അച്ഛനെ കാണണമെന്നാഗ്രഹിക്കാണ്ട് നോം പരിലാളിക്കും." ഈ ആർദ്രത ഉണ്ണിത്താന്റെ ഹൃദയത്തെയും ദ്രവിപ്പിച്ചു. "അതങ്ങനെ- ഇനീം നോം രണ്ടുപേരും മനുഷ്യര്. ക്രോധമത്സരങ്ങൾ എന്നവറ്റയ്ക്കു-" (വിരമിച്ച് അവശ്യവിഷയത്തിൽ പ്രേവശിക്കുന്ന നാട്യത്തിൽ) "ദേ! ഒന്നു ചോദിച്ചോട്ടെ, ആ കേശോനേ- നിങ്ങടെ ദിവാൻജി-ഓനെ, വിവാഹത്തിനു ക്ഷണിക്കണോ? എന്താ ഭാവം?"
വിവാഹകാര്യം തീർച്ചപ്പെട്ടതിനാൽ, വിദ്വാനായ ഉണ്ണിത്താൻ മനസ്സുകൊണ്ടു ദിവസവും നിശ്ചയിച്ചിട്ടു ക്ഷണത്തിൽ മറുപടി പറഞ്ഞു: "ക്ഷണിച്ചേ തീരൂ എന്നവിധത്തിൽ ഞങ്ങൾ തമ്മിൽ ചാർച്ചയൊന്നുമില്ല. അടിയന്തിരം ചിലമ്പിനഴിയത്തുവച്ചു നടത്താമെന്ന് ആലോചിക്കുന്നതുകൊണ്ട് അത്ര ദൂരത്തും ഈ സമയത്തും അദ്ദേഹത്തെ കൊണ്ടുപോകുന്നത് വേണ്ടെന്നുവയ്ക്കാവുന്നതാണ്"
അജിതസിംഹൻ: (ഇട്ടുണ്ണിക്കണ്ടപ്പരുടെ നിയോഗങ്ങളിൽ ഒന്നു നിർവ്വഹിക്കാനുള്ള തക്കം ഉണ്ടാവുകയാൽ) "ഹാ! ചെലമ്പിലിയയം! അതിന്റെ ദൗലത്തു നോം കേട്ടിട്ടുണ്ട്. അവിടെ പാർക്കുന്ന കാർണ്ണോര്?"
ഉണ്ണിത്താൻ: "അടിയൻതന്നെയാണ് ഇപ്പോളത്തെ കാരണവര്."
അജിതസിംഹൻ: "'അടിയ'നോ! ഐ! അലോഗ്യം! മുമ്പിലത്തെ കാർണ്ണോർ ഇപ്പയ്-?"
നെഞ്ചിൽ ഒരു ശൂലം കൊണ്ടതുപോലെ ഉണ്ണിത്താൻ മലരാൻ തുടങ്ങി. ആ ഇടയിൽ തനിക്കു കിട്ടിയ ലേഖനത്തെ സ്മരിക്കകൂടി ചെയ്കയാൽ, അദ്ദേഹത്തിന്റെ മുഖം വിളറി, 'അങ്ങനെ സ്വരം താഴട്ടെ. എന്നാൽ വളയ്ക്കയേ പാടുള്ളു, ഒടിക്കാൻ പാടില്ല' എന്നിങ്ങനെ നിശ്ചയിച്ചുകൊണ്ട് അജിതസിംഹൻ മന്ദമായി ഒന്നു ചിരിച്ചുകളഞ്ഞു. അദ്ദേഹത്തിന്റെ കർണ്ണങ്ങൾ പരിസരസ്ഥിതികൾ ഗ്രഹിപ്പാൻ ഗാഢമായി ദത്തമാവുകയും ചെയ്തു. എങ്കിലും ഉണ്ണിത്താന്റെ ശ്രദ്ധ ആ അവസ്ഥകളിൽ പതിയാതിരിപ്പാൻ, അതിനെ തന്റെ നിയാമകശക്തിക്ക് അധീനമാക്കുന്നതിനുള്ള ആഭിചാരകർമ്മമായി സ്വസംഭാഷണത്തെ ഇങ്ങനെ തുടർന്നു: "എന്താ ചിന്തിച്ചുവന്നത്? ആ കേശവകുടിലന്റെ വിഷയം. ഓൻ-എന്താ ഓന്റെ ദുര! അകംതന്നെ-"
'നീചം' എന്നുള്ള അർത്ഥത്തിൽ വിരലുകൾ തെറിച്ചുകൊണ്ട് കുലശേഖരപ്പെരുമാൾ ശുദ്ധാത്മാവാണെന്നും സമ്പാതി ആയി ഗുഹാവാസം അനുഷ്ഠിക്കുന്ന ആർക്കാട്ടു നവാബോടും 'ഇങ്കിരിയസ്സുകാർ' എന്നൊരുവക സിംഹദ്വീപന്മാരോടും 'ഓൻ' സഖ്യംചെയ്യിച്ചിരിക്കുന്നതു തക്കംകിട്ടുമെങ്കിൽ ടിപ്പുവോട് ആക്കി, ആ വ്യാഘ്രത്തിനു രാജ്യത്തെ പണയപ്പെടുത്തിക്കൊടുക്കുമെന്നും പ്രസംഗിച്ചു. ദിവാൻജിയെക്കുറിച്ചുള്ള ദുരഭിപ്രായത്തോടു പൊതുവിൽ സഹൃദയത്വം അഭിനയിച്ചുകൊണ്ടു രാജ്യകാര്യങ്ങളിൽ അദ്ദേഹം അമാനുഷവിദഗ്ദ്ധനും തൃപ്പാദങ്ങളെക്കുറിച്ചു നിസ്തുലഭക്തനും ആണെന്ന് ഉണ്ണിത്താൻ വാദിച്ചു. അജിതസിംഹൻ പൊക്കിയ ചുവട് പുറകോട്ടു വാങ്ങിക്കൊണ്ട്, അടുത്ത അടി ഉയർത്തി.