ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആറ്റുവഞ്ചി ആടിക്കളിക്കുന്നതു്, അതിന്റെ മടുക്കുകൊണ്ടോ നദീവേഗംകൊണ്ടോ എന്നു ശാകുന്തളത്തിൽ മാഢവ്യൻ ചോദിക്കുന്നില്ലേ? അതുപോലെ എന്റെ ഈ അഭിനയത്തിനുകാരണം പരിഷന്നിർവ്വാഹകസമിതിയുടെ അധൃഷ്യമായ ആജ്ഞാശക്തിമാത്രമാണെന്നു നിങ്ങൾ ധരിച്ചാൽമതി. സ്ഥാനലാഭംകൊണ്ടുള്ള സന്തോഷം ഒരുവശത്തും സന്ദർഭഗൗരവം നിമിത്തമുണ്ടാകുന്ന സങ്കോചം മറുവശത്തും നിന്നു് എന്നെ മർദ്ദിക്കുമ്പോൾ, എങ്ങനെയാണു് കൃതജ്ഞത പറയേണ്ടതെന്നറിയുന്നില്ല. സാഹിത്യവിഷയത്തിൽ യഥാത്ഥ ശക്തി പരിശ്രമിക്കുന്ന കേരളത്തിലെ യുവജനങ്ങൾക്കു പരിഷത്തു നൽകുന്ന ഉദാരമായ ഒരു പ്രോത്സാഹനം എന്ന നിലയിൽ ഈ ബഹുമതിയെ ഞാൻ ഭക്തിപുരസ്സരം അംഗീകരിക്കുകയും, ആ പ്രോത്സാഹനം എന്നിൽക്കൂടി പ്രദർശിപ്പിക്കുവാൻ ദയതോന്നിയ നിർവ്വാഹകസമിതിയോടു നിസ്സീമമായ കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്തുകൊണ്ടു സ്വധർമ്മസീമയിലേക്കു പ്രവേശിക്കാം.

കേരള കാളിദാസന്റെ വാഴ്ചക്കാലം ആധുനിക പദ്യസാഹിത്യത്തിന്റെ അരുണോദയത്തെ കുറിക്കുന്നു എന്നു ഭാഷാചരിത്രകാരന്മാർ പറയുമ്പോൾ, ആ അതിർത്തിരേഖ കുറച്ചു പ്രാചീനമായിപ്പോയി എന്നുള്ള പക്ഷാന്തരം പലരും പ്രകാശിപ്പിക്കാറുണ്ടു്. വലിയകോയിത്തമ്പുരാന്റെ സമകാലീനരായിരുന്ന വെണ്മണികവികളുടെ കാവ്യശില്പത്തെ വിഷയീകരിച്ചു് വെണ്മണിപ്രസ്ഥാനം എന്നൊരു വിഭാഗം ഇവിടെ സ്വീകരിച്ചതുതന്നെ ഈ പക്ഷാന്തരത്തെ അനുഗ്രഹിക്കുന്നുണ്ടെന്നു് എനിക്കു തോന്നുന്നു. സംസ്കൃതതവിധേയമായക്ലാസ്സിക് പ്രസ്ഥാനം എന്നു പരിഗണിച്ചു പിറകോട്ടു പിടിച്ചുനിർത്തുവാൻ നാം എത്രതന്നെ പരിശ്രമിച്ചാലും, ആധുനികപദ്യസാഹിത്യത്തിന്റെ ഉഷഃകാലത്തെ സൂചിപ്പിക്കുന്ന ശുക്രനക്ഷത്രപ്രഭാകന്ദളങ്ങളാണു കേരളകാളിദാസകവിതയിൽ ദർശിച്ചതെന്നു കൃതജ്ഞതാപൂർവ്വം സ്മരിക്കാതെ നിവൃത്തി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sahithyavalokam_1947.pdf/244&oldid=169098" എന്ന താളിൽനിന്ന് ശേഖരിച്ചത്