന്മാർ ആയിരുന്നു. മഹാരാജാവും മന്ത്രിയും തമ്മിൽ മണ്ഡപത്തിൽ വച്ചുണ്ടായ സംഭാഷണത്തിന്റെ അവസാനം കണ്ഠീവരായർ ജയിച്ചെങ്കിൽ സമ്മാനിക്കാൻ നിശ്ചയിച്ചിരുന്ന സാമാനങ്ങളെ അയാൾക്കുതന്നെ ദാനംചെയ്ത്, ഒരു പരീക്ഷകൂടി നിർവ്വഹിക്കണം എന്നായിരുന്നു. ഉറയ്ക്കുള്ളിലിട്ടിരുന്ന ഒരു പാരസീകഖഡ്ഗവും, ഒരു സാല്വയും ചില ഹസ്താഭരണങ്ങളും അടുത്തു നീക്കിവച്ചുകൊണ്ട്, രായരെ വരുത്താൻ മന്ത്രിമുഖേന മഹാരാജാവ് കല്പനകൊടുത്തു. ആ മല്ലൻ അഴകൻപിള്ളയുടെ കൈയിൽനിന്നു മുക്തനായപ്പോൾമുതൽ പൂർവ്വവൽ ഉന്മത്തശരീരൻ ആയിത്തീർന്നിരുന്നു. ദേഹത്തിലെ മണ്ണുതുടച്ചും ചില പേയങ്ങൾ സേവിച്ച് സ്വവീര്യത്തെ ബൃഹത്കരിച്ചും അനുചരസംഘത്തിനിടയിൽ ഇരുന്ന് കേവലം മൃഗശക്തിയോടേൽക്കാൻ താൻ സമ്മതിച്ചുപോയ മൗഢ്യത്തെക്കുറിച്ച് അയാൾ വ്യസനിക്കയായിരുന്നു. രാജദാസന്മാർ എത്തി, മഹാരാജാവ് തന്നെ കാണ്മാൻ ആഗ്രഹിക്കുന്നു എന്നു ധരിപ്പിച്ചപ്പോൾ "സന്നിധാൻ ഹേ? ഹാ!" എന്നു ഗർജ്ജനം ചെയ്തുകൊണ്ട് അയാൾ നടന്നു മണ്ഡപത്തിന്റെ അന്തഃപ്രദേശത്തുതന്നെ കടന്നു. മന്ത്രിയിൽനിന്ന് അല്പം അകലത്തായും നിരായുധനായും നിൽക്കുന്ന മഹാരാജാവിനെ പാർശ്വത്തിലിരിക്കുന്ന ഖഡ്ഗത്തോടൊന്നിച്ചു കണ്ടപ്പോൾ കണ്ഠീരവക്ഷേത്രവാസിയായ തക്ഷകൻ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/52&oldid=168311" എന്ന താളിൽനിന്ന് ശേഖരിച്ചത്