ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തന്ത്രഭീമസേനനെ രോമമാത്രത്തോളമെങ്കിലും ചുവടിളക്കിക്കണമെങ്കിൽ, സാക്ഷാൽ ഭീമദേവന്റെ സാഹായ്യംതന്നെ വേണ്ടിവരുമായിരുന്നു. ബാല്യകാലകഷ്ടതകളും സേവകജീവിതത്തിലെ നിതാന്തക്ലമങ്ങളും സ്വാശ്രയശക്തിയെ പ്രതിഫലിപ്പിക്കുന്ന ഒരു വിദ്യുത്തേജസ്സിനെ ആ മുഖത്ത് വ്യാപരിപ്പിച്ചിരുന്നു. രൂക്ഷപ്രകാശങ്ങളായിരുന്ന ആ നേത്രങ്ങൾ സൗഹൃദത്തോടുകൂടിയുള്ള സമാഗമങ്ങൾക്കു സ്വാഗതവാദികളായ ദ്വാസ്ഥന്മാരും ദ്രോഹശ്രമാനുവർത്തരെ ഭസ്മീകരിക്കാനുള്ള അഗ്നികുണ്ഡങ്ങളും ആണെന്നു പരിസേവിജനങ്ങൾ ഗ്രഹിച്ചിരുന്നു. ശത്രുവിനെപ്പോലും പ്രത്യക്ഷമായ വ്യാജവചനംകൊണ്ടു വഞ്ചിപ്പാൻ അദ്ദേഹം ഒരുങ്ങിയിരുന്നില്ലെങ്കിലും രാജ്യതന്ത്രവൃത്തികളെ അവശ്യം പരിരക്ഷിക്കേണ്ടതായ രഹസ്യങ്ങളെ ഗ്രഹിപ്പാൻ ഉദ്യമിക്കുന്നവരെ ആ ശുകതുണ്ഡനാസികയിൽനിന്നു പുറപ്പെടുന്ന ചീറ്റങ്ങളാൽ ഹതാശന്മാരാക്കിവന്നു. മന്ത്രിമണ്ഡലത്തിലെ ഈ അപൂർവ്വഭാസ്വാൻ അലസന്മാർക്കു കൃതാന്തനായും കാര്യപ്രവർത്തകന്മാർക്കു സുഹൃത്തായും കുടിലന്മാർക്കു ശൂലാഗ്രപ്രദർശകനായും രാജദത്തമായുള്ള അധികാരമുദ്രയെ അക്ഷയതേജസ്സോടെ ധരിച്ചു, സ്വകൃത്യങ്ങളെ കൃത്യബോധകൃത്യതയോടെ നിർവ്വഹിക്കുന്നു.

അസ്തമിച്ച് ആറേഴു നാഴിക ആയിട്ടും ഈ രാജ്യദാസൻ തന്റെ എഴുത്തുപെട്ടിയുടെ മുമ്പിൽ ചിന്താധീനനായിത്തന്നെ സ്ഥിതിചെയ്യുന്നു. സ്വരാജ്യത്തിന്റെ സുസ്ഥിതിയും തന്റെ സുഖ്യാതിയും സ്വസ്വാമിയുടെ മനസ്സ്വാസ്ഥ്യവും രക്ഷിക്കേണ്ടതായ ഒരു ആഗമനത്തെ പ്രതീക്ഷിച്ചു ദ്വാരപ്രദേശത്തിലോട്ടു സ്ഥിരവീക്ഷണനാകുന്നു മൈസൂരിൽനിന്നുണ്ടാകുന്ന യുദ്ധപ്രസ്ഥാനങ്ങളുടെ സന്നാഹങ്ങളറിവാൻ പല ചാരന്മാരെയും അങ്ങോട്ടു നിയോഗിച്ചിരുന്നു. ആ സംഘത്തിലെ പ്രമാണി കുഞ്ചൈക്കുട്ടിപ്പിള്ള എന്ന തന്റെ പ്രത്യേക വിശ്വസ്തനും മഹാമാന്ത്രികനും ബഹുഭാഷാഭിജ്ഞനും വിവിധ വേഷങ്ങളുടെ ധാരണത്തിൽ വിദഗ്ദ്ധനും കണ്ഠീരവനോടു കിടനില്ക്കുമായിരുന്ന കായികാഭ്യാസിയും ആയിരുന്നു. നാമമാത്രത്തിന് ഒരു 'കാര്യക്കാർ' ഉദ്യോഗത്തിൽ നിയമിച്ചു എങ്കിലും ആ വിദഗ്ദ്ധന്രെ കലാനിഷ്പത്തികളുടെ പ്രയോജ്യതയെ പരീക്ഷിച്ചതും ഉപയോഗിച്ചതും ചാരമണ്ഡലത്തിന്റെ ഭരണത്തിൽ ആയിരുന്നു. ദിവാൻജിയുടെ പ്രത്യേക സഖനും സഹകാരിയും ആയിരുന്ന ഈ വിക്രമൻ, സുൽത്താൻ കോയമ്പത്തുരിലെത്തി സഹ്യപർവ്വതത്തിന്റെ കിഴക്കുവശത്തുള്ള അധിത്യകവഴിക്ക് ഇരട്ടമല, ആരുവാമൊഴി എന്നീ സ്ഥലങ്ങളെ തരണം ചെയ്തു തിരുവിതാംകൂർ രാജ്യത്തെ ആക്രമിക്കുമെന്ന് എഴുതിയിരുന്ന ഒരു ലേഖനം ഒരു ഉപചാരൻമുഖേന അയച്ചിരുന്നു. ഇവൻ മുളകുമൂടെന്ന സ്ഥലത്തുവെച്ചു തസ്കരന്മാരാൽ നിഗ്രഹിക്കപ്പെടുകയും, അവൻ വഹിച്ചിരുന്ന സ്വകാര്യകത്ത് അപഹരിക്കപ്പെടുകയും, ചെയ്തിരിക്കുന്നു എന്ന് ഒരു റിപ്പോർട്ട് പൂർവ്വദിവസം ഉദയത്തിൽ തെക്കുമുഖം സർവ്വാധികാര്യക്കാരിൽനിന്നും എത്തിയിരുന്നു. കുഞ്ചൈക്കുട്ടിപ്പിള്ളയുടെ കൈയക്ഷരത്തിലുള്ള ആ ലേഖനം അന്നു രാത്രി എങ്ങ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/87&oldid=168349" എന്ന താളിൽനിന്ന് ശേഖരിച്ചത്