നിന്റെ കാരണവന്മാർ. ഇപ്പോൾ അതൊന്നുമില്ലെങ്കിലും ഈ അവസ്ഥ മുമ്പു് ഉണ്ടായിരുന്നതിനാൽ നിന്റെ തറവാട്ടിലേക്കു പ്രഭുത്വമുണ്ടെന്നു പറഞ്ഞതാണു്.
ശാ:- അതേ ഉള്ളു അല്ലേ. എന്റെ വീട്ടിൽ നിന്നു പതിനഞ്ചുകാതം ദൂരമാണു് അച്ഛന്റെ വീടു്. പിന്നേയോ?
രാ:- ഞാൻ നിന്റെ അമ്മയേയും നിന്നെയും ഒഴികെ നിന്റെ വീട്ടിൽ ഉള്ള വേറെ ആരെയും കണ്ടിട്ടില്ല. ആ ദിക്കുകാർ ആരും എനിക്കു പരിചയക്കാരായും ഇല്ല. എന്റെ തറവാടു് വളരെ ദാരിദ്ര്യദശയിൽപ്പെട്ട തറവാടായിരുന്നു. എന്റെ അമ്മയും അച്ഛനും ഞാൻ ചെറിയ വയസ്സായിരിക്കുമ്പോൾ തന്നെ മരിച്ചു. എനിക്കു കൂടെപ്പിറന്നവരായി ആരും ഇല്ല. വകയിൽ രണ്ടുമൂന്നു അമ്മാമന്മാർ ഉണ്ടായിരുന്നു. അവർക്കു് എന്നോടു സ്നേഹവും അഥവാ സ്നേഹം ഉണ്ടായിരുന്നുവെങ്കിൽതന്നെ എന്നെ രക്ഷിപ്പാനുള്ള ശക്തിയും ഉണ്ടായിരുന്നില്ല. എനിക്കു പതിന്നാലുവയസ്സു പ്രായമായിരുന്നപ്പോൾ ഞാൻ എന്റെ രാജ്യം വിട്ടു് ഇംഗ്ലീഷ് പഠിക്കണമെന്നുള്ള താല്പര്യത്താൽ തിരുവനന്തപുരം എന്ന രാജ്യത്തേയ്ക്കു പൊയ്ക്കളഞ്ഞു. അതിന്നുശേഷം ഇതുവരെ എന്റെ വീട്ടുകാരുടെ വർത്തമാനം യാതൊന്നും ഞാൻ അറിഞ്ഞിട്ടില്ല. എന്റെ രാജ്യത്തേയ്ക്കും ഞാൻ കടന്നിട്ടില്ല.
ശാ:- എന്നിട്ടോ, അച്ഛൻ തിരുവനന്തപുരത്തു് പോയിട്ടു് അമ്മയെ കണ്ടതുവരെയുള്ള വിവരങ്ങൾ കൂടി പറഞ്ഞുകേട്ടാൽ നന്നായിരുന്നു.
രാ:- ശരി. ഞാൻ തിരുവനന്തപുരത്തു് ഒരു വലിയ ഉദ്യോഗസ്ഥന്റെ കൂടെ താമസമായി. അദ്ദേഹത്തിന്നു് എന്നെ വളരെ താല്പര്യമായി. എന്നെ സ്കൂളിൽ അയപ്പിച്ചു് കുറേ ഇംഗ്ലീഷ് പഠിപ്പിച്ചു. എനിക്കു ചിത്രമെഴുത്തിൽ വാസന തുടങ്ങി. അതിൽ മഹാനായ ഒരു വലിയ ഉദ്യോഗസ്ഥൻ എന്നെ ശീലിപ്പിച്ചു. കുറെ കാലം കഴിഞ്ഞപ്പോൾ ആ മനുഷ്യൻ മരിച്ചുപോയി. ആ കാലം എനിക്കു് എണ്ണച്ചായത്തിൽ സാമാന്യം നല്ലവണ്ണം ചിത്രം എഴുതുവാൻ ശീലമായിരുന്നു. എനിക്കു് അദ്ദേഹത്തിന്റെ മരണശേഷം യാതൊരാളും സഹായിപ്പാൻ ഇല്ലാതെ ആയതിനാൽ ഞാൻ തിരുവനന്തപുരം വിട്ടു് വടക്കേ ഇൻഡ്യയിൽ സഞ്ചാരത്തിനു് ആരംഭിച്ചു. അക്കാലം എനിക്കു് ഇരുപത്തേഴുവയസ്സു് പ്രായമാണു്. ചിത്രമെഴുത്തുകൊണ്ടുതന്നെ അഹോവൃത്തി കഴിച്ചു സഞ്ചരിച്ചു.അങ്ങിനെ ഒരു ആറേഴുകൊല്ലം സഞ്ചരിച്ചശേഷമാണു് അതിസുന്ദരിയും ബുദ്ധിമതിയുമായ നിന്റെ അമ്മയെ