ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എട്ടാം അദ്ധ്യായം എഴുതിക്കഴിഞ്ഞിട്ടു് ഇപ്പോഴേക്കു് കാലം വളരെ കഴിഞ്ഞു. എട്ടാം അദ്ധ്യായത്തിൽ വിവരിക്കപ്പെട്ട കഥ നടന്നിട്ടും ആ വിവരത്തെക്കുറിച്ചു് കവി അറിഞ്ഞിട്ടും ഉള്ള കാലമേറി ഇതും വളരെയായി. എന്നിട്ടും ഈ പുസ്തകത്തെ ഇതുവരെ പര്യവസാനത്തോളം എഴുതി തീർക്കാതിരുന്നിട്ടുള്ളതു് എന്റെ പക്കൽ ഒരു വലിയ തെറ്റല്ലയോ? തെറ്റാണെന്നു ഞാൻ സമ്മതിക്കേണ്ടി വന്നിരിക്കുന്നു. ഒരു വലിയ തെറ്റുതന്നെയാണു്. അതിനെ എന്റെ വായനക്കാർ സദയം ക്ഷമിപ്പാനും ഈ കാലത്തിന്നു മദ്ധ്യേ അല്പം ചില ദൈവീകമായ പ്രതികൂലസംഗതികൾ ഉണ്ടായിട്ടുണ്ടെന്നു കൂടി സവിനയം ഇവിടെ പ്രസ്താവിച്ചുകൊള്ളുന്നു. ഈ തെറ്റിനെ മുഴുവനുമായിട്ടോ അല്ലെങ്കിൽ ഏതാനുമായിട്ടോ പരിഹരിക്കാൻ ആ സംഗതികൾ മതിയാവുന്നതല്ലെന്നു് എനിക്കു തന്നെ തൃപ്തിവന്നിരിക്കുന്നു. അതുകൊണ്ടു് ഏതെങ്കിലും ഈ കാര്യത്തിൽ വന്നിട്ടുള്ള ഉപേക്ഷയോ അമാന്തമോ ഹേതുകമായ അപരാധത്തെ എന്റെ പ്രിയപ്പെട്ട വായനക്കാർ സസന്തോഷം ക്ഷമിച്ചൂ് ഈ കഥയെ സ്വീകരിച്ചു് അതിന്റെ അവസ്ഥാന്തസാരം രസിക്കുമെന്നാണു് എന്റെ വിശ്വാസം. ഒന്നാം പുസ്തകത്തിൽ ഒടുവിൽ കാണിച്ചിരുന്നതു തിരുമുല്പാടും കണ്ടമേനോനും പൂഞ്ചോലക്കര എടത്തിൽ അച്ഛൻ പറഞ്ഞ എടം വക ഒന്നാം കാര്യസ്ഥൻ പൂമഠത്തിൽ ഗോവിന്ദൻ എന്ന ശങ്കുനമ്പി എഴുതിയ എഴുത്തിനെ രാമൻ മേനോന്നു വായിച്ചു കേൾപ്പിക്കണമെന്ന വിചാരത്തോടുകൂടി രാമന്മേനോൻ പാർക്കുന്ന മഠത്തിലേക്കു പോയ സംഗതിയാകുന്നു. എഴുത്തു രാമന്മേനോനെ സ്വകാര്യമായി വായിച്ച കേൾപ്പിച്ചു. രാമന്മേനോൻ:- (ചിരിച്ചുംകൊണ്ടു്) മുസൽമാൻ ജാതിയായ ഒരു ബൗദ്ധസ്ത്രീയിൽ ശാരദാ ജനിച്ചകുട്ടിയാണെന്നു പറഞ്ഞതു ശരിയായിരിക്കാം. കല്യാണി ബൗദ്ധസ്ത്രീയായിരിക്കാം. ഞാൻ ഇതു് അറിഞ്ഞിട്ടില്ല. അവളുടെ ശൈശവകഥകളിൽ ഉള്ള രഹസ്യങ്ങളിൽ ഒന്നായിരിക്കാം അതു്. ആർക്കറിയാം. എനിക്കു യാതൊരു സംശയം കൂടി ഉണ്ടായിട്ടില്ല. അഥവാ പൂഞ്ചോലക്കര എടക്കാർക്കു് തന്നെ വല്ല ഭ്രഷ്ടും ഉണ്ടായിരിക്കാം. അതു് അവർക്കല്ലെ നിശ്ചയമുള്ളു. എന്നു പറയുമ്പോഴേക്കു് തിരുമുല്പാടും കണ്ടന്മേനോനും വളരെ ചിരിച്ചു. കണ്ടന്മേനോൻ "റില്ലി ആക്ട്" പ്രകാരമുള്ള വ്യവഹാരത്തി

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/145&oldid=169781" എന്ന താളിൽനിന്ന് ശേഖരിച്ചത്