"വിളിക്കു്" എന്ന് അച്ചൻ പറയുമ്പോഴേക്കു ശങ്കുനമ്പി അച്ചന്റെ മുമ്പിൽ എത്തി.
അ:- ഒരു എഴുത്തു വായിച്ചു കേട്ടുവോ ?
ശ:- കേട്ടു.
അ:- ആ എഴുത്തു കൊണ്ടുവന്ന നായെ പിടിച്ച് അകത്തുകൊണ്ടുവരട്ടെ. തല്ലി എല്ലൊടിച്ചു വിടട്ടെ. അതാണ് ഇങ്ങനെയുള്ള എഴുത്തിന്റെ മറുപടി. വളരെ മാനം മര്യാദയോടുകൂടി ഇരിക്കുന്ന നമ്മെ അവമാനിച്ചതു കണ്ടില്ലേ. എന്താണു ശങ്കുനമ്പി ഒന്നും പറയാത്തതു്. ആ നായയെ പിടിച്ചുകൊണ്ടു വരാൻ പറയു.
ശ:- പറയാം: ആ എഴുത്തു കൊണ്ടുവന്ന ചെക്കൻ വളരെ കുറുമ്പുകാരനാണെന്നു് എനിക്കു അവനെ കണ്ടപ്പോൾ തന്നെ തോന്നി. എന്നാൽ അവനു് ഈ എഴുത്തിലെ സംഗതി ഒന്നും അറിവില്ലാ എന്നു തോന്നുന്നു.
അ:- പിടിച്ചുകൊണ്ടുവരുവാൻ പറയു. എവിടെ ആരാണു്. അവിടെ ആ എഴുത്തു കൊണ്ടുവന്നവനെ പിടിച്ചു് അകത്തുകൊണ്ടുവരട്ടെ; വേഗം കൊണ്ടുവരട്ടെ.
ഈ വാക്കു കേട്ടപ്പോൾ രണ്ടുനാലു ഭൃത്യൻമാർ ശങ്കരനെ തിരയുവാൻ പുറത്തേക്കു ഓടി. "ആ എഴുത്തുകൊണ്ടുവന്ന നായയെ തല്ലട്ടെ" എന്നു് ഒന്നാമതു് അച്ചൻ പറഞ്ഞ വാക്കുകൾ ആ നിമിഷത്തിൽ പടിപ്പുരയിൽ "ടിലഫൊൻ" എന്ന യന്ത്രശക്തിയിൽകൂടി അറിയുന്ന വേഗത്തിൽ നുണ പറയുന്നതിൽ സമർത്ഥന്മാരായ ഭൃത്യവർഗ്ഗങ്ങളുടെ മുഖത്തിൽനിന്നു കേട്ട് ശങ്കരൻ എടത്തിൽനിന്നു് ഓടിയിരിക്കുന്നു. തിരയാൻ പുറത്തേക്കു ചാടിയ ആളുകൾ "അയാളെ ഇവിടെ എങ്ങും കാണാനില്ല" എന്നു പറഞ്ഞു് അകത്തേക്കു തന്നെ മടങ്ങിച്ചെന്നു.
അ:- എന്താണു്, ശങ്കുനമ്പി അവനെ ഒളിപ്പിച്ചു എന്നു തോന്നുന്നു.
ശ:- ഞാൻ എന്തിനു് അവനെ ഒളിപ്പിക്കുന്നു. അവനു രണ്ടു തല്ലു് കിട്ടണമെന്നു തന്നെയാണു് എനിക്കും ആഗ്രഹം.
അ:- ഈ കാണിച്ച ധിക്കാരത്തിനു് ഉത്തരം ചോദിക്കേണ്ട , എന്നാണ് ശങ്കുനമ്പി വിചാരിക്കുന്നതു്. ഇത്രത്തോളം പറയുമ്പോഴേക്ക് രാഘവനുണ്ണി അകായിൽനിന്നു പുറത്തേക്കു വന്നു ജ്യേഷ്ഠന്റെ മുമ്പാകെ ചെന്നുനിന്നു.
അ:- രാഘവൻ എഴുത്തു വായിച്ചതു കേട്ടില്ലേ, നുമ്മളുടെ ഈ