ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem> മൂകമായിരിക്കാനാണിഷ്ട,മാകയാൽപ്പക്ഷേ , ലോകത്തിൻന്യായവാദം പ്രേമത്തെത്തോല്പിച്ചേക്കാം; എന്നാലും, ജയക്കൊടി ദൂരത്തേക്കെറിഞ്ഞോ,ടി- ച്ചെന്നതിൻകവാടത്തിൽ കാത്തുനിൽക്കുന്നൂ ലോകം , വളരാനാ,നന്ദിക്കാൻ, മാപ്പേകാൻ , മറക്കുവാൻ , പുളകം പൂശാൻ , ജീവനുണരാൻ - ജീവിക്കുവാൻ !

ലോകത്തിലെൻജീവിതസിദ്ധികളെല്ലാമൊന്നി- ച്ചേകകേന്ദ്രത്തിൽ സ്വയമർപ്പിച്ചുനില്ക്കുന്നു ഞാൻ ഇനിയില്ലെന്റേതായിട്ടോതുവാനെനിക്കൊന്നും , പ്രണയം തുളുമ്പുന്നൊരെന്മനസ്സൊന്നല്ലാതെ ! അതിനെപ്പുഷ്പിപ്പിക്കാനക്കുളിർകരങ്ങളാ- ലതിപേലവമാമൊരാശ്ലേഷം മതിയല്ലോ ! സന്തത ,മാത്മാധീശ, നിർമ്മലപ്രേമാർദ്രമാം ചിന്തതൻശ്രീകോവിലിലങ്ങയെപ്പൂജിപ്പൂ ഞാൻ ! പാവനപ്രകാശത്തെപ്പുണരാൻ കൈ നീട്ടുന്ന ജീവിതസ്വപ്നത്തിന്റെ പുളകോദ്ഗമം പ്രേമം കർമ്മയോഗത്തിൻപർണ്ണശാലയിൽ, സ്വാർത്ഥത്യാഗ- നൈർമ്മല്യസിദ്ധിക്കായുള്ളാത്മാവിൻയജ്ഞം പ്രേമം ! അറിഞ്ഞിട്ടുണ്ടിത്തത്ത്വം പണ്ടേ ഞാന,തിനാലെ- ന്നകളങ്കമാം ഹൃത്തിൽ ഞാനതിന്നിടം നല്കി ! ഇന്നതിൻപരിണതസൌഭഗം നുകരുവാൻ സുന്ദരവസന്തമേ , വന്നാലും , വന്നാലും നീ ! /poem>

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/71&oldid=169685" എന്ന താളിൽനിന്ന് ശേഖരിച്ചത്