ഉള്ളതു്. എടത്തിലെ ഒരു പ്രത്യേക ആശ്രിതന്റെ നിലയിലാണു് അച്ചൻ ഇവനെ വിചാരിച്ചു വന്നിട്ടുള്ളതു്. അങ്ങിനെ വിചാരിപ്പാൻ വേണ്ടുന്നതിലധികം നാട്യം നടിപ്പാൻ ചാത്തുപ്പണിക്കർക്ക് ബഹുവശതയും ഉണ്ടു്. ഉദയന്തളിയിൽനിന്നു തന്റെ വസതി വിട്ടു പൂഞ്ചോലക്കര എടത്തിനു സമീപം പാർപ്പു് ആക്കേണമെന്നുള്ള അച്ചന്റെ ഉപദേശം അത്യാദരവോടെ അനുഷ്ഠിപ്പാൻ ചാത്തുപ്പണിക്കരു് ഒരുങ്ങി, ഒരുങ്ങി, നില്ക്കുന്നു എന്നു് അച്ചനെ പൂർണ്ണമായും വിശ്വസിപ്പിച്ചിട്ടുണ്ടു്. ഇങ്ങിനെ വിശ്വസിപ്പിച്ചുതുടങ്ങീട്ടു് അഞ്ചെട്ടു കൊല്ലങ്ങളായി എങ്കിലും അതുപ്രകാരം യഥാർത്ഥത്തിൽ പ്രവർത്തിക്കാത്തതുകൊണ്ടുള്ള ഒരു പരിഭവം ലേശംപോലും അച്ചനു് ഉണ്ടാക്കാതെ കഴിച്ചുവന്നു. അത്ര സമർത്ഥനാണു് ഈ ചാത്തുപ്പണിക്കരു്.
ഒടുവിൽ പറഞ്ഞ കത്തുകിട്ടിയ ഉടനെ ചാത്തുപ്പണിക്കരെ വിളിപ്പാൻ ആൾ പോയി. ചാത്തുപ്പണിക്കരു് വിളിക്കാൻ വന്ന ആളോട്കൂടി എടത്തിലേക്കായി ഉടനെ പുറപ്പെട്ടു. വഴിയിൽവെച്ച് വിളിപ്പാൻ വന്ന ആളോടു ചാത്തുപ്പണിക്കരു പറഞ്ഞു.
"മുമ്പു എവിടെയോ വെച്ചു കണ്ടതായി തോന്നുന്നു. എടത്തിൽ വെച്ചു തന്നെയോ, അറിഞ്ഞില്ല."
"അതെ പണിക്കരെ, ഞാൻ എടത്തിൽ വെച്ചു പലപ്പോഴും കണ്ടിട്ടുണ്ടു്."
"ശരിതന്നെ എനിക്കു് ഓർമ്മത്തെറ്റു വന്നുപോയി. വലിയ തമ്പുരാനു ദേഹസൂഖക്കേട് ഒന്നും ഇല്ലല്ലൊ ? അവിടത്തെ ഒരു ആശ്രയം മാത്രമാണു് എനിക്കുള്ളതു്. വെറെ യാതൊരു തമ്പുരാക്കന്മാരുടെയും ആശ്രയത്തിൽപെടാതെ കാലം കഴിക്കേണമെന്നാണു് എന്റെ ആഗ്രഹം. ഇന്നലെ ഉദയന്തളിയിൽനിന്നു് ആൾ വന്നിരുന്നു, ഞാൻ പോയില്ലാ. ഏതായാലും ഉദയന്തളി പ്രദേശം വിടേണമെന്നു, ഞാൻ തീർച്ചയാക്കിയിരിക്കുന്നു. വലിയ തമ്പുരാനു അങ്ങിനെയാണു് തിരുമനസ്സു്. ഞാൻ അതിനെ അനുവർത്തിച്ചു നില്ക്കുകയല്ലാതെ മറ്റു് ഒരു പ്രകാരത്തിലും ഒന്നും പ്രവർത്തിക്കയില്ലാ. ഉദയന്തളിക്കാരും എടത്തിൽ നിന്നും എനിയും എന്തോ ഒരു വ്യവഹാരമുണ്ടാവാൻ പോവുന്നുപോൽ. ഉള്ളതുതന്നെ ആയിരിക്കും അല്ലെ?"
"അതെ ഉദയന്തളിക്കാരും എടത്തിൽ നിന്നും നേരിട്ടിട്ടല്ല വ്യവഹാരം."
"പിന്നെയോ, എങ്ങിനെയാണു ഭാവം എന്നറിഞ്ഞില്ല."