ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രഹസ്യങ്ങളെ സാധാരണജനങ്ങൾക്കു വെളിപ്പെടുത്തിക്കൊടുക്കുന്നു.പ്രകൃതിശാസ്ത്രതത്ത്വജ്ഞന്മാർ പ്രകൃതിയിലുള്ള വിവിധസൂക്ഷ്മതത്ത്വങ്ങളേയും അനന്തശക്തികളെയും തങ്ങളുടെ ബുദ്ധിശക്തികൊണ്ടു കണ്ടുപിടിച്ച് അവയുടെ സ്വരൂപത്തെ നല്ലവണ്ണം മനസ്സിലാക്കി അവയെ മനുഷ്യരുടെ കാലക്ഷേപത്തിന്നു സൌകര്യമാകുന്ന വിധത്തിൽ ഉപയോഗിക്കുന്നു.ആയുർവേദശാസ്ത്രജ്ഞന്മാർ ലോകത്തിലുള്ള സകല പദാർത്ഥങ്ങളേയും പരിശോധിച്ചറിഞ്ഞ് ഔഷധരൂപേണ ഉപയോഗിച്ചു പല രോഗങ്ങളാൽ പീഡിതന്മാരായിരിക്കുന്ന പ്രാണികൾക്കു തദ്രൂപമായിരിക്കുന്ന ദുഖങ്ങളുടെ നിവൃത്തി ഉണ്ടാക്കിത്തീർക്കുന്നു. അതു ബുദ്ധിമാന്മാരായിട്ടുള്ളവർ തങ്ങളുടെ ബുദ്ധിയെ തദ്വിഷമായി പരിശ്രമിപ്പിച്ചിട്ടുള്ളതിന്റെ ഫലമാകുന്നു. നാദത്തിന്റെ സ്വരൂപത്തെ മനസ്സിലാക്കിയിട്ടുള്ളവർ മനോഹരങ്ങളായ സ്വരങ്ങളെ നിർമ്മിച്ച് അവയുടെ വിവിധവിന്യാസങ്ങളെക്കൊണ്ടും ചിത്തരഞ്ജകങ്ങളായ പലവിധരാഗങ്ങളേയും, അതാതുരാഗങ്ങളിൽ മനുഷ്യരുടെ അന്ത:കരണത്തിലുള്ള അത്യുൽകൃഷ്ടങ്ങളായ വികാരങ്ങളെ പ്രകാശിപ്പിക്കുന്നതായ പലഗാങ്ങളേയും സൃഷ്ടിക്കുന്നു. സംഗീതം എന്നതു വിഷയസുഖങ്ങളിൽ വെച്ച ഏറ്റവും ഉൽകൃഷ്ടമായിട്ടുള്ളതാകുന്നു. ഒരു വിഷയസുഖാനുഭവദ്വാരേണ ചിത്തത്തെ ഈശ്വരാഭിമുഖമാക്കിത്തീർക്കുന്നതിനുള്ള തരം സംഗീതംകൊണ്ടല്ലാതെ ഇത്തരം വിഷയങ്ങളെക്കൊണ്ടുണ്ടാകുന്നതല്ല. അതുകൊണ്ടാണ് സംഗീതത്തിന് ഇത്ര ഉൽകൃഷ്ടത്വം. അതിന്നും പുറമേ, സംഗീതത്തിന് ഈ മാഹാത്മ്യമുണ്ട് .നമ്മുടെ അന്ത:കരണത്തിലുള്ള പലവിധ വിചാരങ്ങളേയും നാനാവിധ ചിത്തവികാരങ്ങളേയും ബഹിർഭാഗത്തേക്കു പ്രകാശിപ്പിക്കുന്നത് വാഗ്രൂപേണയാണല്ലൊ. എന്നാൽ പരമാർത്ഥത്തിൽ നമ്മുടെ അത്യുൽകൃഷ്ടങ്ങളായ പല വിചാരങ്ങളേയും അതിസൂക്ഷമങ്ങളായ ചില ചിത്തവികാരങ്ങളേയും നാമനുഭവിച്ചറിയുന്നതല്ലാതെ അവയെ പുറത്തേക്കു പ്രകാശിപ്പിക്കത്തക്കവണ്ണമുള്ള യോഗ്യത നമ്മുടെ ഭാഷയ്ക്കു സിദ്ധിച്ചിട്ടില്ല എന്നതു വിചാരശീലന്മാരായിട്ടുള്ളർക്കെല്ലാവർക്കും അനുഭവസിദ്ധമായ സംഗതിയാകുന്നു. ആ വക ഘട്ടങ്ങളിലാണ് മനുഷ്യർ വാഗ്രൂപമായിരിക്കുന്ന തങ്ങളുടെ ഭാഷയുടെ ദാരിദ്ര്യത്തെ അനുഭവിക്കുന്നത്, ലോകത്തിൽ ഏറ്റവും പുഷ്ടിയെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/166&oldid=168926" എന്ന താളിൽനിന്ന് ശേഖരിച്ചത്