കല്യാണി അമ്മ:- നിങ്ങൾ ഈ നിസ്സഹായമായ സ്ഥിതിയിൽ ആയല്ലോ. എന്റെ രോഗം ഭേദമാകുമെന്ന് തോന്നുന്നില്ലാ. ഞാൻ നിമിത്തം നിങ്ങൾക്കു വലിയ ഒരു ഭാരവും വന്നുചേർന്നു. എന്തുചെയ്യാം, നിവൃത്തി ഇല്ലല്ലോ.
രാമൻമേനോൻ:- ഇങ്ങിനെ പറയുന്നത് എന്താണ്? നിണക്ക് ഈ ദീനം നിമിത്തം അപകടം ഒന്നും വരാൻ സംഗതി ഇല്ല. രണ്ടു നാലു ദിവസങ്ങൾക്കുള്ളിൽ ദേഹസൗഖ്യം വന്ന് നുമ്മൾക്കു സുഖമായി ഇവിടെനിന്നു പുറപ്പെട്ടു നാട്ടിൽ ചെന്നുചേരാം. നീ മനസ്സിനെ ഇങ്ങിനെ വിഷാദിപ്പിക്കരുത്. രോഗിക്കു മനസ്സിനു സുഖക്കേടോ, ഭയമോ ഉണ്ടാവുന്നതു രോഗവർദ്ധനയ്ക്കു ഹേതുവായി വരും.
കല്യാ:- എനിക്കു ഭയം യാതൊന്നിലുമില്ല. മനസ്സിന്നു സുഖക്കേടുണ്ടാവുന്നതിന് എന്താണു നിവൃത്തി? എനിക്കു മലയാളത്തിൽ ചെന്നുചേരണമെന്ന് അശേഷം ആഗ്രഹമില്ല. നിങ്ങളുടെ കൂടെ ഇരിക്കുമ്പോൾ എല്ലാ സ്ഥലവും സ്വദേശംപോലെതന്നെ എനിക്കു തോന്നുന്നു. എന്റെ ദീനം ഭേദമായി ഇവിടെനിന്നു നുമ്മൾക്കു പുറപ്പെടാറാവുമെന്ന് എനിക്കു തോന്നുന്നില്ല; ശാരദയെ വിചാരിച്ചിട്ട് അല്ല ഞാൻ വ്യസനിക്കുന്നത്. ശാരദയെപ്പറ്റി നിങ്ങൾ ജീവിച്ചിരിക്കുമ്പോൾ എനിക്കു യാതൊരു സംഗതിയിലും വ്യസനിപ്പാനാവശ്യമില്ല.