നെയോ ദിവാൻജിയുടെ ശയ്യയിൽ ആരാലോ നിക്ഷേപിക്കപ്പെട്ടതായി അദ്ദേഹം തന്നെ കണ്ടുപിടിച്ചു. ഇങ്ങനെ കിട്ടിയ ലേഖനം കുഞ്ചൈക്കുട്ടിപ്പിള്ളയുടെ ഒരു കൗശലമാണെന്ന് അദ്ദേഹം ഊഹിച്ചിരുന്നതിനാൽ, ഉടനെതന്നെ തെക്കൻപട്ടാളങ്ങളിലെ ഭൂരിഭാഗം വടക്കോട്ടു പുറപ്പെടുന്നതിന് ആജ്ഞകൾ ഗൂഢമായി പുറപ്പെടുവിച്ചു. ലേഖനവാഹകനെ നിഗ്രഹിച്ച ശസ്ത്രങ്ങൾ ഏതെന്നും അദ്ദേഹത്തിന്റെ സൂക്ഷ്മനേത്രങ്ങൾ ദർശിച്ചു. എന്നാൽ ആ സംഭവങ്ങൾ എല്ലാം മഹാരാജാവിനെമാത്രം ധരിപ്പിച്ചുകൊണ്ട് കുഞ്ചൈക്കുട്ടിപ്പിള്ളയുടെ വരവിനെ മന്ത്രിയുടെയും സേനാനായകന്റെയും നിലയിൽ അകക്കാമ്പെരിയുന്ന ചൂടോടെ അദ്ദേഹം കാത്തിരിക്കുകയായിരുന്നു. താൻ യുദ്ധരംഗത്തിലേക്ക് ഉടനെ പുറപ്പെടേണ്ടതായിരിക്കുന്നു. എന്നാൽ ശത്രുവിന്റെ ബലനിശ്ചയംവരാതെ പുണ്യപുരുഷനായ സ്വസ്വാമിയെ തിരുവനന്തപുരത്തു വിട്ടിട്ടു പോകുന്നതു കൃത്യവിലോപമായിരിക്കുമെന്നു തോന്നി. അദ്ദേഹത്തിന്റെ മനസ്സിൽ ഒരു മഹാഗ്നിതന്നെ കത്തിജ്വലിച്ചു. ഏതാനും ദിവസങ്ങൾക്കിടയിൽ താൻ അനുഭവിക്കുന്ന മനോവേദന സ്വഖഡ്ഗത്തെ അനന്തരകാലങ്ങളിൽ ധരിക്കുന്ന ഭാഗ്യവാന്മാരെ എങ്കിലും പീഡിപ്പിക്കാതിരിപ്പാൻ ശ്രീപത്മനാഭൻ പ്രസാദിക്കട്ടെ എന്ന് അദ്ദേഹം പ്രാർത്ഥിച്ചു.
പടിഞ്ഞാറേ ഗോപുരമുഖപ്പിൽ ശുഭ്രവസ്ത്രം ധരിച്ചുള്ള ഒരു ചെറുസംഘത്തിന്റെ പ്രവേശമുണ്ടാകുന്നു. ആ അല്പനേരത്തെ ഏകാന്തതയെയും ഭഞ്ജിക്കുന്ന സങ്കടക്കാർ ആരെന്ന് അറിവാൻ അദ്ദേഹം ഗാഢവീക്ഷണനായി. സംഘത്തിൽനിന്നു വേർപിരിഞ്ഞ ഒരു ചെറുവിഗ്രഹത്തിന്റെ അകത്തോട്ടുള്ള പ്രവേശനത്തെ ദ്വാസ്ഥന്മാർ പ്രതിരോധിക്കുന്നില്ല. കസവുവസ്ത്രങ്ങൾ ധരിച്ചുള്ള ഒരു മനോഹരഗാത്രം തന്റെ നേർക്കു തുള്ളിക്കളിയാടി അടുക്കുന്നു. ആ മന്ത്രശാലയിൽ പ്രവേശിപ്പാൻ സ്വാതന്ത്ര്യമുണ്ടെന്നുള്ള പരിപൂർണ്ണബോധത്താൽ അനുമതിക്കു കാത്തുനില്ക്കാതെ പടിഞ്ഞാറുള്ള വാതിലിലെ തരണെ ചെയ്ത് അകത്തോട്ടു പ്രവേശിക്കുന്നു. രത്നങ്ങൾ തിളങ്ങുന്ന ഒരു കനകഹാരത്താൽ അലംകൃതമായ കണ്ഠവും കനകനിർമ്മിതമെന്നുതന്നെ തോന്നിപ്പോകുന്നു. ശൈശവസഹജമായുള്ള ചാഞ്ചാട്ടങ്ങൾക്കിടയിൽ സ്വസ്ഥാനത്തുനിന്ന് ഇഴഞ്ഞും നീങ്ങിയും പോകുന്ന ഉത്തരീയം രത്നഖചിതങ്ങളായ കങ്കണങ്ങൾ വിലസുന്ന കരയഷ്ടികളെയും പുറത്തു കാട്ടുന്നു. ദാസികളുടെ അതിസാഹസങ്ങളാലും നിയമപ്പെടുത്താൻ സാധിച്ചിട്ടില്ലാത്തതായ കേശപടലത്തിനിടയിൽ പ്രശോഭിക്കുന്ന കനകബിംബം, നേത്രങ്ങൾ, നാസാഭരണങ്ങൾ, കർണ്ണാഭരണങ്ങൾ, അധരപുടങ്ങൾ എന്നിതുകളിലെ വിവിധ വർണ്ണസ്ഫുലിംഗങ്ങൾ വർഷിച്ചു, തന്നെ ഭക്തിപുരസ്സരം ആരാധിക്കുന്നതുപോലെയും തോന്നുന്നു. രാജസപ്രൗഢവും എന്നാൽ ചേതോഹരവുമായുള്ള നടയും സിംഹകിശോരിത്വത്തോട് അരുണോദയത്തിന്റെ പ്രശാന്തഭാസ്സും ഇളംതരുവിന്റെ നവജീവത്വവും സ്ഫുരിക്കുന്ന ആ മുഖം ചപലകാമന്റെ പ്രവേശനത്തെ നിരോധിക്കുന്നതായി കുലീനമുദ്ര