ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചിതറിയ ചിന്തകൾ

ഞാനറിഞ്ഞീടാത,രഞൊടിക്കുള്ളിലെ-
ങ്ങാനന്ദദേവതേ നീ മറഞ്ഞു ?

ചൊല്ലുകെൻകാലമേ, നീയെന്നെക്കാണിച്ച-
തെല്ലാ,മൊരു വെറും സ്വപ്നമാണോ?
തെല്ലിടയെന്തിനെൻചുറ്റു,മാ നേരിയ
മല്ലികാസൌരഭം വാരിവീശി?
വാനിലപ്പൊന്മുകിൽത്തേരിലിരുന്നു ഞാൻ
വീണവായിക്കുകയായിരുന്നു;
താരാട്ടും പാടി ഞാൻ താരാമണികളെ-
ത്താലോലിച്ചീടുകയായിരുന്നു;
പ്രേമസുരഭിലചിന്തകൾകൊണ്ടു ഞാൻ
പൂമാലകെട്ടുകയായിരുന്നു;
കോമളസ്വപ്നങ്ങൾ കണ്ടുകണ്ടങ്ങനെ
കോൾമയിർക്കൊള്ളുകയായിരുന്നു!-
എന്നെ നീയെന്തിനു നിർദ്ദയം വീണ്ടുമീ
മണ്ണിലേക്കേവമടിച്ചു വീഴ്ത്തി?
ഹന്ത, നീയിത്ര കഠിനമായ് ശിക്ഷിക്കാ-
നെന്തപരാധം ഞാൻ ചെയ്തതാവോ !

ആനന്ദതേവതേ, പോയില്ല നീയെങ്കിൽ
ഞാനൊരു താരമായ് മിന്നിയേനെ!
അല്ലെങ്കിലെ,ന്തിനു നിന്നെപ്പഴിക്കുന്ന-
തല്ലലാണെന്റെ വിഹാരരംഗം.
എന്നുമിരുണ്ടോരതിന്റെ കാരാഗൃഹം-
തന്നിലി,രുമ്പഴിക്കെട്ടിനുള്ളിൽ ,
മുറ്റും ചിറകടിച്ചാർത്തു പിടയ്ക്കണം
മുക്തി കിട്ടാതെ മത്തപ്തചിത്തം !
എന്തിനു,കഷ്ടം, കൊതിക്കുന്നു പാഴില-
ത,ന്തിച്ചുകപ്പിനെയുമ്മവെയ്ക്കാൻ?

ഇല്ലില്ല,ലോകമേ, നിന്നോടൊരിക്കലും
ചൊല്ലില്ല ഞാനൊരു നന്ദിപോലും !

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/65&oldid=169678" എന്ന താളിൽനിന്ന് ശേഖരിച്ചത്