കുഞ്ചുമേനോനും കൂടി ആലോചിച്ച് ഉടനെ എഴുത്തുകളുണ്ടാക്കി. ഒന്നു ഉദയന്തളി രാമവർമ്മൻ തിരുമുല്പാട്ടിലേക്കും മറ്റൊന്നു് ഉദയന്തളിപ്രദേശത്തു് കലിങ്ങമണ്ണു് ഇല്ലത്തു് വലിയ നമ്പൂതിരിപ്പാടവർകൾക്കും മൂന്നാമത്തേതു് ഉദയന്തളി ക്ഷേത്രത്തിനു സമീപമുള്ള നമ്പൂതിരിമാരുടെ അദ്ധ്യായനമഠത്തിലേക്കുമാണു്. കത്തുകൾ അയപ്പാൻ നിശ്ചയിച്ചത്. ഉടനെ എഴുത്തുകളെ അയച്ചു.
ഉദയന്തളിക്കുള്ള എഴുത്തുംകൊണ്ടു് ആൾ ചെന്നപ്പോൾ രാമവർമ്മൻ തിരുമുല്പാടും കണ്ടൻമേനവനും തമ്മിൽ വ്യവഹാരത്തെക്കുറിച്ചു ചെയ്യേണ്ടുന്ന ഏർപ്പാടുകളെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. എഴുത്തുകൊണ്ടുവന്നവൻ സമീപത്തെത്തിയപ്പോൾ തിരുമുല്പാട് ചോദിച്ചു.
"ആരുടെ എഴുത്താണിത്?"
"പൂഞ്ചോലക്കര കാര്യസ്ഥൻ ശങ്കുനമ്പിയുടെ"
തി:- ശങ്കുവിനു നമുക്കെഴുതുവാനെന്താവശ്യം
"അതു എനിക്കു നിശ്ചയമില്ല "എന്നു പറഞ്ഞുകൊണ്ടു വന്നവൻ എഴുത്തിനെ കോലാമൽ വെച്ചു അവൻ തിരിയെ പോരുകയും ചെയ്തു.
തിരുമുല്പാടു് വളരെ ആശ്ചര്യപ്പെട്ടു.
തിരു:- കണ്ടാ, എഴുത്തെടുത്തു് തുറന്നു വായിക്കു. ഇതു് എന്തു കഥയാണ്? പുതുതായി നമ്മുടെ നേരെ വല്ല വ്യവഹാരവും ഭാവിച്ചിട്ടുണ്ടായിരിക്കും.
കണ്ടന്മേനോൻ എഴുത്തെടുത്തു് തുറന്നു പറയുംപ്രകാരം വായിച്ചു.
"തിരുവനന്തപുരത്തുകാരൻ രാമൻപിള്ള എന്നൊരാൾ ഒരു പെൺകുട്ടിയോടുകൂടി അവിടത്തെ വക മഠത്തിൽ അവിടത്തെ ചിലവിന്മേൽ താമസിച്ചുവരുന്നുണ്ടല്ലൊ. ആ പെൺകുട്ടി മുസൽമാൻജാതിയായ ഒരു ബൗദ്ധസ്ത്രീയിൽ ജനിച്ച കുട്ടിയാണെന്നും നായർജാതി അല്ലെന്നും നായർജാതിയാണെന്നു രാമൻപിള്ള പറയുന്നതു വ്യാജമാണെന്നും ഇവിടെ വലിയച്ചനു സൂക്ഷ്മമായ അറിവുകിട്ടിയിരിക്കുന്നു. ഇവിടുന്നും അവിടുന്നുമായി വ്യവഹാരം നിമിത്തം തമ്മിൽ നല്ല രസമില്ലെങ്കിലും ക്ഷത്രിയജാതിയിലുള്ള അവിടേക്കും അവിടത്തെ ക്ഷേത്രം, കുളം മുതലായതുകൾക്കും അശുദ്ധി വന്നുപോകുന്നത് ഇവിടെ വ്യസനമാകകൊണ്ട് ഈ വിവരം അറിയിപ്പാൻ വലിയച്ചൻ എന്നോടു കല്പിച്ചിരിക്കുന്നു.