ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂലതത്വങ്ങൾ ഹിന്തുക്കൾ വഴിക്ക് ഉണ്ടായിട്ടുള്ളവയാണെന്നു ദൃഷ്ടാന്തപൂർവ 'ആയൂർവൈദ്യപ്പഴമ' എന്ന ലേഖനത്തിൽ പ്രസ്താവിച്ചിട്ടുമുണ്ട്. ഇനി ഇതിന്റെ ഉത്ഭവത്തെപ്പറ്റി അല്പം പറയാം. ഹിന്തുക്കളുടെ വേദങ്ങളോളം പഴക്കമുള്ള റിക്കാർട്ടുകൾ യാതൊന്നും ലോകത്തിലിന്നെള്ള സംഗതി നിർവിവാദമകുന്നു. ഋഗ്വേദമാണ് ഏറ്റവും പുരാതനമായിട്ടുള്ളത്. ഈ വേദം ഉണ്ടായകാലത്ത് ഇന്ത്യയിൽ വൈദ്യന്മാരുണ്ടായിരുന്നു എന്ന് അതിലെ ചില സന്ദർഭങ്ങളിൽ നിന്ന് അറിയാം.

വെള്ളം, വായു, സസ്യം ഇവകളുടെ ഗുണങ്ങളെ സൂചിപ്പിക്കുന്ന വാക്യങ്ങൾ അതിൽ കാണുന്നുണ്ട്. 'ജലം അമൃതമയമാണ്. അതിൽസകല ഔഷധങ്ങളും ലയിച്ചിരിക്കുന്നു' എന്നും മറ്റും പറഞ്ഞുകാണാം.

സോമൻ ഔഷധങ്ങളുടെ ഭരണദേവതയാണന്ന് അതിൽ പറഞ്ഞിട്ടുണ്ട്. ഒരു സന്ദർഭത്തിൽ മേധാദിമഹർഷി ഇങ്ങിനെ പ്രസ്താവിച്ചിരിക്കുന്നു. 'സകല മരുന്നുകളുംലോകരക്ഷിതാവായ അഗ്നിയും വെള്ളത്തിലുണ്ട്. അതിൽ സകല ഔഷധങ്ങളും അടങ്ങിയിരിക്കുന്നു എന്നും സോമൻ എന്നോടുപദേശിച്ചു'. സൂർയ്യപുത്രരായ അശ്വനിദേവകൾ ദേവകളുടെ പ്രധാന വൈദ്യന്മാരായിരുന്നു. അവർ ചെയ്തിട്ടുള്ള പ്രശംസാർഹങ്ങളായ പ്രവൃത്തികൾ ഋഗ്വേദത്തിൽ വിവരിച്ചിട്ടുണ്ട്. കാക്ഷിവമഹർഷിക്കും കണ്ണ് കാണുന്നതിനും ചെവി കേൾക്കുന്നതിനും നിവൃത്തിയില്ലാതെ കഷ്ടപ്പെട്ടിരുന്നു. ആ കഷ്ടപ്പാട് അശ്വിനിദേവകൾ തീർത്തു. അതു നിമിത്തം അദ്ദേഹം അവരെ സ്തുതിച്ചിട്ടുണ്ട്. 'ഹേ അശ്വിനികളേ!കണ്ണുകാണാതെ വഴുതിനടക്കുന്ന ഈ കുരുടന്റെ സ്തുതികേൾക്കുക, സൽപ്രവൃത്തികളെ രക്ഷിച്ചുപോരുന്ന നിങ്ങൾ എന്റെ കണ്ണിന്നു കാഴ്ച നൽകിയതിനാൽ ഞാൻ നിങ്ങളെവാസ്തവത്തിൽ അഭിനന്ദിക്കുന്നു'.

കണ്വനു കൺകാൺമാറാക്കിയതും നൃഷാദപുത്രനെ ചെവികേൾക്കാറാക്കിയതും ഇവരാണെന്നു താഴെ പറയുന്ന വാക്യത്തിൽ നിന്നറിയാം. 'ബദ്ധനായ അത്രിക്കു നിങ്ങൾ മോചനം കൊടുത്തു. തിമിരം നിമിത്തം കുരുടനായിത്തീർന്നകണ്വനു നിങ്ങൾ കാഴ്ച നൽകി'.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_5_1906.pdf/24&oldid=168945" എന്ന താളിൽനിന്ന് ശേഖരിച്ചത്