ഈ രാഘവമേനോൻ ബി.എ.ബി.എൽ ജയിച്ചിട്ടുള്ള ഒരു വക്കീലാകുന്നു. അഞ്ചുകൊല്ലം കഴിഞ്ഞിട്ടു ഹൈക്കോടതി സന്നത്ത് വാങ്ങാമെന്നുവച്ച് തൽക്കാലം ഒന്നാംഗ്രേഡ് വക്കീൽപണിയിൽ പ്രവേശിച്ചിട്ടുള്ള ഒരു ദേഹമാകുന്നു. ഇംഗ്ലീഷിൽ നല്ല പഠിപ്പും വ്യവഹാരശാസ്ത്രത്തിൽ നല്ല അറിവും ഉള്ള ഒരു ആളായിരുന്നു.
രാഘവമേനോൻ :- അതെ , ആ നോട്ടീസ്സ് അയച്ചിട്ട് ഇപ്പോൾ ദിവസം കുറെ അധികമായല്ലോ. എന്താണ് അവർ വ്യവഹാരം കൊടുക്കുന്നില്ലെ ? കണ്ടന്മാമന് നല്ല തരമായല്ലോ.
കണ്ടൻമേനോൻ :- നിശ്ചയമായി കൊടുക്കുന്നു. അന്യായഹർജി എഴുതി തരണം. അതിനായിട്ടാണ് ഞാൻ വന്നത്. ഈ അന്യായം കൊടുക്കുന്നത് "റില്ലി" ആക്ട് പ്രകാരമല്ലേ വേണ്ടത് ?
രാ :- എന്താക്ട് ? എന്നു പറഞ്ഞ് കുറെ ചിറിച്ചു.
ക :- നിങ്ങൾ ഇംഗ്ലീഷിൽ പറയുന്ന പേര് ഒരുവിധത്തിൽ ഞാൻ പറഞ്ഞതാണ് "റില്ലി" "റില്ലി" ആക്ട്. റില്ലി ആക്ട് എന്ന് ഒരാക്ട് ഇല്ലേ ?
രാഘവമേനോൻ ചിരിച്ചു. ഇയാൾ എന്താക്ടിനെ കുറിച്ചാണു പറയുന്നത് എന്നു തനിക്കു ഒട്ടും തന്നെ മനസ്സിലായില്ല.
രാ :- ഇത് മഹാ ദുർഘടംതന്നെ . എന്ത് "റില്ലി" ആക്ട്. ഞാൻ ഇങ്ങിനെ ഒരാക്ട് ഇംഗ്ലീഷിൽ കേട്ടിട്ടേ ഇല്ല. ഈ ആക്ടിനു മലയാളത്തിൽ പേരില്ലേ ?
ക :- മലയാളത്തിൽ പ്രത്യേക നിവൃത്തി ആക്ട് എന്നു പേർ കേട്ടിട്ടുണ്ട്.
രാ :- ശിക്ഷ , ശിക്ഷ. നിങ്ങൾ ഇങ്ങിനെ സംസാരിച്ചുതുടങ്ങിയാൽ ഇംഗ്ലീഷ് അറിയുന്ന ആളുകളെല്ലാം അമ്പരന്നുപോകും. എന്തു കഥയാണ്. ഹെ , ഇതു സ്പെസിഫിക്ക് റിലീഫ് ആക്ട് എന്ന ആക്ടിനെ "റില്ലി" അക്ട് , "റില്ലി" ആക്ട് എന്നു പറയുന്നത് വളരെ സങ്കടം തന്നെ. പിന്നെ മലയാളത്തിൽ പേർ തർജ്ജമാക്കീട്ടുണ്ടല്ലോ. തർജ്ജമയാക്കിയതും നല്ലമാതിരിയിലാണ്. "പ്രത്യേകനിവൃത്തി ആക്ട്" എന്നു മലയാളത്തിൽ പേർ വിളിച്ചിരിക്കുന്നു. ഇതിനു് "റില്ലി" ആക്ട് എന്നു പേർ പറയുന്നത് എന്തോരു കഷ്ടമാണ്. ഈ ആക്ട് പ്രകാരമോ വ്യവഹാരം കൊടുക്കുന്നത്. എന്റെ നോട്ടിസ്സിൽ കാണിച്ച സംഗതി ഈ വിധമല്ല. കുട്ടിയെ സംരക്ഷിപ്പാനുള്ള ചിലവ് വാങ്ങി കിട്ടുവാനുള്ള ഒരു വ്യവഹാരം കൊടുക്കുമെന്നാകുന്നു.