ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാൻ ജാതിയായ സ്ത്രീയിൽ ജനിച്ച കുട്ടിയല്ല. മേൽപറഞ്ഞ രാമൻമേനോനു പൂഞ്ചോലക്കര എടത്തിൽ കല്യാണി എന്നു പേരായ സ്ത്രീയിൽ ജനിച്ച ഒരു കുട്ടിയാകുന്നു. നായരുജാതി എന്നു പ്രസിദ്ധമായി അറിയപ്പെടുന്ന പൂഞ്ചോലക്കര എടത്തിൽ മേലാൽ സന്തതിക്കും വേറം വളരെ അഭ്യുദയങ്ങൾക്കും ആയി പൂഞ്ചോലക്കര എടത്തിൽ ഒരു സ്ത്രീയെ സംബന്ധത്തിനു് എല്ലാവിധത്തിലും അർഹനായ രാമൻമേനോന്നു പൂഞ്ചോലക്കര എടത്തിൽ കല്യാണി എന്ന സ്ത്രീയിൽ പുത്രിയായി ജനിച്ചതുകൊണ്ടു എങ്ങിനെയാണു് ആ കുട്ടിക്കു് ഇപ്പോൾ ജാതിവൈരൂപ്യം കല്പിക്കുന്നതു എന്നു മനസ്സിലാകുന്ന വിധം ഒന്നും തന്നെ എഴുത്തിൽ പ്രസ്താവിച്ചു കാണുന്നില്ല. സൂക്ഷ്മമായി അറിവു കിട്ടിയിരിക്കുന്നു. എന്നു താൻ എഴുതിയതു വളരെ നിസ്സാരമായി വിചാരിപ്പാനേപാടുള്ളു. അവിടുന്നും ഇവിടുന്നും തമ്മിൽ വ്യവഹാരം നിമിത്തം രസമില്ലെങ്കിലും, സൂക്ഷ്മമായി കിട്ടിയ വിവരത്തെ അറിയിപ്പാനുണ്ടായ അനുകമ്പ വളരെ യഥോചിതം തന്നെ. ക്ഷത്രിയനായ നമുക്കും നമ്മുടെ കുടുംബങ്ങൾക്കും ക്ഷേത്രം, കുളം മുതലായതുകൾക്കും സദാചാര വിശുദ്ധി ഉണ്ടായി വരുന്നതു തന്റെ പൂഞ്ചോലക്കര അച്ചനു സന്തുഷ്ടിയാണെന്നു് ഇപ്പോൾ ലോകപ്രസിദ്ധമാണല്ലോ. എനിക്കു ഈ വിധം ഒരു കത്ത് തനിക്കു് എഴുതുവാൻ ആവശ്യമില്ലാത്തതാണു്. അതു തന്റെ പൂഞ്ചോലക്കര അച്ചൻ പറഞ്ഞാലും പറഞ്ഞിട്ടില്ലെങ്കിലും ഒരുപോലെ തന്നെ. ഹുംകൃതിയോടുകൂടി ഇങ്ങിനെ ഒരു ഭീഷണി ഉണ്ടാക്കിത്തീർത്തുകളയാമെന്നുള്ള വിചാരം മാത്രം സർവ്വത്ര സ്ഫുരിക്കുന്നതായും നിസ്സാരമായും ഉള്ള തന്റെ കത്തനു മേൽകാണിച്ചപ്രകാരമാണു് ഇവിടെനിന്നു മറുപടി പറയുന്നതു് എന്ന് അറിയിക്കുന്നു.

ഉദയന്തളി രാമവർമ്മൻ തിരുമുല്പാടു്.

ഈ കത്തു വായിച്ചു കേട്ടപ്പോൾ രാമവർമ്മൻ തിരുമുല്പാട്ടിലേക്കു അതിയായി ഉണ്ടായ സന്തോഷത്തിനാൽ ഒന്നും പറയാതെ മന്ദഹസിച്ചുംകൊണ്ടു കണ്ടന്മേനോന്റെ മുഖത്തു നോക്കി.

കണ്ടന്മേനോൻ:- കത്തു് വളരെ നന്നായി. ഇതിൽ ലാപോയിന്റ് കൂടി ഉണ്ടു്.

രാമവർമ്മൻ തിരുമുല്പാടു്:- എനിക്കു് അതു് അറിഞ്ഞുകൂടാ. എന്നാൽ ഇവിടെനിന്നു പൂഞ്ചോലക്കരക്കു് ഇതുവരെ എഴുതീട്ടുള്ള എഴുത്തുകൾ മുഴുവൻ ശങ്കരൻ ആണെന്നു തോന്നും ഈ എഴുത്തു വായിച്ചു കേട്ടാൽ. ഇവന്റെ ബുദ്ധി വളരെ വിശേഷമായിട്ടുള്ളതാണെന്നു ഓർത്തു ഞാൻ ആശ്ചര്യപ്പെടുന്നു. ഉടനെ എഴുത്തു വാങ്ങി പൂട്ടി മേൽവിലാസം എഴുതി തന്റെ ഒരാൾക്കാരൻ പക്കൽ തിരുമുല്പാട് കൊടുത്തു.

തിരുമുല്പാടും കണ്ടന്മേനോനും ഊൺ കഴിഞ്ഞു വരാം എന്നു പറൻഞ്ഞു ഉടനെ അവിടെനിന്നു പുറപ്പെടുകയും ചെയ്തു. വഴിയിൽ വെച്ചു ചോദിച്ച നമ്പൂതിരിമാരോടു് ഇതെല്ലാം പൂഞ്ചോലക്കര അച്ഛൻ കളവായി ഉണ്ടാക്കിയ നിർമ്മര്യാദമായ ഒരു കഥയാണെന്നു പറയുകയും അതു ചിലർ വിശ്വസിക്കുകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/150&oldid=169787" എന്ന താളിൽനിന്ന് ശേഖരിച്ചത്