പോയി. സ്വശിഷ്യന്റെ ബുദ്ധിവൈശിഷ്ട്യം അഭിനന്ദിച്ച്, അയാളെ ഒരു നല്ല സ്ഥിതിയിൽ ആക്കേണ്ടതാണെന്ന് ഉറയ്ക്കുകയും ചെയ്തു. എങ്കിലും മതിൽക്കകത്തു ഭജനം കിടപ്പാൻ വന്നിരിക്കുന്ന ഭക്തൻ മഹമ്മദീയാനുകൂലി ആകുന്നത് അസംഭാവ്യം എന്നു തോന്നുകയാൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു: "പോ പോ; എന്റെ ബുദ്ധിക്കും കണ്ണിനും ഏതാണ്ടൊരു തെളിവുണ്ട്. ശത്രു ആകാൻ ഒന്നുകൊണ്ടും സംഗതിയില്ല. എന്നെ ദ്രോഹിക്കുന്ന പരിഷകൾക്കു ഞാൻ അറിഞ്ഞ് ഈ ജന്മത്ത് ഒരു ദാനവും ഉണ്ടാകൂല്ല. ആരെയും കിട്ടാഞ്ഞാൽ സ്വന്തം ജ്ഞാതികളുണ്ട്. ആശ്രിതന്മാരുണ്ട്. തമ്പുരാനല്ലെങ്കിൽ അവരിലൊരാൾ സാവിത്രിയെ കൊണ്ടുപോകും."
കൊടന്ത ആശാന്റെ ശിരസ്സിൽ ബ്രഹ്മദേവൻ പള്ളിസ്ഥിതികൊള്ളുന്ന പത്മത്തിലുള്ള മധുവിന്റെ കാലവൃഷ്ടിതന്നെ ചൊരിഞ്ഞു. അതുകൊണ്ടുണ്ടായ അന്തർമ്മോദത്തിന്റെ നിർഭരത്തിരത്തള്ളലിനെയും എതിർത്തുകൊണ്ട് ആ കുടിലൻ വിദഗ്ദ്ധനടന്മാർക്കും മാത്രം വശ്യമായുള്ള സഹതാപനാട്യത്തോടെ ഇങ്ങനെ പറഞ്ഞു: "കഷ്ടമാണേമാനെ! സ്വന്തത്തിൽ സ്വത്തും സ്ഥാനവുമുള്ള ഒരു ചെറുപ്പക്കാരനെ കിട്ടുമ്പോൾ കുട്ടിയുടെ ജന്മം വല്ല വനത്തിലോട്ടും അയച്ച്-?"
ഉണ്ണിത്താൻ: (ചിരിച്ചുകൊണ്ട്) "നീ പറഞ്ഞുതന്നാണോ ശ്രുതികളും ധർമ്മങ്ങളും ഞാൻ അറിയേണ്ടത്? നടക്ക്, എല്ലാം രഹസ്യമായിരിക്കണം. പെരിഞ്ചക്കോടൻ ഏതു കാട്ടുരാജാവെങ്കിലും ആകട്ടെ. അക്കാര്യത്തിൽ സാഹസപ്പെടേണ്ട."
ഉണ്ണിത്താൻ നന്തിയത്തുമഠത്തിലേക്കും ആശാൻ ബബ്‌ലേശ്വരന്റെ വാസസ്ഥലത്തേക്കും തിരിച്ചു. ഗുരുനാഥന്റെ കചസ്ഥാനം വാഞ്ഛിക്കുന്ന കൊച്ചാശാൻ ഒരു ദിവ്യവിമാനത്തിൽ ആരൂഢനായിത്തന്നെ കോട്ടയ്ക്കകത്തുള്ള കിഴക്കും വടക്കും തെരുവുകളെ തരണം ചെയ്തു. ബബ്‌ലേശ്വരനു മഹാരാജാവിന്റെ തിരുവുള്ളത്താൽ അനുവദിക്കപ്പെട്ട വാസമന്ദിരം 'വലിയകോയിക്കൽ' കൊട്ടാരമായിരുന്നു. 1033-ലെ മുറജപക്കാലത്തു രാജകീയഏർപ്പാടുകളാൽ ദത്തമായ ഒരു ഓലച്ചൂട് അന്നു നിന്നിരുന്ന രാജമന്ദിരത്തെ ഭക്ഷിച്ചു. അവിടെ പ്രതിഷ്ഠിച്ചിരുന്ന ദേവൻ കൂപക്കരമഠം ഭഗവതിക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കപ്പെട്ടു. ഇപ്പോൾ കാണുന്ന രണ്ടുനില വലിയ നാലുകെട്ട് ആ തീപിടിപ്പിനുശേഷം പണിചെയ്യപ്പെട്ടതാണ്. ഈ കഥാകാലത്തു നിന്നിരുന്ന മന്ദിരം വടക്കൻ കോട്ടയത്തുനിന്ന് ഉമയമ്മറാണി സ്വകുടുംബസഹായത്തിനു വരുത്തിയ കേരളവർമ്മ രാജാവിന്റെ പാർപ്പിടമായിരുന്നു. സാക്ഷാൽ ഇക്ഷ്വാകുചക്രവർത്തിയോടു വംശബന്ധം അവകാശപ്പെടുന്ന ബബ്‌ലപുരം രാജകുടുംബത്തിലെ അജിതസിംഹമാനവിക്രമൻ രാജകുമാരന്റെ പാർപ്പിനായി അനുവദിച്ചത് തെക്കുപടിഞ്ഞാറു മൂലയിൽ 'വേട്ടയ്ക്കൊരുമക'നെ പ്രതിഷ്ഠിച്ചിട്ടുള്ള ആ മന്ദിരംതന്നെ ആയിരുന്നു.
ബബ്‌ലേശ്വരന്റെ സൂര്യവംശപ്രഭാവം മന്ദിരത്തിന്റെ ബഹിർഭാഗത്തു