അതിനു സമീപമുള്ള സ്ഥലങ്ങളിൽ എങ്ങും ഇയാൾക്കു് പൂഞ്ചോലക്കര അച്ഛന്റെ ദ്വേഷത്താൽ ഇരിപ്പാൽ നിവൃത്തി ഇല്ലാതെയായി, സ്വന്തഗ്രാമത്തിൽ തന്നെ പാർപ്പായി. പണ്ടു സമ്പാദിച്ച സ്വത്തുകൊണ്ടു് സന്ധിച്ചു ചിലവു കഴിച്ചുവന്നു. ഈയാൾ കാഴ്ചയിൽ വളരെ വിരൂപനായിരുന്നു. ദേഹം കറുത്ത മഷിയുടെ വർണ്ണം. പിൻ കുടുമ നരച്ച ഒരു എലിവാൽ പോലെ അൽപ്പം ഇരിപ്പുണ്ടു്. മുഖം അതിവിരൂപം എന്നുതന്നെ പറവാനുള്ളൂ. വാർദ്ധക്യത്താൽ പല്ലുകൾ കൊഴിഞ്ഞു പൊയ്പോയതു കഴിച്ചു് രണ്ടുനാലെണ്ണം മാത്രം വായിൽ ഒതുങ്ങാത്ത വിധം നീണ്ടു് വൈത്തിപ്പട്ടർക്കും കാണുന്നവർക്കും ഒരുപോലെ സങ്കടത്തെ ജനിപ്പിക്കുന്നവിധം മ്ലേച്ഛമായ സ്ഥിതിയിൽ നിൽക്കുന്നുണ്ടു്. കണ്ണുകൾ സ്വഭാവേന അകത്തോട്ടു വലിഞ്ഞു അശേഷം പ്രകാശമില്ലാതെ ഇരുന്നുവെങ്കിലും എടയ്ക്കിടെ മിഴികൾക്കു് സർപ്പദൃഷ്ടിപോലെ ഒരു വിഷമചേഷ്ട ഉണ്ടായിരുന്നു. വല്ല സാധനത്തേയും സൂക്ഷ്മമായി നോക്കുമ്പോഴും വല്ലതും ശുഷ്കാന്തിയോടെ സംസാരിക്കുമ്പോഴും മനസ്സു കൊണ്ടു വല്ലതും ആലോചിക്കുമ്പോഴും മനസ്സിൽ വല്ല വ്യസനമോ ആശ്ചര്യമോ സന്തോഷമോ ഉണ്ടാവുമ്പോഴും ഉള്ളിലോട്ടു വലിഞ്ഞു് കുണ്ടിൽ കിടക്കുന്ന ഈ കണ്ണുകൾ മുന്നോട്ടു തുറിച്ചുവന്നു് വലുതായ മിഴികൾ രണ്ടും നാസികയുടെ രണ്ടു ഭാഗവും തൊട്ടുകൊണ്ടു് നിശ്ചലങ്ങളായി അധൊമുഖങ്ങളായി നിൽക്കും. പ്രകൃതിയിൽ ലേശം ജീവനില്ലാത്ത വൈത്തിപ്പട്ടരുടെ ഈ കണ്ണുകൾക്കു് ഇങ്ങനെ ഒരു വികൃതി ഉണ്ടായിരുന്നു. ഈ സർപ്പദൃഷ്ടി ഉണ്ടാകുന്ന സമയങ്ങളിൽ വൈത്തിപ്പട്ടരുറ്റെ മുഖം അത്യന്തം രൂക്ഷമായും രൗദ്രമായും ഇരുന്നു. മുഖത്തേക്കു നോക്കിയാൽ ഭയം തോന്നും. ഒരു സർപ്പം ഫണം ഉയർത്തി അതിക്രോധത്തോടെ കടിപ്പാൻ ഭാവിക്കുന്നതുപോലെ തോന്നും. എന്നാൽ വൈത്തിപ്പട്ടരുടെ കണ്ണുകളുടെ ഈ വികൃതചേഷ്ട ക്രോധത്തിൽ മാത്രമല്ല ഉണ്ടാവാറു്. സന്തോഷത്തിലും സന്താപത്തിലും ഉണ്ടാവും. എന്നുവേണ്ട ഇയാൾക്കു മനസ്സിന്നുള്ള സാധാരണ സമഗതിക്കു് ഒരു ലേശം ഭേദം വന്നാൽ സർപ്പദൃഷ്ടിയായി. അതുകൊണ്ടു് അധികം സമയവും സർപ്പദൃഷ്ടിയിൽ തന്നെയാണു് ഇയാളുടെ മിഴികൾ നിൽക്കുമാറു്. ശരീരം കൃശമായി അകത്തോട്ടു വളഞ്ഞു കത്തിക്കരിഞ്ഞ ഒരു വിറകിൻ കൊള്ളിപോലെ ഇരുന്നു. ആകെപ്പാടെ പട്ടരുടെ ആകൃതി ഒരു പിശാചിന്റെ ആകൃതിയെന്നു തന്നെ പറയാം. ശങ്കരൻ കണ്ടപ്പോൾ ഇദ്ദേഹം സ്നാനത്തിനു പോകയായിരുന്നു.
ശങ്കരൻ മേല്പ്രകാരം പറഞ്ഞ ഉടനെ വൈത്തിപ്പട്ടർ കലശലായി ഒരു സർപ്പദൃഷ്ടി ഇട്ടു.