ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അവതാരിക

ഇന്നേക്ക് ഇരുപത്തേഴ് വയസ്സുപോലും തികഞ്ഞിട്ടില്ലാത്ത ശ്രീമാൻ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ പേർ കേരളത്തിലെ സഹൃദയൻമാരും സാഹിതീ ബന്ധുക്കളും കേട്ടുതുടങ്ങിയിട്ടു കാലം ഒരു വ്യാഴവട്ടത്തിലധികം കഴിഞ്ഞിരിക്കുന്നു. ഈ കാലഘട്ടത്തിനടയ്ക്ക് അദ്ദേഹവുമായി അവർക്കുള്ള പരിചയം സ്നേഹമായും സ്നേഹം ബഹുമാനമായും ക്രമേണ രൂപാന്തരപ്പെട്ടിട്ടുമുണ്ട്. ശ്രീമാൻ കൃഷ്ണപിള്ള ഇതിനുമുൻപുതന്നെ 'സുധാംഗദ' മുതലായി ദീർഘങ്ങളും ലഘുക്കളുമായ ചില ഭാഷാകാവ്യങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളതായി ഓർക്കുന്നു. അവയുടെ അവരജത്വമാണ് ഞാൻ ഇപ്പോൾ അവതരിപ്പിക്കുന്ന 'സങ്കൽപകാന്തി' ക്കുള്ളത്.

'സങ്കൽപകാന്തി' ഈ യുവകവിയുടെ ഇരുപത്തിയാറു ഖണ്ഡകൃതികളുടെ സമാഹാരമാണ്. ചങ്ങമ്പുഴ ഭാഷാസാഹിത്യവുമായെന്നപോലേ പാശ്ചാത്യസാഹിത്യവുമായും ധാരാളം ഇടപഴകിയിട്ടുണ്ടെന്നും ആംഗലേയകവികളുടെ ആശയസമുദ്രത്തിൽ അദ്ദേഹത്തിനുള്ള അവഗാഹം സമ്പൂർണ്ണവും സഫലവുമാണെന്നും അദ്ദേഹത്തിന്റെ കൃതികൾ വായിച്ചിട്ടുള്ളവർക്ക് അറിയാവുന്നതാണ്. ആംഗലേയസാഹിത്യം , പാരസീകസാഹിത്യം, ഹിന്ദിസാഹിത്യം , വംഗീയസാഹിത്യം ഇവയെല്ലാം ആധുനിക ഭാഷാസാഹിത്യഗംഗയുടെ പോഷകനദികളായി പരിണമിച്ചിട്ടുള്ള ഒരു കാലമാണ് ഇത്. സംസ്കൃതവും പഴന്തമിഴുമാണ് ഇതിന്റെ ഭാഗീരഥിയും അളകനന്ദയും. അവയെ അവയുടെ അത്യുച്ചസ്ഥാനങ്ങളിൽനിന്നു നിഷ്കാസനം ചെയ്യുവാൻ അന്യഭാഷാസാഹിത്യങ്ങൾക്ക് സാധിക്കുന്നതല്ലെങ്കിലും അവയുമായുള്ള സംഗമംകൊണ്ട് ആ ഗംഗ ബഹുദൂകമായും പ്രവൃദ്ധവേഗമായും പ്രവഹിക്കുന്നുണ്ടെന്നുള്ളത് അനപലപനീയമായ ഒരു പരമാർത്ഥമാകുന്നു.

ചങ്ങമ്പുഴയെ ഭാഷാകവിതയിൽ ഒരഭിനവപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവല്ലെങ്കിലും ഉദ്ഘോഷകനാണെന്നു തീർച്ചയായി പറയാം. ഇന്നത്തെ പരിതസ്ഥിതിയിൽ സാമാന്യകുടുംബങ്ങളിൽ ജനിക്കുന്ന ബാലൻമാർക്കും ബാലികമാർക്കും അവർ അർഹിക്കുന്ന സ്ഥാനങ്ങളിൽ എത്തിച്ചേരുന്നതിനുള്ള വൈഷമ്യം അവരുടെ ഇടയിൽ ജനിക്കുന്ന കവികളെ നൈരാശ്യത്തിന് അടിമപ്പെടുത്തുകയും തന്മൂലം അവർ ഉദ്വിഗ്നമാനസന്മാരായി കരുണാത്മകങ്ങളായ കാവ്യങ്ങൾ നിർമ്മിക്കുന്നതിൽ ഉത്സുകന്മാരായിത്തീരുകയും ചെയ്യുന്നു. ഈ ഉത്സർഗ്ഗത്തിന് 'സങ്കല്പകാന്തി' ഒരുപവാദമാണെന്നു പറവാൻ പാടില്ലെങ്കിലും ഇതിൽ അടങ്ങീട്ടുള്ള കൃതികൾ എല്ലാം ഈ രീതിയിൽ മാത്രമല്ല നിബന്ധിച്ചിട്ടുള്ളത് എന്നുള്ള വസ്തുത ഭിന്നരുചിയായ അനുവാചകലോകത്തിന് ആനന്ദദായകമായിരിക്കും. 'കാളിദാസൻ', 'വൃന്ദാവനം', 'ഗുരുപൂജ' തുടങ്ങിയ കൃതികളിൽ മീട്ടിക്കാണുന്നത് വേറെ ചില തന്ത്രികളാകുന്നു. മർദ്ദിതരോടുള്ള അനുകമ്പയോടൊപ്പം തന്നെ ദേശാഭിമാനം, വയസ്യസ്മരണ, ആചാര്യഭക്തി, പ്രകൃതിസൗന്ദര്യപൂജ മുതലായി പല മൃദുലവികാരങ്ങളേയും

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/12&oldid=169620" എന്ന താളിൽനിന്ന് ശേഖരിച്ചത്