പോയി?? ആരുടെ കൂടെ പോയി? ഇവിടെ ചോദിച്ചിട്ടുതന്നെയോ പോയത്?
രാമൻമേനോൻ :- അവൻ ഇവിടെനിന്നു് ആരോടും ചോദിക്കാതെ ഒളിച്ചു പൊയ്ക്കളഞ്ഞു. ഒരു ദിവസം രാത്രി ഊൺ കഴിഞ്ഞു് ഇവിടെ പതിവു പ്രകാരമുള്ള സ്ഥലത്തു് ഉറങ്ങിയിരുന്നു എന്നും പിറ്റെദിവസം നോക്കിയപ്പോൾ അവനേയും അവന്റെ കര, മുണ്ടുകൾ ഇതുകളേയും കാണ്മാനില്ലെന്നും ശങ്കരൻ പറഞ്ഞു. ഇവരെ വൈത്തിപ്പട്ടർക്കല്ലാതെ ഇത്രവേഗം ഇവിടെനിന്നു കൊണ്ടുപോവൻ സാധിക്കുമോ എന്നു ഞാൻ സംശയിക്കുന്നു. ഇവനു് വൈത്തിപ്പട്ടരോടുള്ള സ്നേഹം അതികലശലാണെന്നു ശങ്കരൻ പറഞ്ഞു ഞാൻ അറിഞ്ഞു. ഇവനെ കല്യാണിയുടെ കൂടെ ആക്കിയതുതന്നെ വൈത്തിപ്പട്ടരാണെന്നു ഇവൻ തന്നെ പലപ്പോഴും പറയാറുണ്ടത്രെ. കല്യാണിയെ ഒന്നാമതു കണ്ടപ്പോൾ ഇവനും വൈത്തിപ്പട്ടരും കല്യാണിയുടെ കൂടെ ഉണ്ടായിരുന്നു.
കണ്ടൻമേനോൻ:- ഈ വൈത്തിപ്പട്ടർ ഈ കാര്യത്തിൽ എന്തൊ അപകടം പ്രവർത്തിച്ച നിമിത്തം ഈ കൂട്ടം ഇത്ര വൈഷമ്മിച്ചു കാണുന്നതാണെന്നു ഞാൻ തീർച്ചയായും ഓപ്യം കൊടുക്കുന്നു. കഴിയുന്ന വേഗത്തിൽ ആ പട്ടരെ ഇങ്ങോട്ടു കൂട്ടിക്കൊണ്ടുവന്നു അയാളെ പാട്ടിൽ പിടിച്ചു് "റില്ലി ആക്ട് പ്രകാരം" വ്യവഹാരങ്ങൾ ഉടനെ കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം.
ഈ സംസാരമെല്ലാം ഉണ്ടായപ്പോൾ ശങ്കരൻ ആ സ്ഥലത്തിനു സമീപം നിന്നിരുന്നു. രാമവർമ്മൻ തിരുമുല്പാടു് ശങ്കരനെ കണ്ടു. തന്റെ പക്കൽ ഉള്ള എഴുത്തു ശങ്കരനെ കാട്ടാമോ എന്ന ഭാവസൂചകമായ തിരുമുല്പാട്ടിലെ സ്ഥിതി കണ്ടിട്ടു ക്ഷണേന രാമൻമേനോൻ അതിനു അനുവദിച്ചതായ ഭാവം കാട്ടി. ഉടനെ എഴുത്തിനെ ശങ്കരൻ പക്കൽകൊടുത്തു. ശങ്കരൻ എഴുത്തു വാങ്ങി വായിച്ചു. അതിനെ തിരുമുല്പാടു പക്കൽ തന്നെ കൊടുത്തു.
രാ: തി:- ഞാൻ ഇപ്പോൾ രാമൻമേനോനോടു കൃഷ്ണന്റെ വർത്തമാനത്തെ കുറിച്ചു പറയുകയായിരുന്നു. അവൻ എവിടേക്കു കടന്നുപോയിരിക്കുന്നുവോ എന്നു അറിയുന്നില്ല. അവന്നു ഇവിടെനിന്നു താനെ പൊയ്ക്കളയുവാൻ എങ്ങിനെ ധൈര്യം ഉണ്ടായതു്? അവൻ എത്രയോ കാലം - എന്നുവെച്ചാൽ കല്യാണിയും രാമന്മേനോനും തമ്മിൽ കണ്ട മുതല്ക്കു കൂടെ താമസിച്ചുവല്ലൊ. ഇവൻ മുമ്പെ വൈത്തിപ്പട്ടരുടെ