ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആദർശശുദ്ധിയിൽ നീ കിളർന്നു;
ആദർശശുദ്ധിയിൽ നീ വളർന്നു.
ആദർശശുദ്ധിയിൽ നീ പൊലിഞ്ഞു;
ആദർശശുദ്ധിയിൽ നീ കരിഞ്ഞു.
എന്തെല്ലാമാരെല്ലാ,മോതിയാലും
പൊൻതാരമായി നീ മിന്നുമെന്നും!

നിഷ്ഠൂരലോകമേ, നീയിനിയും
പശ്ചാത്തപിക്കുവാനല്ല ഭാവം.
നിന്മനോവജ്രമെടുത്തു നീയ-
പ്പൊന്മരാളത്തിൻ കഴുത്തരിഞ്ഞു!
വിത്തപ്രഭാവമേ, നിയതിന്റെ
രക്തവുമൂറ്റിക്കുടിച്ചു നിന്നു.
നിസ്സഹായത്വമേ, നീയതിനെ
നിത്യനിരാശയിൽത്തച്ചുകൊന്നു.
നാണയത്തുട്ടുകളെണ്ണിനോക്കി,
പ്രാണനെ പ്രാണനിൽനിന്നകറ്റി,
ത്രാസുമായ് നില്ക്കുന്നു മാനുഷത്വം
ഹാ, സമുദായമേ, നീയളക്കാൻ.
നന്മയും തിന്മയും വേർതിരിക്കാൻ
നിന്നെപ്പോലുള്ളവർക്കെന്തു കാര്യം?
ആയിരംകൊല്ലം തപസ്സുചെയ്താ-
ലായത്തമാകാത്ത രത്നമല്ലേ.
മിത്ഥ്യാഭിമാനിയാം നിയെടുത്താ
മൃത്യുവിലേക്കു വലിച്ചെറിഞ്ഞു?
എന്നിട്ടുമിപ്പോഴും പല്ലിളിച്ചു-
നിന്നു നീ പിച്ചുപുലമ്പുകല്ലേ?
നിൻനില കഷ്ട,മിതെത്ര ഹാസ്യ,-
മെന്നു നീയൊന്നിനി നേരെയാകും?

ജീവസർവ്വസ്വമേ , നീ സുഖിക്കു
പാവനസ്വർഗ്ഗസിംഹാസനത്തിൽ,
ഇങ്ങനെതന്നെ കിടന്നു കൊള്ളു-
മെന്നുമീ നിന്ദ്യമലിനലോകം.
നിന്നാത്മശാന്തിക്കുവേണ്ടിമാത്ര-
മെന്നുമീത്തോഴൻ ഭജിച്ചുകൊള്ളാം.
വെല്ക, നീ സൗഹൃദപ്പൊന്നലുക്കേ,
വെല്ക, നീ വിണ്ണിൻകെടാവിളക്കേ!

--ആഗസ്റ്റ്, 1936

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/52&oldid=169664" എന്ന താളിൽനിന്ന് ശേഖരിച്ചത്