നുള്ളു. ബുദ്ധിക്കു് ഇത്ര സ്വതന്ത്രത ഉണ്ടായിട്ടുള്ള ആൾ വേറെ ഹിന്ദുക്കളിൽ ദുർലഭമാണെന്നു തന്നെ പറയാം. ഇദ്ദേഹത്തിന്റെ ഗുണഗണങ്ങളെ അറിഞ്ഞു് ഗവർമ്മെണ്ടു് ഇദ്ദേഹത്തിനു തക്കതായ ഒരു ഉദ്യേഗം കൊടുപ്പാൻ ഭാവിച്ചു. തന്റെ സ്വാതന്ത്ര്യഹാനിയെ വിചാരിച്ചു് ഇദ്ദേഹം സർക്കാരുദ്യോഗത്തിൽ പ്രവേശിച്ചില്ല. എന്നാൽ അപാരമായ അറിവുണ്ടായിരുന്നതിനാൽ ആ സ്വതന്ത്രത നിമിത്തം ഇദ്ദേഹത്തിനു ബുദ്ധിക്ക് അഹങ്കാരം ലേശം ഉണ്ടായിരുന്നില്ല. തന്റെ സമസൃഷ്ടിയിൽ അത്യന്തം ദയാലുവും സത്യനിരതനും ആയിരുന്നു. എല്ലായ്പോഴും പഠിപ്പിൽ മഗ്നനായി കാലം കഴിച്ചതിനാൽ തനിക്ക് സ്നേഹിതന്മാരായി വളരെ ആളുകൾ ഉണ്ടായിരുന്നില്ലാ. ഒന്നുരണ്ടുപേരെ ഉണ്ടായിരുന്നുള്ളു. അവരുമായിത്തന്നെ സംസാരിപ്പാനും മറ്റും ഇദ്ദേഹത്തിനു സമയം ഉണ്ടാവുന്നതു് ദുർലഭമാണു്. ഇദ്ദേഹം കാഴ്ചയിൽ അതികോമളനാണെന്നു പറഞ്ഞിട്ടുണ്ടല്ലോ. സ്ത്രീകളുടെ സൌന്ദര്യത്തെക്കുറിച്ചു വർണ്ണിക്കുന്നമാതിരിയിൽ പുരുഷന്മാരുടെ സ്വരൂപവിശേഷതയെക്കുറിച്ചു അംഗപ്രത്യംഗവർണ്ണന ചെയ്യുന്നത് അനാവശ്യമാകുന്നു. എങ്കിലം അല്പമൊന്നു പറഞ്ഞേക്കാം.
കൃഷ്ണമേനോൻ ദിർഘം ധാരാളമുള്ള ആളാണ്. വർണ്ണം തങ്കവർണ്ണം എന്നു തന്നെ പറയണം. മുഖത്തിന്റെ ആകപ്പാടെയുള്ള കാന്തി എനിക്കു തോന്നുന്നതു വളരെ ദളമുള്ള അശേഷം വാട്ടംതട്ടാത്ത ഒരു ചെന്താമരപുഷ്പത്തിന്റെ കാന്തിപോലെ ഇരിക്കും എന്നാണ്. കണ്ണുകൾ വിശാലമായി ദീർഘിച്ചു് നിബിഢമായ് രോമങ്ങളാലുള്ള പക്ഷ്മങ്ങളോടുകൂടിയാണു്. നേത്രങ്ങളിൽനിന്നു സ്ഫുരിക്കുന്ന രസംതന്നെ ബുദ്ധിക്കു അനുസരിച്ച ശാന്തതയോടുകൂടിയ ഗാംഭീർയ്യമാണു്. ശൃംഗാരരസം ലേശംപോലും ഉണ്ടെന്നു സാധാരണ ആളകൾക്കു തോന്നുകയില്ല. രണ്ടുമൂന്നിഞ്ചു നീളത്തിൽ വെട്ടിനിരത്തി നിറുത്തിയ അഗ്രം ചുരുണ്ട അതിനീലവർണ്ണമായ തലമുടിയും ചുരുണ്ടു ഘനമായി നിൽക്കുന്ന കുടുമയും അതിമോഹനമായുള്ള ഫാലത്തിന്റെ സ്വതേയുള്ള വർണ്ണത്തെ അത്യന്ത മനോഹരമാക്കിതീർത്തു എന്നേ പറവാനുള്ളു. അത്യന്ത രക്തവർണ്ണങ്ങളായി അതികോമളങ്ങളായിരിക്കുന്ന ഇദ്ദേഹത്തിന്റെ അധരങ്ങളെ കാണുന്ന യുവതികൾക്കു് എന്താണു ഗതി എന്ന് എനിക്കു പറവാൻ പ്രയാസം. ദേഹം സൃഷ്ടിസ്വഭാവേന ഉള്ളതിനു പുറമെ കൃത്യമായ വ്യായാമത്താലും അതിഭംഗിയായി ഇരിക്കുന്നു എന്നേ പറവാനുള്ളു. ആകപ്പാടെ കൃഷ്ണമേനോൻ ഒരു വിശേഷവിധിയായ സുന്ദരനാണെന്നു ദൃഷ്ടമാത്രത്തിൽ ഏവനും തോന്നും. ബുദ്ധി