അതിനെ പരിവീക്ഷണംചെയ്യേണ്ടതാണ്. ഉണ്ണിത്താന്റെ പരിഭവവചസ്സുകൾകൊണ്ടുണ്ടായ മനശ്ചാഞ്ചല്യങ്ങൾ നീങ്ങി, ആ ദിനം ഗൃഹാതരുച്ഛായകൾ ദ്രുതതരം നീണ്ടുതുടങ്ങുന്ന വേളയിൽ എത്തിയപ്പോൾ മാണിക്കഗൗണ്ഡന്റെ അനുചരന്മാർ ഒരു സങ്കടം ധരിപ്പിക്കാൻ ദ്വാരപ്രദേശത്ത് കാത്തുനിൽക്കുന്നുവെന്ന് ദിവാൻജിയുടെ അനുജൻ കുമാരന്തമ്പി അദ്ദേഹത്തെ അറിയിച്ചു. ഗൗണ്ഡന്റെ സംഘവും ഉപജാപപ്രചാരകന്മാരാണെന്ന് ദിവാൻജി ഗ്രഹിച്ചു വേണ്ട ബന്തോബസ്തുകൾ ചെയ്ത് അവരുടെ നടപടികളും സൂക്ഷിച്ചുവന്നിരുന്നു. ആ സംഘക്കാരെ തന്റെ ശാലയിലോട്ടു പ്രവേശിപ്പിക്കുവാൻ മനസ്സില്ലാത്തതിനാൽ ദ്വാരപ്രദേശത്തു ചെന്നു സങ്കടം കേൾക്കാൻ ദിവാൻജി ആരംഭിച്ചു. ത്രിവിക്രമകുമാരനും കുമാരൻതമ്പിയും കാഷായവസ്ത്രങ്ങൾ മാറ്റിയിട്ട് ഉദ്യോഗസ്ഥവേഷം ധരിച്ചിരുന്ന കുഞ്ചൈക്കുട്ടിപ്പിള്ളയും അദ്ദേഹത്തെ മുന്നിട്ടു ദ്വാരപ്രദേശത്തെത്തി വ്യാപാരികൾ 'അങ്കവും കാണാം താളിയുമൊടിക്കാം' എന്നുള്ള കൗശലം അനുസരിച്ച് അവരുടെ കച്ചവടസാമാനങ്ങളുംകൊണ്ടു പുറപ്പെട്ടിരുന്നു. ദിവാൻജി എത്തുന്നതിനിടയിൽ ദ്വാരപ്രദേശത്തിന്റെ ഉഭയപാർശ്വങ്ങളിലും പീടികകൾ നിരത്തിക്കഴിഞ്ഞു. മുസൽമാൻ, മാർവ്വാറി, മറവൻ, മഹാരാഷ്ട്രൻ എന്നിങ്ങനെ പല വേഷക്കാരും ആ സംഘത്തിൽ കാണ്മാനുണ്ടായിരുന്നു. കംബളങ്ങളും പട്ടാംബരങ്ങളും പൊതിഞ്ഞുള്ള കെട്ടുകളും രത്നങ്ങളും സ്ഫടികസാമാനങ്ങളും നിറഞ്ഞുള്ള പെട്ടികളും വിക്രയത്തിനായി നിരന്നപ്പോൾ കാലം കൊന്നുനടക്കുന്ന അലസന്മാരും ബാലന്മാരും അവർക്കു രുചികരമായുള്ള നർമ്മാവസരം കണ്ടു വ്യാപാരികളെ വട്ടമിട്ടുകൂടി. കാവലൂഴങ്ങൾ കഴിഞ്ഞുനിന്നിരുന്ന ഭടജനങ്ങളും വ്യാപാരസാമാനങ്ങളാൽ ആകൃഷ്ടന്മാരായി വാണിജ്യസംഘത്തെ വളഞ്ഞു.
വ്യവസായകാര്യങ്ങളിൽ ജന്മവാസനായാൽത്തന്നെ പരമോത്സുകനായുള്ള ദിവാൻജി ദ്വാരപ്രദേശത്ത് എത്തിയപ്പോൾ അയ്യായിരത്തിൽപ്പരം വരാഹൻ വിലപിടിക്കുന്ന സാമാനങ്ങൾ തങ്ങളുടെ പക്കൽനിന്നും ചിലമ്പിനഴിയത്ത് ഉണ്ണിത്താൻ വാങ്ങിയിട്ടുണ്ടെന്നും ആ കടം തീർക്കാതെ അദ്ദേഹം യുദ്ധരംഗത്തു പോകുവാൻ ഒരുങ്ങുന്നെന്നും ആ വഞ്ചനക്രിയയ്ക്ക് എന്തെങ്കിലും നിയമാനുസാരമായ പരിഹാരം ദിവാൻ സാഹേബ്ബിൽനിന്നും ഉണ്ടാകണമെന്നും വ്യാപാരികൾ നിലവിളിച്ചു. "ഛായ്! ഛായ്! ഒത്തി നില്ലുങ്കോ" എന്ന് ഒരു മുസലിവേഷക്കാരനായ വൃദ്ധൻ മര്യാദ ലംഘിച്ചു ദിവാൻജിയുടെ പരിസരത്തിൽ ആക്രമിച്ച സങ്കടക്കാരെ ശാസിച്ചു. "സ്ഫൂലികൈ, പൊരവ്മണി, മരതകപ്പച്ചൈ എന്ന സർദാർ! ശീമക്കമൽ, ലന്തക്കമൽ, കണ്ണാലെ പാരുംകൾ" എന്നിങ്ങനെ സാമാനങ്ങൾ കാട്ടി വില സഹായമെന്നും മറ്റും ഗുണദോഷിച്ച് അവ വാങ്ങുവാൻ ദിവാൻജിയോട് അപേക്ഷിച്ചു. നിരവധി രാജ്യാവസ്ഥകളുടെയും സമുദായഗതികളുടെയും ദർശനംകൊണ്ട് അന്നത്തെ പരീക്ഷണം അനുവർത്തിക്കാൻതന്നെ അയാളെ പ്രേരിപ്പിക്കുമാറുള്ള പരി