ച്ചുതന്നെ ആയിരുന്നു."
കൊടന്തആശാൻ: "എന്നാൽ വിളിച്ചു വല്ല കല്പനയും തരുമ്മുമ്പ് സ്വതേതന്നെ തിരുവുള്ളം നടത്തുകയല്ലേ നയം?"
ഉണ്ണിത്താൻ: "വല്ലടവും മാന്തിപ്പൊളിക്കാതെ പോയി പറഞ്ഞതു ചെയ്ക. ആ കൊച്ചൻ കണ്ടാലും ആചാരത്തിലും ബൗദ്ധൻ. നടക്ക്, തമ്പുരാൻ കുളിക്കാൻ ഇറങ്ങിപ്പോകും."
ആശാൻ നിലംനോക്കി അല്പനേരം ആലോചിച്ചു നിന്നു. ചില വികൃതചേഷ്ടകളും കാട്ടി ഉണ്ണിത്താൻ കോപിച്ചു: "എന്തോന്നെടാ നീയൊരു ശകുനിയായിത്തീർന്നിരിക്കുന്നത്? ആരെയെങ്കിലും ചൂതിനു വിളിക്കാൻ ഉപദേശിക്കണമെന്നു വിചാരിക്കുന്നെങ്കിൽ അത് ഇങ്ങോട്ടു പുറത്തു വിട്ടേക്ക്. ഉപേക്ഷ വേണ്ട."
കൊടന്തആശാൻ: "അതൊന്നുമില്ല. ആളെക്കുറിച്ചുമല്ലേ. അവിടുന്നു രത്നം! ഇവിടേക്കു ചേരുന്ന പ്രതാപക്കാരൻ. പക്ഷേൽ-"
ഉണ്ണിത്താൻ: "നിന്റെ ഇടപ്രയോഗംകൊണ്ടു പെരുവഴിയിൽ നിറുത്തി കഷണിപ്പിക്കാതെ."
കൊടന്തആശാൻ: "ഇല്ലേ-ഇല്ലേ. 'വിളിച്ചുപറയാൻ പട്ടൻ' വേണം എന്നുണ്ടല്ലോ."
ഉണ്ണിത്താൻ: "നിനക്ക് ആ വൈഭവം വഴിക്കു തീണ്ടീട്ടുപോലുമില്ല. നീ ശുദ്ധപൊട്ടൻ. ആ തിരുമനസ്സിലെക്കുറിച്ചു നീ എന്തോ പറകയാണ്. അവിടുന്നു സമ്പത്തിലും വീര്യത്തിലും സൗന്ദര്യത്തിലും നമുക്കു കിട്ടാത്ത ഒരു മഹാനുഭാവൻ. എടാ! നീ എന്തു വിചാരിക്കുന്നു? ചില്ലറക്കാര്യമാണോ അത്? ധനം, സ്ഥാനം, യശസ്സ്-"
കൊടന്തആശാൻ: "അതെല്ലാം അങ്ങനെതന്നെ ആന്നെ. ആ കോലോത്തെ ദായക്രമം നമ്മുടെ അല്ലപോലും."
ഉണ്ണിത്താൻ: "അല്ലെങ്കിൽ വേണ്ട. യാജ്ഞവൽക്ക്യവും മറ്റും ഞാൻ നോക്കീട്ടുണ്ട്."
കൊടന്തആശാൻ: "അതല്ലാ, ഔടുത്തേക്ക് ഇങ്ങോട്ടു വരുന്ന ധുലുത്താനെപ്പോലെത്തന്നെ രാജ്യവും സൈന്യവുമുണ്ട്."
ഉണ്ണിത്താൻ: "ഛേ ഏഭ്യാ! 'വരുന്നു' എന്നു വിധിക്കാൻ നീ എവിടത്തെ ജ്യോത്സ്യൻ? കഴുത്തു സൂക്ഷിച്ചു സംസാരിക്ക്."
കൊടന്തആശാൻ തന്റെ വാക്കിലുണ്ടായ സ്ഖലനത്തെ സ്മരിച്ച് അപരാധസമ്മതം അഭിനയിച്ച്, കാലുകൾ തമ്മിൽ ഉരുമ്മിക്കൊണ്ട് തലയും സ്വരവും താഴ്ത്തി ഇങ്ങനെ തുടങ്ങി: "അതുതന്നെ ബോധിപ്പിക്കുന്നത്. ബന്ധുവോ ശത്രുവോ എന്നു നിർണ്ണയപ്പെടുത്തീട്ട് ചെമ്പകശ്ശേരിയിലെ പിള്ളയെ ഉപേക്ഷിക്കുക ഉത്തമം. എന്നുവച്ചാൽ പൊന്നുതിരുമേനിക്ക് -വല്യകൊട്ടാരത്തിലേക്ക്, ബന്ധുവോ ശത്രുവോ എന്ന് ആലോചിക്കണ്ടേ എന്നാണ്."
ഉണ്ണിത്താൻ സൂര്യകിരണങ്ങളെ എണ്ണാൻ കണ്ണുതുറിച്ചു നിന്നു