എന്നെ നീ മാടിവിളിക്കൊല്ലേ , ലോകമേ ,
നിന്നുത്സവങ്ങളിൽ പങ്കുകൊള്ളാൻ !
എന്നെ നീ നിന്നു വിലക്കൊല്ലേ , കാലമേ ,
മുന്നോട്ടു പോട്ടെ ഞാൻ രാഗമൂകൻ !
നിസ്സീമശക്തമാണെന്നഭിമാനിപ്പൂ
നിസ്സഹായത്വമേ, നിഷ്ഫലം നീ !
ഹന്ത , കെല്പില്ലൊരു നേരിയ കാറ്റോടീ
മൺതരിക്കോട്ടെയ്ക്കെതിർത്തു നില്ക്കാൻ.
എല്ലാം മറയ്ക്കുന്ന ലോകമേ , നീയൊരു
വല്ലാത്ത നാടകശാലതന്നെ.
നിന്നകത്തുള്ള നടന്മാർ പുഴുക്കളാ-
ണെന്നാകിലെന്ത ,പ്പുഴുക്കൾപോലും
ഒന്നു മറ്റൊന്നിനെ വഞ്ചിച്ചു വഞ്ചിച്ചു
തന്നഭിലാഷങ്ങൾ നിർവ്വഹിപ്പൂ !
എന്നിട്ട,തോരോന്നും തൻജയപ്രാപ്തിയാ-
ണെന്നഭിമാനിച്ചഹങ്കരിപ്പൂ !
ശക്തൻപോൽ മാനവൻ, തൃപ്തൻപോൽ മാനവൻ ,
സത്യമാരാഞ്ഞുപോം ബുദ്ധിമാൻപോൽ !
സ്വന്തം സിരകൾ തുടുക്കാനവനന്യ-
ജന്തുവിൻചോര കുടിച്ചുവേണം
പോരേ ?- നികൃഷ്ടമാമിത്തരം ഹിംസതൻ-
പേരോ 'വിജയ' മെന്നാണുപോലും !
ആദർശ,മാദർശം !-ലോകത്തിലാ മണി-
നാദം , മുഴങ്ങിയിട്ടെന്തുകാര്യം ?
നിത്യം കപടമേ , നീയുല്ലസിപ്പു നിൻ-
നിസ്തുലരത്നസിംഹാസനത്തിൽ;
തെണ്ടിത്തിരിയുന്നു പാഴ്തെരുവീഥിയി-
ലിണ്ടലോടോരോരോ സദ്ഗുണങ്ങൾ !
ആത്മാർത്ഥതേ, നീയവന്ധ്യയല്ലൂഴിയി-
ലാർദ്രതേ , നീ വെറും ഭിക്ഷുമാത്രം !
കൈക്കുമ്പിൾ കാട്ടിച്ചെന്നോരോ പടിക്കലും
നില്ക്കണം മേലും നിരാശർ നിങ്ങൾ.
എന്നാലു, മയ്യോ , നിറയില്ലൊരിക്കലും
നിങ്ങൾതൻകൈയിലെബ്ഭിക്ഷാപാത്രം !
മായികമാകുമൊരാത്മാർത്ഥതയുടെ
മാരിവില്ലൊന്നു മുഖത്തു ചാർത്തി ,
താൾ:Sangkalpakaanthi.djvu/67
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു