പ്രവാളാധരങ്ങളെ ഒന്നു ചുളിച്ചു മന്ദഹാസത്തിന്റെ ഒരു ലക്ഷണം അല്പമായി ഒന്നു കാണിച്ചു എന്നു വരുത്തി പൊയ്ക്കളയും. ഇതിൽ അധികം ഒന്നും കാണുകയില്ല. തന്റെ പുസ്തകങ്ങളും താനും. മറ്റു യാതൊരു ചിന്തയും ഇല്ല. ഇങ്ങിനെയാണു് കൃഷ്ണമേനോൻ ഇക്കാലം കഴിച്ചുവന്നത്.
കൃഷ്ണമേനോൻ അച്ഛന്റെ മുമ്പാകെ പോയി നിന്നു എന്നു പറഞ്ഞിട്ടുണ്ടല്ലോ. കണ്ട ഉടനെ, അച്ഛൻ "കുട്ടാ നീ ഇന്നാൾ ഉണ്ടാക്കിയ മറുപടി ബഹുവിശേഷമെന്നു സകല വക്കീലന്മാരും സമ്മതിച്ചുപോയത്രെ." എനിക്കു വളരെ സന്തോഷമായി. എഴുത്തയച്ച കള്ളന്മാരുടെ യഥാർത്ഥരീതി എല്ലാം രാഘവൻ കുട്ടനോടു പറഞ്ഞില്ലേ. എന്തൊരു കഷ്ടമാണ് ഇതു്.
കൃ:-വലിയ കഷ്ടം തന്നെ.
അ:-ഇവരുടെ ജാതി ഇന്നതാണെന്നു നോം ഇപ്പോൾ അറിഞ്ഞതിനാൽ എനി ആ വിവരം എല്ലാവരേയും അറിയിച്ചു ക്ഷേത്രം, കുളം മുതലായത് ഇവരെക്കൊണ്ടു തൊട്ടു അശുദ്ധമാക്കിക്കാതെ കഴിക്കേണ്ടിയിരിക്കുന്നു. അതിനു് ഈ വിവരങ്ങൾ കാണിച്ച് കുട്ടൻ എഴുത്തുകൾ ഉണ്ടാക്കണം.
കൃഷ്ണ:-നോം കേട്ട വിവരം സൂക്ഷ്മമല്ലെങ്കിൽ ഇങ്ങിനെ എഴുതുന്നതിൽ വൈഷമ്യമുണ്ടെന്ന് എനിക്കു തോന്നുന്നു. പിന്നെ നോം ഇപ്പോൾ അവരെടെ വൈരികളാണെന്ന് എല്ലാവരും അറിയുന്നതുകൊണ്ടു കേട്ട വിവരം സൂക്ഷ്മമായിരുന്നാൽ തന്നെ ഇതിനെപ്പറ്റി നോം നേരിട്ടു ഓരോരുത്തർക്കെഴുതുന്നതു ഭംഗിയായിരിക്കുമോയെന്നു് ഞാൻ സംശയിക്കുന്നു.
അച്ഛൻ:-(അല്പം ക്രോധത്തോടെ) കാര്യം സൂക്ഷ്മമാണു്, യാതൊരു സംശയവുമില്ല. നോം ഈ ദിക്കിൽ പ്രഭുക്കളല്ലെ. ഈ വിധം നമ്മുടെ ആചാരങ്ങളിൽ അക്രമങ്ങൾ കാണിച്ചാൽ ഒരിക്കലും അതുകളെ അമർച്ച ചെയ്യാതിരിപ്പാൻ പാടുണ്ടോ? കുട്ടൻ ആലോചിച്ചുനോക്കൂ. ക്ഷണത്തിൽ എഴുത്തു തെയ്യാറാക്കണം. പക്ഷേ ശങ്കനമ്പി ഒപ്പിട്ടയക്കട്ടെ. ഞാൻ കല്പിച്ചപ്രകാരം എഴിയതാണെന്നു് എഴുത്തിൽ കാണിക്കട്ടെ. അല്ലേ രാഘവാ---
രാഘവനുണ്ണി:-കല്പനപോലെ
എന്നും പറഞ്ഞു് എല്ലാവരും പിരിഞ്ഞു. കൃഷ്ണമേനോൻ എഴുത്തെഴുതുവാൻ തന്നാൽ സാധിക്കയില്ലെന്നു പറഞ്ഞു. ശങ്കനമ്പിയും