ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാഗഭിക്ഷുണി

കോമളാകൃതേ, സന്തതം ഹാ, ഭവൽ-
പ്രേമലേശം കൊതിച്ചു കൊതിച്ചിദം
അല്പഭാഗ്യ ഞാനെത്രയോകാലമായ്-
ത്തപ്തബാഷ്പം പൊഴിക്കുന്നു നിഷ്ഫലം!
മൽപ്രതീക്ഷകളൊക്കെയുമൊന്നുപോൽ-
സ്സ്വപ്നമാത്രമായ്ത്തീരുന്നു കേവലം.
മാത്രതോറും വികാരശതങ്ങൾതൻ-
മാറ്റൊലികളിളകി മന്മാനസം
ഘോരഘോരനിശിതനിരാശയിൽ
നീറി നീറി ദ്രവിക്കയാണിപ്പൊഴും!
ദേവ, നിൻമദനോപമവിഗ്രഹം
ഭാവനയിൽ പ്രതിഷ്ഠിച്ചനാരതം
ധ്യാനലോല ഞാൻ പൂജിപ്പു നിത്യ,മെൻ-
പ്രാണഗദ്ഗദപുഷ്പാഞ്ജലികളാൽ!
സ്പന്ദനങ്ങളെസ്സാക്ഷിനിർത്തി,സ്സദാ
മന്ദിയാതെ ഞാൻ ചെയ്യുമാരാധനം
ആരറിയുവാനാ,രാദരിക്കുവാ-
നാ,രതിലൊന്നനുതപിച്ചീടുവാൻ?
ഇല്ല,മേലിലും മേൽക്കുമേൽ ഞാനിദ-
മല്ലലിൽത്തന്നെ വീണടിഞ്ഞീടണം!
ഉൽക്കടപ്രണയോദ്വേഗസീമയിൽ
മൽക്കരൾ പൊട്ടി ഞാൻ മരിച്ചീടണം!-
ഇല്ല മറ്റൊരുപായവുമൂഴിയിൽ
വല്ലമട്ടുമീ വിഭ്രമം നിൽക്കുവാൻ!

മോഹനാകൃതേ, നിൻപടിവാതിലിൽ
സ്നേഹഭിക്ഷയിരന്നുകൊണ്ടിങ്ങനെ
കാത്തുനിന്നിടാമെത്രനാളെങ്കിലും
കാൽക്ഷണം നീ കടാക്ഷിക്കുമെങ്കിൽ, ഞാൻ!
എന്നുമെന്നും വൃഥാപവാദങ്ങളാ-
ലെന്നെ ലോകം പരിഹസിച്ചീടിലും,

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/40&oldid=169651" എന്ന താളിൽനിന്ന് ശേഖരിച്ചത്