ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കഥ മറ്റൊരിടത്തും മിണ്ടിക്കൂടാ. നടക്കുമ്പോഴെ എല്ലാവരും അറിയാവൂ. എന്നു മറ്റും ചില അഭിജ്ഞോപദേശങ്ങൾ സമർപ്പിച്ചിട്ട് ആശാൻ നടകൊണ്ടു.

പാരത്രികജീവിതത്തിനു നിർദ്ദിഷ്ടമായിരിക്കുന്ന തന്റെ ജീവാത്മാവിനെ പ്രാരബ്ധബന്ധങ്ങളിലേക്കു പ്രത്യാനയിപ്പാൻ മീനാക്ഷിഅമ്മ ഒരുങ്ങിയില്ല. കർമ്മബന്ധത്താൽ നേരിട്ടുപോയിരിക്കുന്ന വിപദ്വലയത്തെ ഭർത്തൃഹിതത്തിനു വിപരീതമായുള്ള വല്ല ഇംഗിതപ്രകടനവുംകൊണ്ടു ജടിലമാക്കുന്നത് പതിവ്രതാധർമ്മത്തിന്റെ അത്യാസുരവിലോപം ആകുമെന്നു വിചാരിച്ച് കൊടന്തആശാന്റെ വാക്കുകളെ ജലലിഖിതങ്ങൾപോലെ ഗണിച്ചു സ്വന്തം ധ്യാനസ്ഥിതിയെ പുനരവലംബിച്ചു.

ഉണ്ണിത്താൻ നിയമേന മഹാരാജാവിനെ രണ്ടുനാഴിക വെളുപ്പിന് മുഖം കാണിക്കുന്ന രാജസേവകവർഗ്ഗത്തിലെ പ്രധാന പുരുഷനായിരുന്നു. സൗന്ദര്യവും സമ്പത്തും വിദ്വത്വവും സദ്‌വൃത്തിയും കുലമഹത്ത്വവും എല്ലാം ചേർന്നു തനിക്കുണ്ടാക്കിത്തീർത്തിട്ടുള്ള ഈ അവസ്ഥയെ അദ്ദേഹം ഒരു വിശേഷഭാഗ്യമായി പുലർത്തിവന്നു. അന്നു രാജസന്ദർശനം കഴിഞ്ഞ് ഉണ്ണിത്താൻ മറ്റു ചില കാര്യങ്ങളുമന്വേഷിച്ചു ഗൃഹത്തിലേക്കു മടങ്ങുംവഴിയിൽ പത്മതീർത്ഥക്കരയിലുള്ള കല്ലാനയുടെ ആനക്കാരനായി കണ്ടതു സ്വശിഷ്യനായ കൊടന്തആശാനെ ആയിരുന്നു. കണ്ഠം ചുറ്റി ധരിച്ചിരുന്ന രണ്ടാംമുണ്ട് അത്ഭുതകരമായ വേഗത്തിൽ ഉടുമുണ്ടിനിടയിൽത്തന്നെ മറഞ്ഞു. അത്യാദരത്താൽ ആശാൻ പിടഞ്ഞുതുള്ളി ഗജത്തിന്റെ പൃഷ്ഠഭാഗത്തും മറഞ്ഞു. എങ്കിലും മുഖത്തെ സ്വഗുരുനാഥനു വ്യക്തമായി കാണുമാറാകുംവണ്ണം കണ്ഠം പൊങ്ങിച്ചു നിലകൊണ്ടപ്പോൾ ഉദ്ദേശിച്ച ഫലം സംപ്രാപ്തമായി. ഉണ്ണിത്താൻ രാജവീഥിയിൽ നിന്നുകൊണ്ട് അകമ്പടിക്കാരെ മുമ്പിൽ നടകൊള്ളുന്നതിന് ആജ്ഞാപിച്ചു. ഏകാംഗുലിയാൽ ആശാന്റെ സാമീപ്യത്തെ ആവശ്യപ്പെട്ടുകൊണ്ട് ഒരു അനുസ്വാരോച്ചാരണത്താൽ വിശേഷമെന്തെന്ന് ചോദ്യം ചെയ്തു.

കൊടന്ത ആശാൻ: "ഒന്നുമില്ലേ?"

ആശാന്റെ മുഖചേഷ്ട വിപരീതോക്തിയെ പ്രസ്ഫുടമായി വദിച്ചുകൊണ്ടിരുന്നതിനാൽ, ഉണ്ണിത്താൻ സത്യസന്ധതയെക്കുറിച്ചു ചില പ്രമാണങ്ങൾ പ്രഖ്യാപനം ചെയ്തു തന്റെ ശിഷ്യനെ ശാസിച്ചു.

കൊടന്ത ആശാൻ: "ഇല്ലേ, ഒന്നുമില്ലേ?"

ഉണ്ണിത്താൻ: "ഭോഷ്ക്! ഈ പഠിത്വം തനിക്കു നന്മ വരുത്തൂല്ല."

കൊടന്ത ആശാൻ: "അയ്യോ ശപിക്കല്ലേ!" (കൈകുടഞ്ഞ് എന്തു ചെയ്യേണ്ടു എന്നുള്ള ഭാവം ഭംഗിയായി നടിച്ചുകൊണ്ട്) "കുഞ്ഞമ്മ നല്ലൊരു വഴി ആലോചിക്കുന്നേ."

ഉണ്ണിത്താൻ: "കുഞ്ഞമ്മയുടെ കാര്യത്തിൽ ഇനി പ്രവേശിക്കണ്ടാ. അവിടെയുള്ള ദൗത്യം ഇവിടെ കൊണ്ടുവരികയും വേണ്ട. പെണ്ണുങ്ങൾ പാവങ്ങളെ ഇട്ടു പേ പിടിപ്പിക്കാൻ നീ നടക്കേണ്ട." (ഊർജ്ജിതസ്വര

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/64&oldid=168324" എന്ന താളിൽനിന്ന് ശേഖരിച്ചത്