ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക :- എനി നിങ്ങൾ ഉണ്ടാക്കിയ മറുവടി വായിക്കിൻ

ശാമുമേനോൻ താഴെ പറയുന്ന പ്രകാരം വായിച്ചു.

"രാമൻ എന്നു പേർ വെച്ച് എഴുതിയ ആൾക്കു് അയക്കുന്ന മറുവടി. രാമന്റെ കത്തിനെ നാം ഇതിനാൽ നിഷേധിച്ചിരിക്കുന്നു. രാമന്റെ കത്തിൽ പറയുന്ന സകല സംഗതികളും വെവ്വേറെ ആയും എല്ലാം കൂടിയും ഇതിനാൽ നിഷേധിച്ചിരിക്കുന്നു."

"കല്യാണി എന്ന ഒരു സ്ത്രീ നമ്മുടെ എടത്തിൽനിന്നു നാടുവിട്ടുപോയിട്ടില്ലെന്നു ഇതിനാൽ നിഷേധിക്കുന്നു. രാമൻ ആ സ്ത്രീയുടെ ഭർത്താവല്ലെന്നു ഇതിനാൽ നിഷേധിക്കുന്നു. ശാരദ എന്നു പേരായി ആ സ്ത്രീയിൽ രാമന് ഒരു കുട്ടി ഉണ്ടായിട്ടില്ലെന്നു ഇതിനാൽ നിഷേധിക്കുന്നു. ആ കുട്ടിക്ക് എടത്തിലെ സ്വത്തിന്മേൽ യാതൊരു അവകാശവുമുണ്ടാവാൻ പാടില്ലെന്നു ഇതിനാൽ നിഷേധിക്കുന്നു."

"കാര്യം ഇങ്ങിനെ ഇരിക്കെ രാമൻ നമ്മുടെമേൽ വല്ല വ്യവഹാരവും കൊടുത്താൽ ആ വ്യവഹാരത്തിൽ രാമനു് ഉണ്ടാകുന്ന സകല ചിലവുകളും രാമൻ സഹിക്കേണ്ടതും നമുക്കുണ്ടാവുന്ന സകല ചിലവുകളും രാമൻ തരേണ്ടതും ആണെന്നു് ഇതിനാൽ അറിയിക്കുന്നു."

ക :- ഒന്നാമത് വായിച്ച കത്തു മതിയെന്ന് എനിക്കു തോന്നുന്നു. അവരുടെ സ്വന്തം ആളുകൾ ഉണ്ടാക്കിയ കത്തല്ലേ. അതുതന്നെ അയക്കട്ടെ. അതിൽ രണ്ടുപോയിണ്ടുകൾ ഉണ്ടു്. കല്യാണി അമ്മ നാടുവിട്ടുപോയിട്ടുണ്ടെന്നുള്ള സംഗതിയെ തെളിവായി സമ്മതിച്ചിട്ടും നിഷേധിച്ചിട്ടും ഇല്ല. അതു അങ്ങിനെതന്നെയാണ് ഇപ്പോൾ വെക്കേണ്ടതു്. പിന്നെ കത്തിന്നു മറുവടി ഇതുവരെ അയപ്പാൻ താമസിച്ചതിന്റെ സംഗതി പറഞ്ഞതു് വളരെ നല്ലതായ മാതിരിയിൽ ആയിരിക്കുന്നു. നല്ല ഗൗരവം ഉണ്ടു്. എന്നാൽ വാചകപുഷ്ടി നിങ്ങളുടെ കത്തിനായിരിക്കും. അതിനെക്കുറിച്ചു് എനിക്കു പറവാൻ സാധിക്കയില്ല.

കർപ്പൂരയ്യൻ ഇത്രത്തോളം പറയുമ്പോഴേക്കു വക്കീൽ മാധവമേനോനും രാഘവമേനോനും കർപ്പൂരയ്യന്റെ മുറിയിലേക്കു കടക്കുന്നു. അവരോട്.

ക:- ആട്ടെ, നിങ്ങൾ രണ്ടാളും ഈ കത്തുകൾ നോക്കിൻ. ടിച്ച ബോറൻ കേസ്സിലെ ലോയർനോട്ടീസ്സിന്റെ മറുപടിയാണ് ഇത്. ഇതിൽ ഒന്നു ഹൈക്കോർട്ടുവക്കീൽ കൃഷ്ണമേനോൻ ഉണ്ടാക്കിയതാണു്.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/111&oldid=169744" എന്ന താളിൽനിന്ന് ശേഖരിച്ചത്