ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തല്ലി എല്ലൊടിക്കണമെന്നാണ് അച്ചന്റെ കല്പന. ആ പ്രദേശത്തുള്ള സകല മനുഷ്യനും ഈ അച്ചനെ ഏകചക്രയിലെ നിവാസികൾ ബകനെ ഭയപ്പെട്ടതുപോലെ ഭയപ്പെട്ട് ഇദ്ദേഹത്തിന്റെ സകല കല്പനകളേയും അത്യാദരവോടെ നടത്താൻ ഒരുങ്ങിയിരിക്കുന്നവരായിരുന്നു. എടത്തിലെ വർത്തമാനങ്ങൾ പട്ടർക്കും നല്ല അറിവുണ്ട്. പിന്നെ സമർത്ഥനായ ശങ്കരന്റെ ബാധയും കലശലായി ഉണ്ട്. തന്റെ സ്വന്തമായി ചില ആലോചനകൾപ്രകാരം കാർയ്യം വരുന്നതിന് ഇപ്പോൾ കൊടുത്ത കല്പന താമസം വരുന്നതുപോലെ പട്ടർക്കു തോന്നി. ഈ സംഗതികളാൽ വൈത്തിപ്പട്ടർക്കു രാമൻമേനോന്റെ കല്പന വളരെ ബോദ്ധ്യമായില്ല. എങ്കിലും കല്പിച്ചപ്രകാരം തന്നെ പ്രവർത്തിക്കാൻ ഉറച്ചു രാമൻമേനോൻ ശങ്കരന്റെ പക്കൽ സ്വകാര്യമായി ഒരു എഴുത്ത് പൂഞ്ചോലക്കരഅച്ചന് എഴുതിക്കൊടുത്തു. ശങ്കരനും വൈത്തിപ്പട്ടരും പൂഞ്ചോലക്കര എടത്തിലേക്ക് പുറപ്പെട്ടു പോവുകയും ചെയ്തു.

പുറപ്പെട്ട ദിവസം പകൽ നാലരമണിസമയത്ത് ഇവര് രണ്ടുപേരും എടത്തിന്റെ ഒരു മൂന്നു നാഴിക സമീപമെത്തി. വൈത്തിപ്പട്ടർക്ക് കാൽ മുമ്പോട്ട് പോവാതായിത്തുടങ്ങി.

വൈ:- ശങ്കരാ , എനി ഞാൻ ഇവിടെ എങ്ങാനും താമസിക്കും. ഇവിടുന്ന് എനി ഒന്നര-രണ്ടു നാഴിക വഴിയേ ഉള്ളു. എടത്തിലേക്കു വഴി ഇതു തന്നെയാണ്. നേരെ നടന്നാൽ എടത്തിലെ പടിഉമ്രത്തു എത്തും. എനിക്കു ഇത്രത്തോളം വരാൻ തന്നെ ഭയമായിരിക്കുന്നു. അപ്പാ , ഈ പ്രദേശം എല്ലാം എടംവക ജന്മമാണ്. രണ്ടുമൂന്നുനാഴിക മുമ്പെ നുമ്മൾ ഒരു പുഴ കടന്നില്ലേ , അതിനിപ്പുറം കണ്ട സകല ഭൂമികളും എടം വകയാണ്. അവരുടെ ആൾക്കാരും കുടിയാന്മാരും ആശ്രിതന്മാരുമല്ലാതെ ഈ ദിക്കിൽ ആരും ഇല്ല. എന്റെ ഒരു ബന്ധുവിന്റെ മഠം ഇവിടെ സമീപം ഉണ്ട്. ഞാൻ അവിടേക്കു പോയി ഗൂഢമായി ഇന്ന് അവിടെ താമസിക്കാം. ശങ്കരൻ ഇന്ന് എടത്തിന്നു സമീപമുള്ള വല്ല മഠങ്ങളിലും താമസിച്ച് രാവിലെ എഴുത്തുകൊടുത്ത് ഇങ്ങോട്ട് മടങ്ങിക്കോളു. ഞാൻ നാളെ ഊണു കഴിഞ്ഞ് ഈ അരയാലിന്റെ ചുവട്ടിൽ ശങ്കരൻ മടങ്ങി വരുന്നതുവരെ ഇരിക്കാം.

ശ:-നേരം അസ്തമനത്തിന് അടുത്തുവല്ലൊ. രാത്രിയിൽ സ്വാമിയെ ആരു കണ്ടറിയുന്നു. നോക്ക് ഉപായത്തിൽ ഇന്ന് എടത്തിന്റെ സമീപം എങ്ങാനും താമസിക്കുന്നതല്ലെ നല്ലത്. വെളിച്ചയാവാൻ നാലഞ്ചുള്ളപ്പോൾ നിങ്ങൾ ഈ സ്ഥലത്തേക്കു തന്നെ മടങ്ങിക്കൊള്ളിൻ , അതല്ലേ നല്ലത്.

"https://ml.wikisource.org/w/index.php?title=താൾ:Sarada.djvu/24&oldid=169827" എന്ന താളിൽനിന്ന് ശേഖരിച്ചത്