ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

"വളരെ വയസ്സായിരിക്കുന്നു"

"ഉദയന്തളി കൊണ്ടുവന്നു പാർപ്പിച്ചിട്ടുള്ള കുട്ടി വളരെ ചെറുപ്പമായിരിക്കും"

"പത്തുപതിനൊന്നു വയസ്സേ ആയിട്ടുള്ളു എന്നാണ് കേട്ടതു്"

"കല്യാണി എന്നു പേരായ തമ്പുരാട്ടി ഈ ദിക്കുവിട്ടു പോയിട്ടു എത്ര കൊല്ലമായോ അറിഞ്ഞില്ല "

"അതു എനിക്കു നിശ്ചയമില്ല. പത്തു് ഇരുപതു് കൊല്ലമായി എന്നു ചിലർ പറയുന്നു."

"ഉദയന്തളിക്കാർ വ്യവഹാരത്തിന്നു പുറപ്പെട്ടാൽ അതിന്നു വേണ്ടുന്ന തെളിവു കൊടുത്താലല്ലെ അവർ ജയിക്കയുള്ളു. എന്തു തെളിവാണു് അവർക്കു കൊടുക്കാൻ കഴിയുന്നതു്? ആ വക വല്ല പ്രസ്താവവും കേട്ടുവോ എന്നറിഞ്ഞില്ല"

"ഞാൻ യാതൊന്നും കേട്ടില്ലാ. പട്ടരു സ്വാധീനമായാൽ അവർ കേവലം തോറ്റുപോവുമെന്നു തീർച്ചയായും ആളുകൾ പറയുന്നു."

"ഈ വന്നിട്ടുള്ള കുട്ടിയും പിള്ളയും സൂക്ഷ്മത്തിൽ എന്തു ജാതിക്കാരാണെന്നാണു് ആളുകൾ പറയുന്നതു്. എന്നറിഞ്ഞില്ലാ."

"ശൂദ്രർ തന്നെയാണുപോൽ. താണ ജാതിക്കാരാണത്രെ."

"എന്തൊരു കഷ്ടമാണു്. ഈ മാതിരി വ്യാജം പ്രവർത്തിച്ചു തുടങ്ങിയാൽ എന്തു നിവൃത്തി. എന്നെ തല്ക്കാലം വിളിപ്പാൻ കല്പിച്ചതിന്നു വിശേഷകാരണം ഒന്നും ഉണ്ടായിരിക്കയില്ലാ."

"പതിനഞ്ചു ദിവസത്തിനകത്തു് അന്യായം ഫയലാക്കുമെന്നു് ഒരു രജിസ്ത്രകത്ത് അയച്ചിരിക്കുന്നു. അതു കിട്ടിയ ഉടനെ പണിക്കരെ വിളിക്കാൻ കല്പനയായി."

ഇങ്ങിനെ ഓരോ വിശേഷങ്ങൾ പറഞ്ഞുകൊണ്ടു് ഇവർ വഴി നടന്നു എടത്തിൽ എത്തി.

ചാത്തുപ്പണിക്കർ കണ്ടാൽ സുമുഖനാണു്. വെളുത്ത നിറമാണു്. കഷണ്ടിയാണു് തലയിൽ എങ്കിലും മുഖത്തിനു് ആകപ്പാടെ നല്ല ശ്രീയുണ്ടു്. നല്ല പാവുമുണ്ടു് രണ്ടു് അടി അമരം താഴ്ത്തി ഉടുത്തിട്ടുണ്ടു്. നെറ്റിയിലും മാറത്തും വെളുത്തു് ഭസ്മക്കുറി ഇട്ടിരിക്കുന്നു. കഴുത്തിൽ സ്വർണ്ണം കെട്ടിയ ഒരു വലിയ പഞ്ചമുഖരുദ്രാക്ഷം ഒരു ചെറിയ നൂലിന്മേൽ ധരിച്ചിട്ടുണ്ടു്. വൃത്തിയായി തുന്നിച്ച കവിടിസഞ്ചിയും ഓലപ്പഞ്ചാംഗവും മുഴുവൻ വെള്ളികെട്ടി. ഒരു എഴുത്താണിയും ഒരു വെളുത്ത തോർത്തുമുണ്ടുകൊണ്ടു മൂടി എടത്തെ കക്ഷത്തിൽ വെച്ചിട്ടുണ്ടു്.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/118&oldid=169751" എന്ന താളിൽനിന്ന് ശേഖരിച്ചത്