ജാവിനെ രക്ഷിപ്പാനായി മുമ്പോട്ടു കുതിച്ചു. ദിവാൻജി സ്തബ്ധനായി നിന്നു. സേനാനായകന്മാരും ഭടജനങ്ങളും കാണികളും രായരെ ശകലമാക്കാൻ വട്ടംകൂട്ടി വളഞ്ഞു. രായരുടെ അനുചരന്മാർ ആയുധങ്ങൾ വീശി ഭടസംഘത്തിനിടയിൽ ചാടി. തന്റെ നേർക്കുണ്ടായ നിഗ്രഹോദ്യമത്തെ കണ്ടിട്ടും നിശ്ചലനായി നിന്ന മഹാരാജാവ് മുന്നോട്ടു നീങ്ങി, ആരബ്ധമായിരിക്കുന്ന വൈദഗ്ദ്ധ്യപരീക്ഷണത്തെ ചില ഉഗ്രാജ്ഞകളാൽ ചൂണ്ടിക്കാട്ടി, സമരസാഹസങ്ങളെ നിരോധിച്ചു. കണ്ഠീരവനും ത്രിവിക്രമനും ബഹിർല്ലോകവ്യാപാരങ്ങൾക്കു നിശ്ചൈതന്യന്മാരായി, എഴുന്നേറ്റു പുറകോട്ടുവാങ്ങി കുനിഞ്ഞും ശ്വാസമടക്കിയും പരസ്പരം ദത്തനേത്രന്മാരായി അല്പനേരം നിന്നിട്ട് ചില അടവുകൾ ചവുട്ടി സുയോധനഭീമന്മാരെപ്പോലെ വീണ്ടും മുന്നോട്ടടുക്കുന്നു. പൂട്ട്, ഒഴിവ്, മറുപൂട്ട്, പുനരൊഴിവ്, തൊഴി, മിതി, പ്രതിമിതി, ഇടി, തട എന്നിങ്ങനെ കഴിഞ്ഞ് അഭിന്നമെന്നപോലെയുള്ള ഒരു ബന്ധനിലയിൽ രണ്ടുപേരും ഏകശരീരമായി പിണയുന്നു. മാറിമാറി ഓരോ മല്ലന്റെയും തല പ്രതിയോഗിയുടെ കക്ഷത്തിനിടയിലാകുന്നു. കണ്ഠീരവന്റെ ശിരസ്സിനുമേൽ ത്രിവിക്രമകുമാരൻ പൊങ്ങുന്നു. കണ്ഠീരവൻ അടിയിലും ത്രിവിക്രമകുമാരൻ മുകളിലുമായി രണ്ടുപേരും നിലത്തു വീഴുന്നു. കണ്ണിമച്ചു തുറക്കുന്നതിനിടയിൽ കണ്ഠീരവൻ മുകളിലാകുന്നു. അടുത്തമാത്രയിൽ അയാളുടെ ലോഹകായം ആകാശത്തിലോട്ടു പൊങ്ങുന്നു. ഉത്തരക്ഷണത്തിൽ, ത്രിവിക്രമകുമാരന്റെ മുതുകുവഴി അത് എങ്ങനെയോ കീഴ്പോട്ടിഴഞ്ഞ്, ഒന്നു വട്ടംകറങ്ങുന്നു. രണ്ടുപേരും മാറോടുമാറുചേർന്നു പരിരംഭണം ചെയ്യുന്നു; കൈയോടു കൈ പിണച്ചു വട്ടം ചുറ്റുന്നു, മുതുകോടു മുതുകുചേർന്ന് ചക്രഭ്രമണം ചെയ്തു കാണികളെ നടുങ്ങിക്കുന്നു. തല രണ്ടും കൈകൾ നാലും പിണഞ്ഞ്, നാലുകാലിന്മേൽ ചരിക്കുന്ന ഒരു ജന്തു കരണം കുത്തി വിഹരിക്കുന്നതുപോലെയുള്ള ഒരു മത്സരസാഹസം ദൃശ്യമാകുന്നു. പാദദ്വന്ദ്വങ്ങൾ മാറിമാറി മേല്പോട്ട് കാണുമാറാകുന്നു. ശരീരങ്ങൾ രണ്ടും വീണ്ടും പിരിഞ്ഞ് മപ്പുകൾ തകർത്ത് കാണികളുടെ ശ്രവണപുടങ്ങളെ ഭേദിക്കുന്നു. പൂർവപരീക്ഷകൾ ആവർത്തിച്ച്, ശരീരങ്ങൾ പിന്നെയും പിണയുന്നു. ഇങ്ങനെ രണ്ടുമൂന്നു കളം കഴിഞ്ഞപ്പോൾ രണ്ടു ശരീരങ്ങളും മുൻപിലത്തെപ്പോലെ പരസ്പരം സംഘടിച്ച് ഭൂമിയിൽ വീണ് പരിവർത്തനം തുടങ്ങുന്നു. രണ്ടുപേരുടെയും ഉത്തമാംഗദ്വാരങ്ങൾ മണ്ണുണ്ടുപോകുന്നത് വിജയോത്കണ്ഠയാൽ വിവേകശൂന്യന്മാരായിരിക്കുന്ന പരിപന്ഥിദ്വന്ദ്വം ഗ്രഹിക്കുന്നില്ല. ഹാ! കഷ്ടം! രക്തകണങ്ങൾ യുദ്ധക്കളത്തെ ശോണമാക്കിത്തുടങ്ങുന്നു. മർമ്മവിദ്യാവിദഗ്ദ്ധനായിരുന്ന ത്രിവിക്രമകുമാരൻ ആ കൗശലം പ്രയോഗിക്കാതെ ധർമ്മസമരം ചെയ്യുന്ന വീര്യത്തെ അഭിനന്ദിച്ച് മഹാരാജാവ് തലയാട്ടിപ്പോകുന്നു. കോപാരവങ്ങൾ രംഗത്തു പൊങ്ങിത്തുടങ്ങുന്നു, രക്തസ്രവണം വർദ്ധിക്കുന്നു, മുഷ്ടിപ്രയോഗശബ്ദങ്ങൾ തെരുതെരെ മുഴങ്ങുന്നു, കാണികൾ വിഭ്രാന്തനേത്രന്മാരാകുന്നു. നിലം കുത്തിപ്പോയ രായരുടെ ഹസ്തങ്ങൾ കുട്ടി
താൾ:Ramarajabahadoor.djvu/54
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു