"മുമ്പു് എടത്തിൽനിന്നു കല്യാണിഅമ്മ എന്ന ഒരു സ്ത്രീ നാടുവിട്ടുപോയിട്ടുണ്ടായിരുന്നുവത്രെ. ആ സ്ത്രീയുടെ മകളാണെന്നു പറഞ്ഞു കൊണ്ടു തിരുവനന്തപുരക്കാരൻ ഒരു പിള്ള ഒരു പെൺകിടാവിനെ ഉദയന്തളിയിൽ കൊണ്ടു വന്നു പാർപ്പിച്ചിരിക്കുന്നു. ആ കുട്ടിക്ക് എടത്തിൽനിന്നു ചെലവു കൊടുക്കേണമെന്നും മറ്റും പിള്ള അച്ചന്നു് എഴുതി അയച്ചിരിക്കുന്നു. രാമവർമ്മൻ നിരുമുല്പാടിന്റെയും വൈത്തിപ്പട്ടരുടേയും ഉത്സാഹത്തിന്മേലാണത്രെ ഈ കൂട്ടം ഉണ്ടാവാൻപോകുന്നതു്."
"വൈത്തിപ്പട്ടർ തമ്പുരാൻ ഏതാണു ഞാൻ അറിയില്ല."
"വൈത്തിപ്പട്ടർ ഒരു വലിയ കള്ളനാണു്. ഞാൻ ഒരു പ്രാവശ്യമേ കണ്ടിട്ടുള്ളു. കണ്ടാൽ ഭയമാവും. എപ്പോഴും സർപ്പദൃഷ്ടിയാണു് പട്ടർക്കു്. ഒരു പിശാചിനെപ്പോലെയാണു്"
"പട്ടർ ഇപ്പോൾ എവിടെ ഉണ്ടു്."
"അയാളുടെ സ്ഥലത്തു തന്നെ. അവിടേക്കു് എടത്തിൽനിന്നു ആളെ അയച്ചിരിക്കുന്നു. പട്ടരെ പിടിച്ച പിടിയാലെ കൂട്ടിക്കൊണ്ടുവരുവാൻ കുഞ്ചുമേനോൻ ആൾക്കാരോടുകൂടി പോയിരിക്കുന്നു."
"പട്ടർതമ്പുരാനെ കൂട്ടിക്കൊണ്ടു വന്നിട്ടു് എന്താണു കാർയ്യം. അദ്ദേഹം എടത്തിലേക്കു വൈരിയാണെങ്കിൽ അദ്ദേഹം വരുമോ?"
"വരും , വരും പണത്തിന്മേൽ അയാൾക്കു ബഹു ആർത്തിയാണത്രെ. പണം കൊടുത്താൽ അയാൾ നുമ്മടെ ഭാഗത്തു ചേരുമെന്നു് എല്ലാവരും തീർച്ചയായി പറയുന്നു."
"പട്ടർ തമ്പുരാനെ നുമ്മടെ ഭാഗത്തു ചേർത്താൽ നുമ്മൾക്കു് എന്തൊരു ഗുണമാണു വിശേഷവിധിയായി ഉണ്ടാവാൻ ഉള്ളതു് എന്നറിഞ്ഞില്ല."
"പട്ടരു് നുമ്മുടെ ഭാഗമായാൽ അവർ സകലാളുകളും തോല്ക്കും എന്നു സകലാളുകളും പറയുന്നു. ഈ പട്ടരാണ് എടത്തിൽ നിന്നും കല്യാണിഅമ്മയെ കൊണ്ടുപൊയ്ക്കളഞ്ഞതുപോൽ. അതു നിമിത്തം എടത്തിലേക്കു പട്ടരോടു വിരോധമായി. പട്ടരെ പൂഞ്ചോലക്കര ദിക്കിൽനിന്ന് ആട്ടിക്കളഞ്ഞുവത്രേ."
"അപ്പോൾ നാടുവിട്ടുപോയ പട്ടർ അങ്ങിനെ പൂഞ്ചോലക്കരയ്ക്കു മടങ്ങിവന്നു."
"കല്യാണിഅമ്മ വഴിയിൽവെച്ചു് ഇവിടം വിട്ടപോയ ഉടനെ മരിച്ചുപോയത്രെ. അതാണു് പട്ടർ മടങ്ങിപ്പോന്നതു്."
"ഈ പട്ടർ വൃദ്ധനോ?"