ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാഘവനുണ്ണി :- കല്പിച്ചതു ശരിയാണു്. ഉടനേ ആളെ അയച്ചു കളയാം.

എന്നു പറഞ്ഞു എടത്തിൽ ഉള്ള കാർയ്യസ്ഥന്മാരിൽ കുറെ അധികം സാമർത്ഥ്യമുള്ളവനെന്നു വിചാരിക്കപ്പെട്ടു വന്ന കുഞ്ചുമേനോനെയും രണ്ടു ഭൃത്യന്മാരേയും ഉടനേ വൈത്തിപ്പട്ടരുടെ നാട്ടിലേക്കായി അയച്ചു.

നമ്മുടെ പൂഞ്ചോലക്കര അച്ചനു മനസ്സിനുണ്ടായ വ്യസനവും, അസ്വാസ്ഥ്യതയും നിമിഷംതോറും വർദ്ധിച്ചു വർദ്ധിച്ചു വന്നു. സ്വഭാവത്തിൽ ഇദ്ദേഹത്തിനു രണ്ടു വിശേഷവിധിയായ അവസ്ഥകൾ ഉണ്ടു്. എന്തെങ്കിലും തനിക്കു മനസ്സിനു് ഒരു വ്യസനമോ, തന്റെ കാർയ്യങ്ങൾക്കു വല്ല ദോഷമോ, തട്ടാൻ എടയുണ്ടെന്നു കാണുന്ന സമയങ്ങളിലെല്ലാം ജാതകപരീക്ഷയും പ്രശ്നവും കലശലായി നടത്തും. അതും പ്രകാരംതന്നെ മന്ത്രവാദത്തിലും വളരെ പ്രതിപത്തിയാണു്. പ്രശ്നം വെച്ചു പറയുന്നതു് എല്ലാം ഇദ്ദേഹത്തിനു ബഹുവിശ്വാസമാണു്. ഒരു കാർയ്യത്തിൽ ജയിക്കുമെന്നു് പ്രാശ്നികൾ തീർച്ചയായി പറഞ്ഞാൽ പിന്നെ ആ കാർയ്യത്തിൽ യഥാർത്ഥത്തിൽ അപജയം വന്നാൽകൂടി വന്നു എന്നു് അച്ചന്റെ മനസ്സിൽ തോന്നുവാൻ പ്രയാസം. അത്ര വിശ്വാസമാണു് പ്രശ്നത്തിൽ. ജയിക്കുമെന്നു് തീർച്ചയായി പ്രശ്നക്കാരൻ പണിക്കരു് പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ ജയം വരാതിരുന്നാൽ കൂടി "ആട്ടെ വരട്ടെ ഇതുകൊണ്ട് ആയില്ല. ചാത്തുപ്പണിക്കരുടെ വാക്കു വെറുതെ ആയി ഇതുവരെ കണ്ടിട്ടില്ല. ഇതുകൊണ്ടു് കാര്യം തീർച്ചയാവുകയില്ല." എന്നും മറ്റും പറഞ്ഞു ഉടനെ രണ്ടാമതും ചാത്തുപ്പണിക്കരെക്കൊണ്ടു പ്രശ്നം വെപ്പിക്കും. "ഇതു ഒരു തോല്മയല്ല. ഈ കാര്യത്തിൽ പര്യവസാനത്തിൽ ഇവിടുന്നു ജയിച്ചില്ലെങ്കിൽ അടിയൻ കവിടിസഞ്ചി കിണറ്റിൽ ഇട്ടിട്ടു് ചാടി കാശിക്കുപോവും." എന്നു ചാത്തുപ്പണിക്കരു പറയും. ഈ വാക്കുകൾ ഓലയിൽ കുറിച്ചു വെപ്പിക്കും. ആ ഓല എടുത്തു വായിച്ചാൽ മനസ്സിനു കൃതാർത്ഥതയായി. ദോഷമായി ഒരു കോടതി കല്പിച്ച വിധിപകർപ്പു വായിക്കുമ്പോൾ അച്ചനു മനസ്സിന്നു ഉണ്ടാവുന്ന കുണ്ഠിതം ചാത്തുപ്പണിക്കരുടെ കുറിപ്പു വായിച്ചാൽ തീർന്നു. ഇങ്ങനെയാണ് ഈ ശുദ്ധാത്മാവിന്റെ സ്വഭാവം. എന്നാൽ ചാത്തുപ്പണിക്കരോ, ഇവൻ അതിസമർത്ഥനായ ഒരു പ്രാശ്നികനാണ്. ഇവന്റെ പാർപ്പിടം ഉദയന്തളിക്കു സമീപമാണ്. ഉദയന്തളി രാമവർമ്മൻ തിരുമുല്പാട്ടിലെ ഒരു കുടിയായ്മകൂടി ഉണ്ട്. എങ്കിലും അച്ചന്റെ വക വസ്തുക്കളാണ് ഇവൻവശം അധികം

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/115&oldid=169748" എന്ന താളിൽനിന്ന് ശേഖരിച്ചത്