ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭീമന്റെ കൈകളിൽ അമരുന്നുവോ? അതേ! അത്ര മാത്രമല്ല ആ യുവാവിന്റെ കൈമുട്ടുകൾ രായരുടെ വക്ഷസ്സിൽ നിർദ്ദയം താഴുകയും ചെയ്യുന്നു. കണ്ഠീരവൻ വെടിയുണ്ടയേറ്റ വ്യാഘ്രംപോലെ അലറുന്നു. ആ ആർത്തസ്വരം കേട്ടു ദീനാനുകമ്പനായ ത്രിവിക്രമകുമാരൻ പ്രതിയോഗിയുടെ കൈകളെ വിടുന്നു, രായർ നിരുദ്ധപ്രഭാവനായി മലർന്നു കിടന്നുപോകുന്നു. വിജയിയായ യുവവിക്രമൻ എഴുന്നേറ്റു നീങ്ങി മഹാരാജാവിന്റെ പാദങ്ങൾ നോക്കി തൊഴുതുനിൽക്കുന്നു. അടുത്തുള്ള 'നിത്യാന്നദാന' ശാലയിൽ മുഴങ്ങുന്ന ആരവം ശ്രീപത്മനാഭവൈകുണ്ഠത്തിലേക്കു കാണികളുടെ ഹൃദയങ്ങളെ ആകർഷിക്കുന്നു. ആ നിശബ്ദസമിതി കാൺകവേ മഹാരാജാവ് കണ്ഠീരവരായർക്കായി ഉദ്ദേശിച്ച ഖഡ്ഗവീരശൃംഖലാദികളെ ത്രിവിക്രമകുമാരനു സമ്മാനിച്ച്, ആ യുവവിജയനെ അനുഗ്രഹിക്കുന്നു. മാമൻ മുന്നോട്ടു നീങ്ങി ആ ഹസ്താഭരണത്തെ വാങ്ങി കണ്ണിൽ ചേർത്തിട്ട് "മറ്റതും ഓഹോ" എന്ന് ഒരു ആശീർവചനം ഉച്ചരിച്ചുപോകുന്നു. കണ്ഠീരവരായരും സംഘവും ദിവാൻജിയുടെ ആജ്ഞ അനുസരിച്ച് കാരാഗൃഹത്തിലേക്കു നീതന്മാരാവുകയും ചെയ്യുന്നു.

ത്രിവിക്രമകുമാരൻ മഹാരാജാവിന്റെ അഭിനന്ദനത്തിനു പാത്രമായി, രാജസമ്മാനങ്ങളുടെ നിക്ഷിപ്തിയാൽ അയാളുടെ ഹസ്തതലം പ്രകാശമാനമായപ്പോൾ ജനസംഘത്തെ സ്വസന്നിഹിതികൊണ്ടു മഹനീയമാക്കിനിന്നിരുന്ന കൊടന്തആശാന് ആ സന്ധ്യവേള പിശാചതസ്കരാദികളുടെ സഞ്ചാരയാമമായുള്ള അർദ്ധരാത്രിയാണെന്നു തോന്നിപ്പോയി. മഹാരാജാവിനെയും പരിവാരങ്ങളെയും തുടർന്നു ഭടജനങ്ങളും ജനതതിയും ആ രംഗത്തിൽനിന്നു പിരിഞ്ഞിട്ടും തന്റെ ശരീരത്തേക്കാൾ വിപുലതരമായുള്ള ഹൃദയശലാക ആ നിലത്തെങ്ങാണ്ടോ അവഗാഹനം ചെയ്തുപോയതായി തോന്നി. ആ തിരസ്കൃതിക്ക് അനുകൂലിച്ച ഭൂവിലത്തെ ആരായുന്നവൻ എന്നപോലെ നിശായക്ഷിയുടെ പ്രവേശം ഉണ്ടായതു വിസ്മരിച്ച്, ആശാൻ ആ സ്ഥലത്ത് അമ്പരന്നു നടന്നുപോയി. അന്നത്തെ രാജജീവരക്ഷാക്രിയകൊണ്ട് ത്രിവിക്രമകുമാരന്റെ വില അനർഘമായിത്തീർന്നിരിക്കുന്ന സ്ഥിതിക്ക് തന്നാൽ പ്രാർത്ഥിതമായുള്ള പരിഗ്രഹലബ്ധി വിദൂരമാകുന്നു എന്ന് ആശാന്റെ ബുദ്ധി ദർശിച്ചു. എന്നാൽ ആ യുവാവിനെ ജാമാതാവായി കിട്ടാൻ ഒരു മഹാമാരീചൻ മായാപ്രയോഗങ്ങളെ അനുവർത്തിക്കുന്നുണ്ടെന്ന് ആശാൻ ഗ്രഹിച്ചിരുന്നു. ആ ദുർമാന്ത്രികന്റെ ആഭിചാരങ്ങളെ മാമബ്രാഹ്മണൻ മുഖേനയോ മറ്റോ ത്രിവിക്രമകുമാരന്റെ അഭിലാഷം തിരുമുമ്പിൽ സമർപ്പിതമാകുന്നതിനുമുമ്പ് ഊർജ്ജിതപ്പെടുത്തി ആ യുവാവിനെ അപഹരിപ്പിച്ചാൽ സാവിത്രിയുടെ പരിണയരംഗം അത്രത്തോളം തനിക്ക് ഒഴിഞ്ഞുകിട്ടുമെന്നു ആ താർക്കികശിഷ്യൻ സമർത്ഥിച്ചു. ബബ്‌ലേശ്വരം രാജകുമാരന്റെ ശിശുപാലത്വത്തെ സ്വന്തം തന്ത്രപ്രയോഗത്താൽത്തന്നെ ഉച്ചാടനം ചെയ്തുകൊള്ളാമെന്നും അയാൾ ധൈര്യപ്പെട്ടു. ഇങ്ങനെയുള്ള നിശ്ച

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/55&oldid=168314" എന്ന താളിൽനിന്ന് ശേഖരിച്ചത്