മുള്ളത്. അയാൾ എന്റെ സ്വാധീനത്തിൽ ഉണ്ട്. അയാളെ ഒന്നു കൂട്ടിക്കൊണ്ടുവരണം.
അ:-ആരാണ് ഈ ആൾ? എവിടെയുണ്ട് ഈയാൾ?
വൈ:-ആ തിരുവനന്തപുരത്തുകാരൻ പിള്ളയുടെ കൂടെ ഉണ്ട്. നമ്മുടെ രാജ്യക്കാരൻ കൃഷ്ണൻ എന്നു പേരായ ഒരു ചെക്കനാണു ഇവൻ. ഇവനാണ് എന്നോടു എല്ലാ വിവരങ്ങളും പറഞ്ഞത്. ഇവൻ വിവരങ്ങൾ പറഞ്ഞശേഷമാണ് എന്റെ മനസ്സിന്നു കേവലം വിരോധം തോന്നി ഞാൻ പിള്ളയുമായി തെറ്റിയത്.
അ:-എന്താണ് വിവരങ്ങൾ? അതു പറയൂ.
വൈ:-അത് ഇവിടെ അവൻതന്നെ ബോധിപ്പിക്കും. എനിക്ക് ഇവിടെ അറിയിപ്പാൻകൂടി ഭയവും ലജ്ജയും തോന്നുന്നു. അതുകൊണ്ട് എജമാനൻ ഇന്നു രാത്രിയത്തെ എട എനിക്ക് കല്പിച്ചു അനുവദിച്ചാൽ സകല വിവരങ്ങളേയും ഞാൻ നാളെ ഇവിടുത്തെ മനസ്സിലാക്കിക്കൊള്ളാം. എന്റെ കൂടെ ഉദയന്തളിയോളം വരുവാൻ ആ ദിക്കു പരിചയമുള്ള ഒരാളേയും അയച്ചു തരുവാൻ കല്പനയാവണം.
അ:-അങ്ങിനെ തന്നെ, എന്നാൽ നാളെ വെളിച്ചാവുമ്പോഴേക്ക് എത്തുമല്ലോ. ആ ചെക്കൻ ഇപ്പോഴും പിള്ളയുടെ കൂടെ തന്നെയോ? അവൻ നിങ്ങൾ വിളിച്ചാൽ വരുമോ?
വൈ:-അവൻ എന്റെ സ്വന്തം ആളാണ്. മുമ്പു ഞാൻ ഒരബദ്ധം പ്രവർത്തിച്ചപ്പോൾ ഒന്നിച്ചു കൂട്ടിക്കൊണ്ടു പോയതാണ്. അവൻ ഞാൻ പറഞ്ഞപ്രകാരം എല്ലാം കേൾക്കും. അവനെ എനി ഇവിടുന്നു രക്ഷിക്കണം. ഈ നേര് അവൻ പറയുന്നത് ഇവിടുത്തെ ഒരു കാരുണ്യം മാത്രം ഇച്ഛിച്ചിട്ടാണ്.
അ:-അതിനെന്തു സംശയം. നിശ്ചയമായി അവനെയും അവന്റെ കുടുംബത്തേയും ഞാൻ രക്ഷിക്കും. ഉടനെ പോയി കൂട്ടിക്കൊണ്ടുവരിൻ.
എന്നും പറഞ്ഞു വൈത്തിപ്പട്ടരുടെ കൂടെ ഗൂഢമായി ഒരാളെയും അയപ്പാൻ അച്ഛൻ കല്പിച്ചു. പട്ടര് ഊൺ കഴിഞ്ഞ് രാത്രിതന്നെ പുറപ്പെട്ടു. ഉദയന്തളി പ്രദേശം നല്ല പരിചയമുള്ള ഒരാളോടുകൂടി ആ ദിക്കിലേക്കു പോയി. രാമൻമേനോൻ താമസിക്കുന്ന മഠത്തിനു സമീപം ഒരു ദിക്കിൽ താമസിച്ചു. കൂടെയുള്ളവനെ പ്രഭാതസമയത്തു രാമൻമേനോൻ പാർക്കുന്ന മഠത്തിലേക്ക് അയച്ചു. കൃഷ്ണൻ എന്നു പേരായി അവിടെ ഒരുവനുണ്ട്. അവനെ സ്വകാര്യമായി വിളിച്ച് വൈത്തിപ്പട്ടര് ഒന്നു സംസാരിപ്പാൻ വിളിക്കുന്നു. പട്ടര് അടുക്കെ